ഗോരഖ്പുര്‍ അര്‍ബനിൽ യോഗിക്കെതിരെ ചന്ദ്രശേഖര്‍ ആസാദിന് ദയനീയ തോൽവി
Mail This Article
ലക്നൗ∙ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പുര്‍ അര്‍ബന്‍ നിയമസഭാ മണ്ഡലത്തില്‍ ആസാദ് സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദയനീയമായി പരാജയപ്പെട്ടു. 1,20,610 വോട്ടുകള്‍ക്ക് യോഗി ആദിത്യനാഥ് വിജയിച്ചു. ആസാദ് സമാജ് പാര്‍ട്ടി സ്ഥാപകനായ ചന്ദ്രശേഖര്‍ ആസാദിന് 6139 വോട്ടുകളെ നേടാനായുള്ളൂ. എസ്പി സ്ഥാനാര്‍ഥി സുഭാവതി ശുക്ല 47232 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചേത്ന പാണ്ഡെ 1942 വോട്ടുകളും നേടി.
2017ലും 2012ലും ഗോരഖ്പുര്‍ അര്‍ബന്‍ മണ്ഡലത്തില്‍ ബിജപിയാണ് ജയിച്ചത്. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി. 2017ല്‍ 1,22,221 വോട്ടുകളും 2012ല്‍ 81,148 വോട്ടുകളും രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ നേടിയിരുന്നു.
ഭീം ആര്‍മി സ്ഥാപകരിലൊരാളുമായ ചന്ദ്രശേഖര്‍ ആസാദ്, 2020ലാണ് ആസാദ് സമാജ് പാര്‍ട്ടി സ്ഥാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. യോഗി ആദിത്യനാഥ് നിയമസഭയില്‍ എത്തരുത് എന്നത് തനിക്ക് പ്രധാനമാണെന്നും അതുകൊണ്ട് അദ്ദേഹം എവിടെ മത്സരിച്ചാലും താന്‍ എതിരെ മത്സരിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് തിരഞ്ഞെടുപ്പിനു മുന്‍പ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ എസ്പിയുമായി ശ്രമിച്ചെങ്കിലും നടന്നില്ല.
2017 മേയില്‍ സഹരന്‍പുരില്‍ ദലിതരും ഠാക്കൂര്‍ വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഭീം ആര്‍മി വാര്‍ത്തകളില്‍ ഇടം നേടിയത്. ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദ്, 16 മാസത്തെ ജയില്‍വാസത്തിന് ശേഷം 2018 സെപ്റ്റംബറില്‍ മോചിതനായി. ഹത്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നു. ഇരയുടെ കുടുംബത്ത് 'വൈ' ലെവല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി ഗാസിപുര്‍ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കൊപ്പം ആസാദും പങ്കെടുത്തിരുന്നു.
English Summary: Uttar Pradesh Assembly Election Results 2022, Chandrashekhar Azad