ഉന്നാവ് നിലനിർത്തി ബിജെപി; പങ്കജ് ഗുപ്തയ്ക്ക് 3–ാം ജയം
Mail This Article
ലക്‌നൗ∙ ഉത്തര്‍പ്രദേശിലെ ഉന്നാവ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പങ്കജ് ഗുപ്ത 1,07,660 വോട്ടുകൾ നേടി ജയിച്ചു. 1993 മുതല്‍ എസ്പിയും ബിഎസ്പിയും വിജയിച്ചിരുന്ന ഉന്നാവ് മണ്ഡലം 2014ല്‍ പങ്കജ് ഗുപ്ത പിടിച്ചെടുക്കുകയായിരുന്നു. 2017ല്‍ 1,19,669 വോട്ട് നേടിയാണ് പങ്കജ് ഗുപ്ത വിജയിച്ചത്.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച, ഉന്നാവ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് 1279 വോട്ടുകള്‍ ലഭിച്ചു. എസ്പി സ്ഥാനാര്‍ഥി അഭിനവ് കുമാര്‍, ബിഎസ്പി സ്ഥാനാര്‍ഥി ദേവേന്ദ്ര സിങ് എന്നിവര്‍ക്ക് യഥാക്രമം 82,807, 14,293 വോട്ടുകൾ ലഭിച്ചു. ഉന്നാവ് ജില്ലയിലെ ആറു സീറ്റുകളിലും (ബന്‍ഗര്‍മൗ, സഫിപുര്‍, മോഹന്‍, ഉന്നാവ്, ബഗ്വാനന്ത് നഗര്‍, പുര്‍വ) ബിജെപി ജയിച്ചു. 2017ലും ബിജെപി ആറു സീറ്റുകളിലും ജയിച്ചിരുന്നു.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ തുടക്കകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ഉന്നാവ് പീഡനകേസ്. 2017 ജൂണിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശില്‍ നാലുവട്ടം എംഎല്‍എയായിരുന്ന ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
2018ല്‍ പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. 2019 ജൂണ്‍ 28ന് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് 2 ബന്ധുക്കള്‍ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പീഡന കേസില്‍ കുല്‍ദീപിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
English Summary: Uttar Pradesh Assembly Election Results 2022 – Unnao Assembly Constituency