തോട്ടം ഭൂമിയിൽ പുതിയ വിള പരീക്ഷണം: ബജറ്റ് പ്രഖ്യാപനത്തിനെതിരെ സിപിഐ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ തോട്ടങ്ങളിൽ പുതിയ വിളകൾ പരീക്ഷിക്കുന്നതിന് തോട്ടം ഭൂമി നിയമം പരിഷ്‌കരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ സിപിഐ. മുന്നണിയിൽ ആലോചിക്കാതെയാണ് ഇക്കാര്യം ബജറ്റിൽ ഉൾപ്പെടുത്തിയതെന്ന് സിപിഐ നേതൃത്വം പറയുന്നു. ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്താൻ ആലോചിച്ചിട്ടില്ലെന്നും നിയമമാകുന്ന ഘട്ടത്തിൽ തീരുമാനം പറയാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
തോട്ടങ്ങളിൽ പുതിയ വിളകൾ പരീക്ഷിക്കുന്നതിന് തോട്ടംഭൂമി നിയമം പരിഷ്‌കരിക്കേണ്ടതുണ്ട്. പ്ലാന്റേഷൻ നിർവചനത്തിന്റെ പരിധിയിൽ വരുന്ന റബർ, കാപ്പി, തേയില എന്നിവയ്ക്കൊപ്പം പുതിയ വിളകൾ കൂടി ചേർക്കാനാണ് ആലോചന. പുതിയ വിളകൾ കൃഷി ചെയ്യാൻ അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇക്കാര്യം ആലോചിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് വന്നതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.
ബജറ്റിലെ നിർദേശം ഇങ്ങനെ: ‘പ്ലാന്റേഷന്റെ നിർവചനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന റബർ, കാപ്പി, തേയില എന്നിവയ്ക്കൊപ്പം പുതിയ വിളകൾകൂടി ചേർക്കണം. പഴവര്‍ഗ കൃഷികൾ ഉൾപ്പെടെ പ്ലാന്റേഷന്റെ ഭാഗമാക്കികൊണ്ടുള്ള കാലോചിതമായ ഭേദഗതികൾ നിയമത്തിൽ കൊണ്ടുവരണം. എന്നാൽ, ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യങ്ങൾ സംരക്ഷിക്കുകയും വേണം. ഈ മേഖലയിലെ കർഷകരെ സംരക്ഷിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും’.
ചരിത്രപരമായ നിയമമായതിനാൽ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തുമ്പോൾ ചർച്ച വേണമെന്ന് സിപിഐ പറയുന്നു. ചർച്ച കൂടാതെ തീരുമാനത്തിലേക്കു പോകുന്നത് ശരിയല്ല. വിഷയത്തിലെ നിലപാട് എൽഡിഎഫിനെ അറിയിക്കുമെന്നും സിപിഐ നേതാക്കൾ വ്യക്തമാക്കി.
English Summary: CPI opposes on Kerala budget announcement on plantation sector