ADVERTISEMENT

തിരുവനന്തപുരം ∙ വർക്കലയിൽ തീപിടിത്തത്തിൽ മരിച്ച കുടുംബത്തിലെ അഞ്ചു പേർക്ക് നാടിന്റെ യാത്രാമൊഴി. പാരിപ്പള്ളി മെഡിക്കൽ കോളജിൽനിന്ന് 5 ആംബുലൻസുകളിൽ വിലാപയാത്രയായി വർക്കലയിലെത്തിച്ച മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.

varkala-house-fire-2
അഞ്ചുപേരുടെയും മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഹില്‍ (25), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. നിഹുല്‍ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. മൂത്തമകന്‍ രാഹുലും കുടുംബവും വിദേശത്തായിരുന്നു.

മരിച്ച ഷേർളി, പ്രതാപൻ, അഭിരാമി, റയാൻ, അഹിൽ.
ഷേർളി, പ്രതാപൻ, അഭിരാമി, റയാൻ, അഹിൽ

വർക്കലയിലെത്തിച്ച മൃതദേഹങ്ങൾ പ്രതാപന്റെ കടയുടെ മുന്നിൽ അൽപനേരം പൊതുദർശനത്തിനു വച്ചു. പിന്നീട് വീടിന് അരകിലോമീറ്റര്‍ അകലെയെത്തിയപ്പോൾ നാട്ടുകാരും പരിചയക്കാരും കാൽനടയായി ആംബുലൻസിനെ അനുഗമിച്ചു. അഭിരാമിയെയും മകൻ റയാനെയും ഒരു പെട്ടിയിലാണ് സംസ്കരിച്ചത്. അഭിരാമിയുടെ ദേഹത്ത് ചേർന്നു കിടക്കുന്ന തരത്തിലാണ് റയാന്റെ മൃതദേഹം കിടത്തിയത്. അഭിരാമിയുടെ അച്ഛൻ അന്ത്യകർമങ്ങൾ നിർവഹിച്ചു.

പ്രതാപന്റെയും ഭാര്യ ഷെർലിയുടെയും ഇളയ മകൻ അഹിലിന്റെയും മൃതദേഹങ്ങൾ അടുത്തടുത്തായി ദഹിപ്പിച്ചു. മൂത്ത മകൻ രാഹുൽ മാതാപിതാക്കൾക്ക് അന്ത്യകർമം നടത്തി. രാഹുലിന്റെ മകനാണ് അഹിലിന്റെ അന്ത്യകർമം ചെയ്തത്. മന്ത്രിമാരായ ജി.ആർ.അനിൽ. വി.ശിവൻകുട്ടി, അടൂർ പ്രകാശ് എംപി, എംഎൽഎമാരായ വി.ജോയ്, അംബിക തുടങ്ങിയവർ സംസ്കാര ചടങ്ങുകൾക്കെത്തി.

തീ പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടാം നിലയിലെ ശുചിമുറിയിലാണ് അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. പ്രതാപന്റെയും ഷേർലിയുടെയും മൃതദേഹം താഴത്തെ മുറിയിലും ഇളയമകൻ അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ ഒരു മുറിയിലുമാണ് കണ്ടെത്തിയത്.

മൂന്നു മക്കളിൽ രണ്ടാമനും അപകടത്തിൽ രക്ഷപ്പെട്ടയാളുമായ നിഹുലും മുകളിലത്തെ നിലയിലായിരുന്നു. മുകളിലത്തെ നിലയിൽ കാര്യമായി തീപിടിച്ചിട്ടില്ല. ചില ഭാഗങ്ങളിലെ കർട്ടനുകൾ കത്തിയിട്ടുണ്ട്. താഴത്തെ നിലയിൽനിന്ന് പുക മുകളിലേക്ക് ഉയർന്ന് ശ്വാസംമുട്ടിയാണ് രണ്ടാം നിലയിലുണ്ടായിരുന്നവർ മരിച്ചതെന്ന് പൊലീസ് പറയുന്നു.

പുലർച്ചെ ഒന്നരയോടെ അയൽവാസി കെ.ശശാങ്കനാണ് പ്രതാപന്റെ വീടിന്റെ കാർപോർച്ചിനു തീപിടിച്ചതു കണ്ട് നാട്ടുകാരെ വിവരമറിയിച്ചത്. നാട്ടുകാർ വീട്ടിനു ചുറ്റും എത്തുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന നാലു ബൈക്കും കത്തിയിരുന്നു. അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടിലേക്കു കയറിയത്.

English Summary: Varkala House Fire: Bodies of all five were cremated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com