തമ്മിൽത്തല്ലാൻ ഇനി ഇടവും നേരവുമുണ്ടോ; കോൺഗ്രസിന് പിഴച്ചതെവിടെ, ഭാവിയെന്ത്?
Mail This Article
എന്താവും ദേശീയ രാഷ്ട്രീയത്തില്‍ ഇനി കോൺഗ്രസിന്റെ ഭാവി? തമ്മിൽത്തല്ല് മൂലം ഏതു നിമിഷവും അധികാരം നഷ്ടപ്പെട്ടേക്കാവുന്ന രണ്ടു സംസ്ഥാനങ്ങളിൽ മാത്രം ഭരണം, പാർട്ടിയെ മുന്നോട്ടു നയിക്കാനോ പാർട്ടിക്കാര്യങ്ങൾ വിശദീകരിക്കാനോ തലപ്പൊക്കമുള്ള നേതാക്കളില്ല. ഉള്ളവർക്കാകട്ടെ, കാര്യമായ മിണ്ടാട്ടവുമില്ല. ഒരു കാലത്ത് കോൺഗ്രസ് എന്നാൽ അതിശക്തരായ പ്രാദേശിക നേതാക്കളുടെ കൂട്ടായ്മ കൂടി ആയിരുന്നെങ്കിൽ അവരൊക്കെ ഇന്ന് ബിജെപിയില്‍ ചേക്കേറിയിരിക്കുന്നു. അങ്ങനെയിരിക്കെ അധികാരമുണ്ടായിരുന്ന പഞ്ചാബിൽനിന്നു കൂടി കോൺഗ്രസ് പുറത്തായിരിക്കുന്നു, അതും പുത്തൻകൂറ്റുകാരായ ആം ആദ്മി പാർട്ടിക്ക് മുന്നിൽ.
കഴിഞ്ഞ വര്‍ഷം മധ്യത്തോടെ അന്ന് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരിന്ദർ സിങും, അഞ്ചു വർഷം മുൻപു മാത്രം ബിജെപിയില്‍നിന്ന് കോൺഗ്രസിലെത്തിയ മുൻ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള ശീതസമരം മൂർധന്യത്തിലെത്തിയിരുന്നു. ക്യാപ്റ്റനെ മാറ്റണമെന്ന ആവശ്യവുമായി ദിവസങ്ങളോളം ഡൽഹിയിൽ തമ്പടിച്ച സിദ്ദുവിനെ കാണാൻ പക്ഷേ രാഹുൽ ഗാന്ധി കൂട്ടാക്കിയുമില്ല. ഇതിനിടെ ‘ഗാന്ധിമാരു’മായി സിദ്ദുവിന്റെ കൂടിക്കാഴ്ച നടന്നുവെന്ന വാർത്തകൾ പരന്നു. പക്ഷേ തനിക്ക് ഇത്തരം കൂടിക്കാഴ്ചയെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് രാഹുൽ തന്നെ വ്യക്തമാക്കി.
കാരണം, അതിനു കുറച്ചുനാൾ മുൻപാണ് പഞ്ചാബിലെ പ്രശ്നപരിഹാരത്തിന് ഹൈക്കമാൻഡ് നിയോഗിച്ച കമ്മിറ്റിക്ക് മുൻപാകെ ഹാജരായ ശേഷം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ കാണാതെ ക്യാപ്റ്റൻ മടങ്ങിയത്. ക്യാപ്റ്റനുമായി ഇല്ലാത്ത ഒരു കൂടിക്കാഴ്ചയോ സിദ്ദുവുമായി? സിദ്ദു അതിനടുത്ത ദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമൊത്തുള്ള ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഏവരെയും ഞെട്ടിച്ചു. അടുത്ത മാസം സിദ്ദു സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിതനായി.
അതിനും രണ്ടു മാസങ്ങൾക്ക് ശേഷം ഹൈക്കമാന്‍ഡിൽനിന്നുള്ള നിരന്തര അവഗണനയും അവഹേളനവും ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ മുഖ്യമന്ത്രി പദമൊഴിഞ്ഞു. മുഖം മിനുക്കി തിരഞ്ഞെടുപ്പിനെ നേരിടാമെന്ന കണക്കുകൂട്ടലിൽ ക്യാപ്റ്റനെ മാറ്റാന്‍ കോൺഗ്രസും തീരുമാനിച്ചിരുന്നു. രാജീവ് ഗാന്ധിയുടെ ബാല്യകാല സുഹൃത്തും 1980 മുതൽ കോൺഗ്രസിന്റെ ഭാഗമായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ളയാളുമാണ് ക്യാപ്റ്റൻ. ബ്ലൂസ്റ്റാർ ഓപ്പറേഷന്റെ പേരിൽ കുറച്ചുകാലം കോൺഗ്രസ് വിട്ടതൊഴിച്ചാൽ പാർട്ടിയുടെ അവശേഷിച്ച ശക്തരായ അപൂർവം പ്രാദേശിക നേതാക്കളിൽ ഒരാൾ. 2017ൽ അകാലി–ബിജെപി സഖ്യത്തിനെതിരെ ഒറ്റയ്ക്ക് പട നയിച്ച് കോൺഗ്രസിനെ അധികാരത്തിലെത്തിച്ച ആൾ, ക്യാപ്റ്റന് ഇങ്ങനെ പല വിശേഷണങ്ങളുമുണ്ടായിരുന്നെങ്കിലും പതിയെ ജനവിരുദ്ധ വികാരം ഉയരുന്നുണ്ടായിരുന്നു. ഇതിനൊപ്പമായിരുന്നു സിദ്ദുവിന്റെ പടയൊരുക്കവും.
മുഖ്യമന്ത്രി സ്ഥാനം മാത്രമല്ല, കോൺഗ്രസ് അംഗത്വവും ഉപേക്ഷിച്ച് ക്യാപ്റ്റൻ ബിജെപി ലാവണത്തിൽ അഭയം കണ്ടെത്തി. ക്യാപ്റ്റന്‍ പോയപ്പോൾ പഞ്ചാബിലെ നിർണായകമായ ജാട്ട് സിഖ് സമുദായക്കാർ കൂടിയാണ് കോൺഗ്രസ് വിട്ടത്. മറ്റൊരു ജാട്ട് സിഖ് സമുദായക്കാരനായ ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് മാനിനു പിന്നിൽ അവർ അണിനിരക്കുകയും ചെയ്തു. യുപി കഴിഞ്ഞാൽ രാജ്യത്തേറ്റവുമധികം ദലിതർ താമസിക്കുന്നത് പഞ്ചാബിലാണ്. ദലിത് സമുദായത്തിൽ നിന്നുള്ള ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കി അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾ കോൺഗ്രസ് പയറ്റിയെങ്കിലും വൈകിപ്പോയി. ദേശീയ നേതൃത്വത്തിന്റെ കഴിവില്ലായ്മയും താൽപര്യക്കുറവുമാണ് പഞ്ചാബ് തകർച്ചയുടെ കാരണമായി നിരീക്ഷകർ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്.
പഞ്ചാബിലേത് ഏറ്റവുമടുത്ത ഉദാഹരണമാണെങ്കിൽ മധ്യപ്രദേശില്‍ ഒറ്റയ്ക്കും കർണാടകത്തിൽ ജനതാദൾ–എസിനൊപ്പവും ഉണ്ടായിരുന്ന ഭരണമാണ് ബിജെപിക്ക് മുന്നിൽ നേരത്തേ കളഞ്ഞുകുളിച്ചത്. കൂടുതൽ സീറ്റുകളുള്ള തങ്ങളെ കാഴ്ചക്കാരാക്കി ഗോവയിലും മണിപ്പുരിലുമൊക്കെ ബിജെപി അധികാരം പിടിച്ചെടുക്കുന്നതും കോൺഗ്രസ് കണ്ടുനിന്നു. സഖ്യകക്ഷികൾക്കൊപ്പം ഭരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവ കഴിഞ്ഞാൽ തനിച്ചു ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്‌ഗഡുമാണ് കോൺഗ്രസ് ഭരിക്കുന്നത്.
∙ രാജസ്ഥാനും ഛത്തീസ്‌ഗഡും
പാർട്ടിയിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ അധികാര തർക്കങ്ങളും പരസ്പരമുള്ള പാരവയ്പുമൊക്കെ നിലനിൽക്കുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടും. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങൾ താൽക്കാലികമായി അടങ്ങി നിൽക്കുന്നത് ഹൈക്കമാൻഡിന്റെ നിരന്തരമായ ഒത്തുതീർപ്പുകൾക്കൊടുവിലാണ്. എന്നാല്‍ ഈ സമാധാനം ശാശ്വതമല്ല എന്ന് എല്ലാവർക്കുമറിയാം. പൈലറ്റിന് മുഖ്യമന്ത്രി പദത്തിന് അർഹതയുണ്ടെന്ന് പറയുമ്പോഴും ഗെലോട്ടിനെ പിണക്കിയാൽ പഞ്ചാബിലെ ഇപ്പോഴത്തെ അവസ്ഥയാകും രാജസ്ഥാനിലുമെന്ന് ഹൈക്കമാൻഡിനും ബോധ്യമുണ്ട്.
പൈലറ്റിനൊപ്പം രാഷ്ട്രീയം തുടങ്ങിയ ‘രാഹുൽ ബ്രിഗേഡി’ലെ മറ്റുള്ളവരൊക്കെ ബിജെപി ക്യാംപിലെത്തി. ജ്യോതിരാദിത്യ സിന്ധ്യയും ജിതിൻ പ്രസാദയും ഏറ്റവുമൊടുവിൽ ആർ.പി.എൻ. സിങ്ങും ബിജെപിയിലെത്തിയപ്പോൾ സുഷ്മിത ദേവും ലൂസിഞ്ഞോ ഫെലോറോയും തൃണമൂൽ കോൺഗ്രസിലെത്തി. പഞ്ചാബിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി കൂടിയായ അശ്വിനി കുമാർ സംസ്ഥാന തിരഞ്ഞെടുപ്പിന് തൊട്ടു മുൻപു പാർട്ടി വിട്ടാണ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചത്. പൈലറ്റ് മുൻപും കലാപക്കൊടി ഉയർത്തിയിരുന്നെങ്കിലും രാഹുലിന്റെയും പ്രിയങ്കയുടെയും വ്യക്തിപരമായ ഉറപ്പുകളുടെ പേരിലാണ് പൊട്ടിത്തെറിയിലേക്ക് പോകാത്തത് എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
സമാനമായ സാഹചര്യം തന്നെയാണ് ഛത്തീസ്ഗഡിലും. മുഖ്യമന്ത്രി ഭൂപേഷ് ബാഗലും സംസ്ഥാന ആരോഗ്യമന്ത്രി കൂടിയായ മുതിർന്ന നേതാവ് ടി.എസ്.സിങ് ഡിയോയും തമ്മിലുള്ള അധികാര തർക്കവും രൂക്ഷമാണ്. ഭരണം പകുതിയാകുമ്പോൾ ബാഗൽ മാറി ഡിയോയെ മുഖ്യമന്ത്രിയാക്കാം എന്ന കരാർ നിലവിലുണ്ടായിരുന്നു എന്നാണ് ആരോഗ്യമന്ത്രിയുടെ അനുയായികൾ പറയുന്നത്. ഈ തർക്കം പലതവണ ഡൽഹിയിലെത്തി. ഇതുവരെ ശാശ്വതമായ സമാധാനം ഉണ്ടായിട്ടില്ല.
∙ അഴിച്ചുപണിയണമെന്ന് ജി–23
കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി വേണമെന്നും മേൽത്തട്ടു മുതൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുക, പാർട്ടിക്ക് സ്ഥിര അധ്യക്ഷനോ അധ്യക്ഷയോ ഉണ്ടാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രമുഖരായ 23 നേതാക്കൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂര്‍ തുടങ്ങിയവരുൾപ്പെട്ട ഈ സംഘം അന്നു മുതൽ നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്. തങ്ങൾ വഴിവിട്ട കാര്യങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പാർട്ടിയെ മുന്നോട്ടു കൊണ്ടു പോകാനുള്ള സംവിധാനമാണ് വേണ്ടതെന്നും വിമർശനങ്ങളോട് പ്രതികരിച്ചു കപിൽ സിബൽ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
ഗ്രൂപ്പ് 23 നേതാക്കൾ മാത്രമല്ല, സാധാരണക്കാരും കേന്ദ്രനേതൃത്വത്തിന്റെ കാര്യക്ഷമതയില്‍ സംശയിച്ചു തുടങ്ങി എന്നതിന്റെ തെളിവാണ് പഞ്ചാബിലെ തകർച്ചയും യുപിയിൽ നിലംതൊടാതിരുന്നതും എന്ന വിമർശനവും വ്യാപകമാണ്. തിരഞ്ഞടുപ്പ് ഫലത്തെ മാനിക്കുന്നുവെന്നും എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കുമെന്നും രാഹുൽ പറഞ്ഞിട്ടുണ്ട്. മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ് പ്രവർത്തകർ.
English Summary: Issues, Crisis and future of Congress Party