ബിജെപി വിട്ട് എസ്പിയിൽ ചേർന്ന മുൻമന്ത്രി സ്വാമി പ്രസാദ് മൗര്യ തോറ്റു
Mail This Article
ലക്നൗ∙ ബിജെപി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയും പിന്നാക്ക വിഭാഗത്തിൽനിന്നുള്ള പ്രമുഖ നേതാവുമായ സ്വാമി പ്രസാദ് മൗര്യയ്ക്ക് യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോൽവി. കുശിനഗര്‍ ജില്ലയിലെ ഫാസില്‍നഗറില്‍ നിന്ന് എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച മൗര്യ, ബിജെപി സ്ഥാനാര്‍ഥി സുരേന്ദ്ര സിങ് കുശ്വാഹയോടാണ് തോറ്റത്. സുരേന്ദ്ര സിങ് കുശ്വാഹ 81,996 വോട്ടുകൾക്ക് വിജയിച്ചു. മൗര്യയ്ക്ക് 48,944 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ സിങ് 1761 വോട്ടുകളും ആം ആദ്മി പാര്‍ട്ടി (എഎപി) സ്ഥാനാര്‍ഥി ഹരീഷ് ചന്ദ്ര യാദവ് 163 വോട്ടുകളും നേടി.
2017ലെയും 2012ലെയും തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ ഗംഗ സിങ് കുശ്വൻഹയാണ് ഫാസില്‍നഗറില്‍ ജയിച്ചത്. 2007ലെ തിരഞ്ഞെടുപ്പിൽ എസ്പിയുടെ വിശ്വാനന്ദ് ജയിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള ഭിന്നതകളെക്കുറിച്ച് സ്വാമി പ്രസാദ് മൗര്യ ദേശീയ നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. തുടര്‍ന്നും നടപടിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് ബിജെപിയില്‍നിന്ന് രാജിവച്ചത്. ഒരുകാലത്തു മായാവതിയുടെ വിശ്വസ്തനായിരുന്ന മൗര്യ, 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് ബിജെപിയിലെത്തിയത്. നേരത്തേ അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു.
2012ലെയും 2017ലെയും തിരഞ്ഞെടുപ്പുകളിൽ മൗര്യ, പദ്രൗന മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്. 2012ല്‍ ബിഎസ്പി സ്ഥാനാർഥിയും 2017ൽ ബിജെപി സ്ഥാനാർഥിയുമായിരുന്നു.
English Summary: Uttar Pradesh Assembly Election Results 2022, Swami Prasad Maurya