ADVERTISEMENT

തിരുവനന്തപുരം ∙ യാഥാര്‍ഥ്യബോധം തീരെയില്ലാത്ത ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിവിധ വകുപ്പുകളില്‍നിന്നു ലഭിച്ച നിർദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോക്യുമെന്റ് മാത്രമാണ് ഇത്. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളോ നയരൂപീകരണമോ ബജറ്റിലില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 70 ശതമാനം പദ്ധതികളും നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.

ഇത്തവണയും അതുപോലുള്ള പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ബജറ്റിന്റെ വിശ്വാസ്യതയിലും സംശയമുണ്ട്. ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച വാക്‌സീന്‍ ഗവേഷണ കേന്ദ്രം ഉള്‍പ്പെടെയുള്ളവ ഇതുവരെ നടപ്പായില്ല. ഏറ്റവുമധികം കോവിഡ് രോഗികളും മരണവും ഉണ്ടായ സംസ്ഥാനമാണ് കേരളം. പോസ്റ്റ് കോവിഡ് സംബന്ധിച്ച ആരോഗ്യപ്രശ്ങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിനു പേരാണ് മരിക്കുന്നത്. എന്നാല്‍ അതു സംബന്ധിച്ച പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമായ സാഹചര്യത്തിലും അതേക്കുറിച്ചുള്ള പ്രഖ്യാപനങ്ങളോ ശ്രമമോ ഇല്ല.

മഹാമാരിക്കാലത്തെ സമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റിലില്ല. തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്നും പറയുന്നതല്ലാതെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള ഒരു പ്രോജക്ടുകളും പ്രഖ്യാപിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വഴി കൊടുത്ത 172 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ സാഹചര്യത്തില്‍ ഈ ബജറ്റിലെ പ്രഖ്യാനങ്ങള്‍ക്കും വിശ്വാസ്യതയില്ല.

സംസ്ഥാനത്ത് വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജിഎസ്ടി നടപ്പാക്കുമ്പോള്‍ 30 ശതമാനത്തിലധികം നികുതി വര്‍ധനയുണ്ടാകുമെന്നും ഏറ്റവുമധികം ഗുണം ലഭിക്കുന്ന സംസ്ഥാനം കേരളമായിരിക്കുമെന്നുമാണ് മുന്‍ ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടത്. എന്നാല്‍ കേരളത്തിലെ ശരാശരി നികുതി വര്‍ധന പത്ത് ശതമാനത്തില്‍ താഴെയാണ്. ജിഎസ്ടിയിലേക്ക് മാറിയെങ്കിലും ഇപ്പോഴും വാറ്റിന് അനുയോജ്യമായ രീതിയിലാണ് കേരളത്തിലെ നികുതി ഭരണസംവിധാനം. ഇത് മാറ്റണമെന്ന് പ്രതിപക്ഷം നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതു സംബന്ധിച്ച ഒരു പ്രഖ്യാപനങ്ങളും ബജറ്റിലില്ല. നികുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകകയാണ്.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വരുമാനത്തിലെ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോട് പ്രതിപക്ഷത്തിനും യോജിപ്പുണ്ട്. എന്നാല്‍ 9432 കോടി രൂപ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ചെലവിനായി കഴിഞ്ഞ വര്‍ഷം മാറ്റിവച്ചിട്ട് അതില്‍ 67 ശതമാനം മാത്രമാണ് ചെലവഴിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം ചെലവഴിച്ചില്ലെങ്കില്‍ കേന്ദ്ര വിഹിതം ലഭിക്കില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളും നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയ പരാജയമാണ്.

യുക്രെയ്ന്‍ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇന്ധന വില വര്‍ധനയുണ്ടായാല്‍ അതില്‍ നിന്നുള്ള നികുതി വരുമാനം കൂടുതലായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ധന വില വര്‍ധിച്ചാല്‍ അധികമായി ലഭിച്ചേക്കാവുന്ന നികുതി വരുമാനം വേണ്ടെന്നു വയ്ക്കുമെന്ന പ്രഖ്യാപനം ബജറ്റില്‍ നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമ്പോഴും രണ്ടു ലക്ഷം കോടി രൂപയോളം ബാധ്യത വരുന്ന സില്‍വര്‍ലൈനിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ അപകടകരമായ സമ്പത്തികനില മറച്ചുവയ്ക്കാനും ബജറ്റിലൂടെ ശ്രമിച്ചിട്ടുണ്ടെന്നു സതീശൻ പറഞ്ഞു.

English Summary: VD Satheesan Slams Kerala Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com