ADVERTISEMENT

തിരുവനന്തപുരം∙ തൊഴിലില്ലായ്മ പരിഹരിക്കാൻ പുതിയ മേഖലകളിൽ സാധ്യതകൾ തുറന്നും നികുതി വരുമാന മാർഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയും 2022–23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ്. ഐടി, സ്റ്റാർട്ടപ്, കാർഷിക മേഖല, ഉന്നത വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യമേഖല തുടങ്ങിയ വിഭാഗങ്ങളിൽ പുതിയ പദ്ധതികളിലൂടെ പരമാവധി തൊഴിലവസരം വർധിപ്പിക്കുന്നതിനാണ് ബജറ്റില്‍ ഊന്നൽ നൽകിയിരിക്കുന്നത്. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി നീക്കിവയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

ജിഎസ്ടി വരുമാനം14.5 ശതമാനത്തിലെത്തിയതിലാണ് ധനമന്ത്രി പ്രതീക്ഷ പുലർത്തുന്നത്. മദ്യ നികുതിയും മോട്ടർ നികുതിയും ഇപ്പോള്‍ തന്നെ കൂടുതലായതിനാൽ മറ്റു മേഖലകളിലെ നികുതി വരുമാനമാണ് സർക്കാർ ലക്ഷ്യമിട്ടത്. അടിസ്ഥാന ഭൂനികുതി പരിഷ്കരിച്ചും എല്ലാ വിഭാഗങ്ങളിലുമുള്ള ഭൂമിയുടെ ന്യായവിലയിൽ 10% ഒറ്റത്തവണ വർധന നടപ്പിലാക്കിയും നികുതി വരുമാനം വർധിപ്പിക്കാനാണ് ശ്രമം. ഏറെക്കാലത്തിനുശേഷമാണ് ഭൂനികുതി വർധിപ്പിക്കുന്നത്. നികുതി കുടിശികൾക്കുള്ള ആംനസ്റ്റി പദ്ധതി മാറ്റങ്ങളോടെ നിലനിർത്തി.

ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ചെലവു ചുരുക്കലിന് പ്രത്യേക നിർദേശങ്ങളുമില്ല. വിലക്കയറ്റം അതിജീവിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി 2000 കോടിരൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. വിവാദങ്ങൾക്കിടയിലും സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപ ബജറ്റിൽ നീക്കിവച്ചു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് സർവകലാശാലകളുടെ സമഗ്രമായ മാറ്റത്തിനുതകുന്ന പദ്ധതികൾ ബജറ്റിലുണ്ട്. നാല് ഐടി ഇടനാഴികളാണ് ശ്രദ്ധേയമായ ഒരു പ്രഖ്യാപനം. ടെക്നോപാർക്ക് മൂന്നാംഘട്ടത്തിൽനിന്ന് കൊല്ലത്തേക്ക്, എറണാകുളത്തുനിന്ന് കൊരട്ടിയിലേക്ക്, എറണാകുളത്തുനിന്ന് ചേർത്തലയിലേക്ക്, കോഴിക്കോടുനിന്ന് കണ്ണൂരിലേക്കുമാണ് ഇടനാഴികൾ. 20 ചെറിയ സാറ്റലൈറ്റ് ഐടി പാർക്കുകള്‍ വരുമ്പോൾ തൊഴിൽ അവസരങ്ങൾ 2 ലക്ഷമെങ്കിലുമായി വർധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഐടി മേഖലയിൽ ഭൂമി ഏറ്റെടുക്കുന്നതിന് 1000 കോടിരൂപയാണ് വകയിരുത്തിയത്.

കൃഷിക്കും മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും പ്രാധാന്യം നൽകിയുള്ള നിർദേശങ്ങൾ ബജറ്റിൽ ഇടംപിടിച്ചു. വീര്യം കുറഞ്ഞ മദ്യം പഴവർഗങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കുമെന്ന പ്രഖ്യാപനവുമുണ്ടായി. കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിനും വിപണനത്തിനും സൗകര്യമുള്ള ഫുഡ് പാർക്കുകളുടെ പ്രഖ്യാപനം കാർഷിക മേഖലയ്ക്കു പ്രതീക്ഷ നൽകുന്നു. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ മാർക്കറ്റിങിനായി കമ്പനി രൂപീകരണം പുതിയ ചുവടുവയ്പ്പാണ്. റബർ സബ്സിഡിക്ക് 500 കോടിമാറ്റിവച്ചത് മേഖലയ്ക്ക് ആശ്വാസമാകും. നെല്ലിന്റെ താങ്ങുവില ഉയർത്താനും സർക്കാർ തയാറായി. പട്ടികജാതി പട്ടികക്ഷേമത്തിനു കൂടുതൽ പ്രാധാന്യം ഇത്തവണ ലഭിച്ചു.

വൻകിട പദ്ധതികൾക്കായി കിഫ്ബിയെയാണ് സർക്കാർ ഈ ബജറ്റിലും ആശ്രയിച്ചിരിക്കുന്നത്. കിഫ്ബി പദ്ധതികൾ സംബന്ധിച്ച കണക്കുകൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ നേരത്തെ നിലപാടെടുത്തിരുന്നെങ്കിലും അതുണ്ടായില്ല. ഇപ്പോൾ കിഫ്ബി ഏറ്റെടുത്തിരിക്കുന്നത് 70,000 കോടിരൂപയുടെ പദ്ധതികളാണ്. മോട്ടർ വാഹന നികുതിയുടെ പകുതിയും ഇന്ധന സെസുമാണ് കിഫ്ബിയുടെ വായ്പാ തിരിച്ചടവിനുള്ള മാർഗം. എന്നാൽ, ഈ നികുതി വരുമാനം കുറയുന്നത് തിരിച്ചടവ് തെറ്റുമോയെന്ന ആശങ്കയ്ക്കു കാരണമാകുന്നു. ജിഎസ്ടി വരുമാനം വർധിക്കുന്നത് സർക്കാരിനു പ്രതീക്ഷ നൽകുന്നു. എന്നാൽ, നികുതി പിരിച്ചെടുക്കാനുള്ള ഊർജിത ശ്രമങ്ങളുണ്ടായില്ലെങ്കിൽ സർക്കാരിന്റെ ലക്ഷ്യങ്ങൾ തെറ്റാം

English Summary : Kerala Budget 2022 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com