കോണ്‍ഗ്രസ് കോട്ടയായ റായ്ബറേലിയിൽ എസ്പിയും ബിജെപിയും
Mail This Article
ലക്‌നൗ∙ കോണ്‍ഗ്രസിന്റെ കോട്ടയായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സമാജ്‌വാദി പാർട്ടിയും ബിജെപിയും മുന്നിൽ. റായ്ബറേലി ലോക്‌സഭാ മണ്ഡലം ഉള്‍പ്പെടുന്ന റായ്ബറേലി ജില്ലയിലെ 6 സീറ്റുകളില്‍ 4 സീറ്റിൽ സമാജ്‌വാദി പാർട്ടിയും 2 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. ബച്ചരവാന്‍, ഹര്‍ചന്ദ്പുര്‍, സറേനി, ഉഞ്ചഹാര്‍ സീറ്റുകളിലാണ് എസ്പി ജയിച്ചത്. സലോണ്‍, റായ്ബറേലി സീറ്റുകളിൽ ബിജെപി ജയിച്ചു.
റായ്ബറേലി സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി അതിഥി സിങ് 1,01,974 വോട്ടുകള്‍ക്ക് ജയിച്ചു. 2017ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി റായ്ബറേലിയില്‍ മത്സരിച്ച് ജയിച്ച അതിഥി ഈ വര്‍ഷം ബിജെപിയില്‍ ചേരുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മനീഷ് സിങ് ചൗഹാന്‍ 14,884 വോട്ടുകളും എസ്പി സ്ഥാനാര്‍ഥി റാം പ്രതാപ് യാദവ് 94,294 വോട്ടുകളും നേടി.
2017ല്‍ അതിഥി സിങ് 1,28,319 വോട്ട് നേടിയാണ് വിജയിച്ചത്. 1993 മുതല്‍ 2012 ലെ തിരഞ്ഞെടുപ്പ് വരെ അഖിലേഷ് കുമാര്‍ സിങ്ങിന്റെ കോട്ടയായിരുന്നു റായ്ബറേലി നിയമസഭാ മണ്ഡലം. 1993 മുതല്‍ 2002 വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും 2007 ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായും 2012 ല്‍ പീസ് പാര്‍ട്ടി ഓഫ് സ്ഥാനാര്‍ഥിയായുമാണ് അഖിലേഷ് കുമാര്‍ സിങ് മത്സരിച്ച് ജയിച്ചത്. 2004 മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ലോക്സഭ മണ്ഡലമാണ് റായ്ബറേലി.
English Summary: Uttar Pradesh Assembly Election, Raebareli Results