ഭൂമിയുടെ ന്യായവിലയിൽ 10% വർധന; ഹരിത നികുതിയിൽ മാറ്റം: നികുതി നിർദേശങ്ങൾ
Mail This Article
തിരുവനന്തപുരം∙ ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധന വരുത്തുന്നതുൾപ്പെടെയുള്ള നികുതി നിർദേശങ്ങളുമായി സംസ്ഥാന ബജറ്റ്. ന്യായവില വർധിപ്പിക്കുന്നതിന് സമിതി രൂപീകരിക്കും. 15 വർഷത്തിനു മുകളിൽ കാലപ്പഴക്കമുള്ള വാഹനങ്ങളുടെ ഹരിത നികുതി 50% വർധിപ്പിക്കുന്നതടക്കമുള്ള നിർദേശങ്ങളാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ നിർദേശിക്കുന്നത്.
ബജറ്റ് നിർദേശങ്ങൾ
∙ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 40.47 ആറിനു മുകളിൽ പുതിയ സ്ലാബ് ഏർപ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകൾ കൃത്യതയും സൂക്ഷ്മതയും ഉറപ്പു വരുത്തി വർധിപ്പിക്കും.
∙ ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നതിന് ഉന്നതതല സമിതി
∙ എല്ലാ വിഭാഗങ്ങളിലുമുള്ള ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം ഒറ്റത്തവണ വർധന. 200 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു.
∙ സർക്കാർ നയത്തിന്റെ ഭാഗമായി അടച്ചുപൂട്ടുകയും പിന്നീട് ലൈസൻസ് ലഭിക്കുകയും ചെയ്ത ബാർ ഹോട്ടലുകൾക്ക് സോഫ്റ്റ്‌വെയറിന്റെ പ്രശ്നങ്ങൾ കാരണവും കോവിഡ് പ്രതിസന്ധി കാരണവും റിട്ടേണുകൾ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കുടിശിക അടയ്ക്കാനുള്ള തീയതി ഏപ്രിൽ 30വരെ നീട്ടി നൽകി.
∙ ജിഎസ്ടി കൗൺസിൽ ശുപാർശയോടെ 2022ലെ കേന്ദ്ര ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ള കേന്ദ്ര ചരക്കു സേവന നികുതി നിയമത്തിനു വരുത്തിയിട്ടുള്ള ഭേദഗതികൾക്കു സമാനമായ ഭേദഗതി കേരള ചരക്കു സേവന നികുതി നിയമത്തിലും ഉൾപ്പെടുത്തും.
∙ 2 ലക്ഷം രൂപ വരെയുള്ള മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടർ വാഹന നികുതി 1% വർധിപ്പിച്ചു. 60 കോടിരൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
∙ പഴയ വാഹനങ്ങൾക്ക് (15 വർഷത്തിനു മുകളിൽ കാലപ്പഴക്കം) ഹരിത നികുതി 50% വർധിപ്പിച്ചു.
∙ മോട്ടർ സൈക്കിളുകൾ ഒഴികെയുള്ള മുച്ചക്ര ഡീസൽ വാഹനങ്ങൾ, സ്വകാര്യ മോട്ടർ വാഹനങ്ങൾ (ഡീസൽ), ഇടത്തരം മോട്ടർ വാഹനങ്ങൾ (ഡീസൽ), ഹെവി മോട്ടര്‍ വാഹനങ്ങൾ (ഡീസൽ), മറ്റ് ഡീസൽ വാഹനങ്ങൾ എന്നിവയ്ക്കും ഹരിത നികുതി ചുമത്തും.
∙ മോട്ടർ വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി കുടിശിക അടയ്ക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഈ വർഷവും തുടരും.
∙ കാരവൻ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വാടകയ്ക്ക് എടുക്കുന്നതും കരാറിൽ ഏർപ്പെടുന്നതുമായ കാരവാനുകളുടെ ത്രൈമാസ നികുതി സ്ക്വയർ മീറ്ററിന് 1000 രൂപയിൽനിന്ന് 500 രൂപയാക്കി. ഇതിനു കരാർ തീയതി മുതൽ പ്രാബല്യം ഉണ്ടായിരിക്കും.
English Summary: Kerala budget 2022; Tax variations