കന്നിയങ്കം ജയിച്ച്, യോഗിയുടെ രണ്ടാമൂഴം; മെച്ചപ്പെട്ട് എസ്പി, തകർന്ന് കോൺഗ്രസ്
Mail This Article
ലക്നൗ∙ ഉത്തർപ്രദേശിലെ 403 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 275 സീറ്റുകൾ നേടി എൻഡിഎയ്ക്ക് ഭരണത്തുടർച്ച. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി 256 സീറ്റിലും സഖ്യകക്ഷികളായ അപ്‌നാദൾ 12 സീറ്റിലും നിഷാദ് പാർട്ടി 7 സീറ്റിലും വിജയിച്ചു. തന്റെ കന്നിയങ്കത്തിൽ ഗോരഖ്പുർ അർബനിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചരിത്രവിജയം നേടി.
110 സീറ്റുകൾ സ്വന്തമാക്കിയ സമാജ്‌വാദി പാർട്ടി നില മെച്ചപ്പെടുത്തി മുഖ്യ പ്രതിപക്ഷമായി. എസ്പിയുടെ സഖ്യകക്ഷികളായ രാഷ്ട്രീയ ലോക് ദൾ (ആർഎൽഡി) 8, എസ്ബിഎസ്പി 6 എന്നിങ്ങനെ സീറ്റുകൾ നേടി.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ സ്വന്തമാക്കിയ മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടി ഇത്തവണ ഒരു സീറ്റിൽ ഒതുങ്ങി. കോൺഗ്രസിനാകട്ടെ വെറും രണ്ടു സീറ്റിൽ സംതൃപ്തരാകേണ്ടി വന്നു. സഖ്യമില്ലാതെ മത്സരിച്ച ജെഡിഎല്ലിന് 2 സീറ്റ് ലഭിച്ചു.
എക്സിറ്റ് പോൾ ഫലങ്ങളെ ശരിവച്ചുകൊണ്ടാണ് അന്തിമഫലം പുറത്തുവന്നത്. തിങ്കളാഴ്ച പുറത്തുവന്ന ബഹുഭൂരിപക്ഷം സർവേകളും സംസ്ഥാനത്തു ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, 403 അംഗ സഭയിൽ സീറ്റുകളുടെ എണ്ണത്തിൽ അൽപം കുറവുവരും എന്നത് ഒഴിച്ചാൽ ബിജെപിക്ക് കാര്യമായ അപകടമില്ല എന്നായിരുന്നു പ്രവചനം.
English Summary: Uttar Pradesh Assembly Election Results 2022 Live Updates