ADVERTISEMENT

നാലു തവണ ഉത്തർപ്രദേശ് ഭരിച്ച ചരിത്രമുണ്ട് മായാവതിയുടെ ബിഎസ്‌പിക്ക് (ബഹുജൻ സമാജ് പാർട്ടി). എന്നാൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ തകര്‍ന്നതോടെ സംസ്ഥാന നിയമസഭയിൽ ഏറ്റവും കുറച്ച് അംഗങ്ങളുള്ള പാർട്ടി എന്ന സ്ഥിതിയിലാണ് ബിഎസ്‌പി. രാജ്യത്തെ ആദ്യ ദലിത് വനിതാ മുഖ്യമന്ത്രിയുടെ പാർട്ടിക്ക് ഒരു സീറ്റ് മാത്രമേ ജയിക്കാനായുള്ളു. ആ ആശ്വാസജയം കൊണ്ടുവന്നതാകട്ടെ പാർട്ടിയുടെ താക്കൂർ മുഖമായ ഉമാ ശങ്കർ സിങും. ‘റോബിൻഹുഡ്’, ‘പാവങ്ങളുടെ മിശിഹ’ എന്നൊക്കെ വിളിപ്പേരുള്ള ഉമാ ശങ്കർ സിങ് മൂന്നാം തവണയാണ് പൂർവാഞ്ചൽ മേഖലയിലെ ബല്യ ജില്ലയിലെ രസാര മണ്ഡലത്തില്‍ നിന്നു വിജയിച്ചത്. 

ഉമാ ശങ്കര്‍ സിങ് (Photo: facebook, @umashankarsinghballia)
ഉമാ ശങ്കര്‍ സിങ് (Photo: facebook, @umashankarsinghballia)

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ ഉമാ ശങ്കര്‍ സിങ് ഒരു സമയം വിവാദ നായകനും അതോടൊപ്പം പാവപ്പെട്ടവർക്കിടയില്‍ മികച്ച പ്രതിച്ഛായയുള്ളയാളുമാണ്. 2012–ൽ ആദ്യമായി എംഎൽഎ ആയ സമയത്തും ഉമാ ശങ്കർ സിങ് സർക്കാർ കോൺട്രാക്ടുകൾ ഏറ്റെടുത്തു നടത്തിയിരുന്നു. ജനപ്രാതിനിധ്യ നിയമം ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടി ഗവർണറായിരുന്ന രാം നായിക് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കി. എന്നാൽ സുപ്രീം കോടതി വരെ പോയി അനുകൂല വിധി സമ്പാദിച്ച സിങ് 2017 ലും ഇതേ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറി.

ഉമാ ശങ്കര്‍ സിങ് (Photo: facebook, @umashankarsinghballia)
ഉമാ ശങ്കര്‍ സിങ് (Photo: facebook, @umashankarsinghballia)

2016–ൽ ഹിന്ദു, മുസ്‌ലിം സമുദായങ്ങളിൽപ്പെട്ടവരുടെ സമൂഹവിവാഹം നടത്തിയ സിങ്ങിന്റെ നടപടി ഏറെ പ്രകീർത്തിക്കപ്പെട്ടു. തന്റെ മണ്ഡലത്തിലെ നിർധനരായ സ്ത്രീകളുടെ വിവാഹത്തിന് ഇന്നും ധനസ‌ഹായം നൽകുന്നത് ഉമാ ശങ്കർ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. മണ്ഡലത്തിലുടനീളം സൗജന്യ വൈഫൈ സ്ഥാപിച്ചതാണ് സിങ്ങിനെ പ്രശസ്തനാക്കിയ മറ്റൊരു നീക്കം. ഒരു മൊബൈൽ നെറ്റ്‌വർക്ക് കമ്പനിയുമായി കരാറിലെത്തിയ ശേഷം കമ്പനിക്ക് തിരിച്ചറിയൽ രേഖകൾ നൽകുന്നവർക്ക് ദിവസം മുക്കാൽ മണിക്കൂർ സൗജന്യ വൈഫൈ നൽകുന്നതായിരുന്നു പദ്ധതി. കമ്പനിക്ക് ചെലവാകുന്ന തുക താനാണ് നൽകുന്നതെന്നും പദ്ധതി വൻവിജയമാണെന്നുമാണ് സിങ്ങിന്റെ പക്ഷം.

INDIA-VOTE-POLITICS
മായാവതി (ഫയല്‍ ചിത്രം)

2017ല്‍ 19 സീറ്റിൽ ജയിച്ച മായാവതിയുടെ പാർട്ടിയിൽ നിന്ന് ഇത്തവണത്തെ തിരഞ്ഞെടുപ്പിനു മാസങ്ങൾ ശേഷിക്കേ നിയമസഭാ കക്ഷി നേതാവ് ഷാ ആലം ഉൾപ്പെടെയുള്ളവർ രാജി വച്ചിരുന്നു. തുടർന്ന് സിങ്ങിനെയാണ് മായാവതി ഈ സ്ഥാനത്ത് നിയമിച്ചത്. ഇനി യുപി നിയമസഭയിൽ ‌ബിഎസ്‌പിയുടെ നിയമസഭാ കക്ഷി നേതാവും മുഖവുമെല്ലാം ഏക എംഎൽഎയായ ഉമാ ശങ്കർ സിങ്ങാണ്.

English Summary: Uma Shankar Singh of Rasra, has an image of Robin Hood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com