ADVERTISEMENT

ലക്‌നൗ∙ രണ്ടു തവണയായി എസ്പിയുടെ മണ്ഡലമായ കൈരാന പിടിക്കാന്‍ ഹിന്ദുക്കളുടെ പലായന വിഷയം ഉള്‍പ്പെടെ ബിജെപി പ്രചാരണ വിഷയമാക്കിയെങ്കിലും ഫലമുണ്ടായില്ല. ഷാംലി ജില്ലയിലെ കൈരാന മണ്ഡലത്തില്‍ എസ്പി സ്ഥാനാര്‍ഥി നഹിദ് ഹസന്‍ 1,29,791 വോട്ടുകള്‍ നേടി ജയിച്ചു. ബിജെപി സ്ഥാനാര്‍ഥി മൃഗങ്ക സിങ് 93,109 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹജി അഖ്‌ലക് 1481 വോട്ടുകളും നേടി. 

ബിജെപി നേതാവ് ഹുക്കും സിങ്ങിന്റെ മകളാണ് മൃഗങ്ക സിങ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ ബിജെപിയുടെ വമ്പന്‍ താരനിരയാണ് ഇവിടെ പ്രചാരണത്തിന് എത്തിയിരുന്നത്. അമിത് ഷാ വീടുകള്‍ കയറിയിറങ്ങി വോട്ട് തേടി. 2017ലും 2014 ലെ ഉപതിരഞ്ഞെടുപ്പിലും എസ്പിയുടെ നഹിദ് ഹസന്‍ ആണ് ജയിച്ചത്. 2017ല്‍ നഹിദ് ഹസന്‍ 98,830 വോട്ടുകള്‍ നേടിയിരുന്നു. 2012ലും 2007ലും ബിജെപിയുടെ ഹുക്കും സിങ്ങാണ് ജയിച്ചത്.

കൈരാനയില്‍നിന്ന് ഹിന്ദുക്കളുടെ പലായനത്തിന് സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിക്കപ്പെടുന്ന നഹിദ് ഹസനെ, നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന്റെ പിറ്റേന്ന് ഗുണ്ടാ നിയമപ്രകാരം യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 17ലധികം കേസുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ ജയിലില്‍ കഴിയുന്ന ഹസനുവേണ്ടി സഹോദരി ഇഖ്‌റ ചൗധരിയാണ് പ്രചാരണം നടത്തിയത്.

എസ്പിയും ബിജെപിയും ഉറ്റുനോക്കിയ നിയമസഭാ സീറ്റുകളിലൊന്നാണ് കൈരാന. 2013ലെ മുസാഫര്‍നഗർ കലാപത്തിനു ശേഷമാണ് കൈരാന വാര്‍ത്തകളില്‍ ഇടം നേടിയത്. എസ്പിയുടെ ഭരണകാലത്ത് പ്രദേശത്തെ ഹിന്ദുക്കളുടെ കൂട്ട പലായനം ബിജെപി ഉയര്‍ത്തിയതോടെയാണ് കൈരാന പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ന്നുവന്നത്.

2016ല്‍ കൈരാനയുടെ അന്നത്തെ എംപിയായിരുന്ന ഹുക്കും സിങ്, കൈരാനയില്‍നിന്ന് പലായനം ചെയ്ത 346 ഹിന്ദുക്കളുടെ പട്ടിക പുറത്തുവിട്ടു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ആരോപണങ്ങള്‍ വലിയ വാര്‍ത്തയായി. തിരഞ്ഞെടുപ്പില്‍ കൈരാന ലോക്‌സഭാ സീറ്റിനു കീഴിലുള്ള നാല് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നെണ്ണം (ഗംഗോ, താന ഭവന്‍, ഷാംലി) ബിജെപി നേടുകയും ചെയ്തു. നാലാമത്തേതായ കൈരാനയില്‍ എസ്പി വിജയിച്ചു.

English Summary: Uttar Pradesh Assembly Election Results 2022, Kairana Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com