‘അടുപ്പിൽ തീ പുകഞ്ഞു, കുടുംബത്തിന് 3 ലക്ഷം’; സ്ത്രീ വോട്ടർമാരെ അടുപ്പിച്ച് ബിജെപി
Mail This Article
ലക്‌നൗ ∙ കഴിഞ്ഞ രണ്ടുവർഷമായി പ്രശ്‌നഭരിതമായിരുന്നു ഉത്തർപ്രദേശ് രാഷ്ട്രീയം. ക്രമസമാധാന വിഷയങ്ങൾക്കും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കുമൊപ്പം കടുത്ത തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടി ആയതോടെ ജനം പൊറുതിമുട്ടി. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാൽതന്നെ വിജയം ഉറപ്പായിരുന്നു സമാജ്‌വാദി പാർട്ടിക്ക്. എന്നാൽ ബിജെപിക്കു ലഭിച്ച സ്ത്രീകളുടെ വൻപിന്തുണ സമാജ്‌വാദി പാർട്ടിയുടെ മോഹങ്ങളെ തല്ലിക്കെടുത്തി.
യുപിയിലെ സ്ത്രീകളെ കയ്യിലെടുത്താണ് യോഗി ആദിത്യനാഥ് ഭരണവിരുദ്ധ വികാരത്തെ മറികടന്നത്. സ്ത്രീ സുരക്ഷ ഉറപ്പാക്കിയെന്ന അവകാശവാദങ്ങൾക്കും പ്രചാരണങ്ങൾക്കൊപ്പം മോദി പ്രഭാവവും ഇത്തവണയും തുണയായപ്പോൾ ഉത്തർപ്രദേശിൽ ആദ്യമായി ഭരണത്തുടർച്ച നേടുന്ന നേതാവായി യോഗി. 403 അംഗ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 255 സീറ്റും എന്‍ഡിഎ സഖ്യം ആകെ 273 സീറ്റുമാണ് നേടിയത്. എസ്പി ഒറ്റയ്ക്ക് 111 സീറ്റുകളിലും സഖ്യം 123 സീറ്റുകളിലും വിജയിച്ചു.
സമാജ്‌വാദി പാർട്ടിയേക്കാൾ 14 ശതമാനത്തിലധികം സ്ത്രീകളുടെ പിന്തുണ നേടാൻ ബിജെപിക്കു കഴിഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ പുരുഷന്മാരുടെ കാര്യത്തിൽ ബിജെപിക്ക് അനുകൂലമായ ഈ വ്യത്യാസം അഞ്ചു ശതമാനം മാത്രമേയുള്ളൂ. ബിജെപിക്ക് ലഭിച്ച സ്ത്രീ പിന്തുണയ്ക്ക് ഒരുദാഹരണമെടുത്താൽ ഇതു വ്യക്തമാവും. നരേന്ദ്ര മോദി സര്‍ക്കാർ കൊണ്ടുവന്ന കർഷക ബില്ലുകള്‍ക്കെതിരെ സമരം ചെയ്ത പ്രധാന വിഭാഗം പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് സമുദായമാണ്. എന്നാൽ ജാട്ട് സമുദായത്തിലെ 52 ശതമാനം സ്ത്രീകൾ ബിജെപിക്ക് വോട്ടു നൽകിയപ്പോൾ 40 ശതമാനം പുരുഷൻമാർ മാത്രമാണ് പിന്തുണച്ചത്.
എസ്‌പിയുടെ കാര്യമെടുത്താൽ ഇത് നേരെ തിരിഞ്ഞു. ജാട്ട് സമുദായത്തിലെ 50 ശതമാനം പുരുഷന്മാരും എസ്‌പിക്ക് വോട്ട് ചെയ്തു. 38 ശതമാനം സ്ത്രീകൾ മാത്രമാണ് അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്‌തത്. യുപി തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നതില്‍ സൗജന്യ റേഷൻ വിതരണത്തിന് വലിയ പങ്കുണ്ടായിരുന്നു. കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് തൊഴിലില്ലായ്മയും കുടിയേറ്റ തൊഴിലാളികൾ തിരിച്ചെത്തിയതുമായി ബന്ധപ്പെട്ട പ്രതിസന്ധിയുടെ സമയത്താണ്, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന എന്ന പാവപ്പെട്ടവർക്ക് അഞ്ചു കിലോ അരി വീതം നൽകുന്ന പദ്ധതി 2020 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ടത്.
ആ വർഷം നവംബർ വരെ നീണ്ടുനിന്ന ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ഏകദേശം 80 കോടി പേരാണ്. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ യുപി സർക്കാരും സൗജന്യ റേഷൻ പദ്ധതി നടപ്പാക്കി. രണ്ടാം കോവിഡ് തരംഗം ആഞ്ഞടിച്ചപ്പോൾ കഴിഞ്ഞ വർഷം മേയ് മുതൽ ഒക്ടോബർ വരെ കേന്ദ്രം സൗജന്യ റേഷൻ നൽകുമെന്നു പ്രഖ്യാപനം നടത്തി. ഇത് പിന്നീട് 2022 മാർച്ച് വരെ നീട്ടി. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സൗജന്യ റേഷൻ നൽകിയ യുപി സർക്കാർ ഡിസംബറിൽ റേഷൻ വിതരണം പുനഃസ്ഥാപിച്ചു. ഇത് 2022 മാർച്ചോടെ അവസാനിക്കും.
സംസ്ഥാനത്തെ 20 കോടി ജനങ്ങളില്‍ 15 കോടി ആളുകളിലേക്കും സൗജന്യ റേഷൻ പദ്ധതി എത്തിയെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പാവപ്പെട്ടവർക്ക് നൽകുന്ന അരിച്ചാക്കിൽ മോദിയുടെയും യുപി മുഖ്യമന്ത്രിയുടെയും ചിത്രം പതിപ്പിച്ചതിനെതിരെ പ്രതിപക്ഷ പാർട്ടികൾ കലാപം ഉയർത്തിയെങ്കിലും സൗജന്യ റേഷൻ വിതരണമാണ് സ്ത്രീ പിന്തുണ കൂടാനുള്ള കാരണമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. അരിയും ഗോതമ്പും സൗജന്യമായി ലഭിച്ചത് ഭൂരിഭാഗം കുടുംബങ്ങളിലും തീ പുകയാൻ കാരണമായി.
സൗജന്യ റേഷൻ വിതരണത്തെ രാഷ്ട്രീയ ആയുധമാക്കാനും ബിജെപിക്കു കഴിഞ്ഞു. ‘കുടുംബാധിപത്യ പാർട്ടികൾ’ യുപി ഭരിച്ചിരുന്നപ്പോൾ സൗജന്യ ഭക്ഷ്യധാന്യങ്ങൾ മാഫിയകളുടെ കയ്യിലാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് ഓരോ വീട്ടിലുമെത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്ന സർക്കാരാണ് ഉള്ളതെന്നുമായിരുന്നു യോഗി ആദിത്യനാഥ് പൊതുവേദിയിൽ പ്രസംഗിച്ചത്.
തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള മൂന്നു മാസങ്ങളിൽ യുപി സര്‍ക്കാർ കോവിഡ് പാക്കേജിന്റെ ഭാഗമായി 14 ലക്ഷം മെട്രിക് ടൺ ഗോതമ്പും 0.95 മെട്രിക് ടൺ അരിയും 0.10 മെട്രിക് ടൺ കടലയും 10.19 കോടി ലീറ്റര്‍ സോയാബീന്‍ ഓയിലും ഒരു ലക്ഷം ടൺ ഉപ്പുമാണ് സൗജന്യമായി നൽകിയത്. 14.6 കോടി ആളുകളിലേക്ക് ഇതെത്തിയപ്പോൾ സംസ്ഥാന ഖജനാവിൽനിന്ന് ചെലവായത് 300 കോടി രൂപ. ഇതാണ് വോട്ടായി തിരികെ സർക്കാരിന് ലഭിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്ത്രീകളുടെ പേരിൽ തന്നെയായിരുന്നു കൂടുതൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും. വീട്, ശുചിമുറി, എന്നിവയുടെ നിർമാണം, മാസം 1500 രൂപ, രണ്ട് ഗ്യാസ് സിലിണ്ടറുകൾ അധികം, വിദ്യാർഥിനികൾക്ക് സ്കൂട്ടർ, സംരംഭങ്ങൾ തുടങ്ങാൻ സ്ത്രീകൾക്ക് ധനസഹായം, ഓരോ വീടുകളിലും പൈപ്പ് കുടിവെള്ളം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് ബിജെപി നല്‍കിയത്. ഈ വാഗ്‌ദാനങ്ങൾ ഗ്രാമീണ മേഖലകളിലെന്ന പോലെ നഗരമേഖലകളിലും സ്ത്രീകളുടെ പിന്തുണ വർധിക്കുന്നതിനു കാരണമായി.
2014 വരെ ബിജെപിക്ക് സ്ത്രീ വോട്ടർമാരുടെ വലിയ പിന്തുണ ഇല്ലായിരുന്നു എങ്കില്‍ 2019 ലെ തിരഞ്ഞെടുപ്പോടെ കാര്യങ്ങൾ മാറിയെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന അസം നിയമസഭ തിരഞ്ഞെടുപ്പിലും സ്ത്രീകളുടെ വലിയ തോതിലുള്ള പങ്കാളിത്തം ഉണ്ടായി എന്നാണ് കണക്കുകൾ. സ്ത്രീകളോടുള്ള മോദിയുടെ ആഹ്വാനങ്ങൾ പലപ്പോഴും കാര്യമായിത്തന്നെ സ്വീകരിക്കപ്പെടുകയും അതൊക്കെ വോട്ടായി തിരികെ ലഭിക്കുകയും ചെയ്യുന്നതായി തിരഞ്ഞെടുപ്പ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
സൗജന്യ റേഷനു പുറമേ വിവിധ കേന്ദ്ര ക്ഷേമ പദ്ധതികളും വിജയിക്കാൻ ബിജെപിയെ സഹായിച്ചു. മുൻപു സർക്കാർ പദ്ധതികളിൽ നിന്നുള്ള പണം ജനങ്ങളുടെ അക്കൗണ്ടിൽ എത്തുന്നില്ല എന്ന ആരോപണം തിരഞ്ഞടുപ്പ് പ്രാചരണത്തിനിടെ മോദി ഉന്നയിച്ചിരുന്നു. ഗരീബ് അന്ന യോജനയ്ക്ക് പുറമെ പിഎം ആവാസ്, പിഎം കിസാൻ, ഉജ്വല, മുദ്ര വായ്പാ പദ്ധതി, ആയുഷ്മാൻ ഭാരത്, സംസ്ഥാന പെൻഷൻ പദ്ധതികള്‍ – ഈ പദ്ധതികളിൽ നിന്നൊക്കെയായി കഴിഞ്ഞ അഞ്ചു വർഷത്തിനിടയില്‍ ഓരോ കുടുംബത്തിനും കുറഞ്ഞത് മൂന്നു ലക്ഷം രൂപ വച്ചെങ്കിലും കിട്ടിയിട്ടുണ്ട് എന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ അവകാശവാദം. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് സര്‍ക്കാർ ഒരു കോടി ടാബ്‌ലെറ്റുകൾ വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്തത്.
English Summary: Women voters behind BJP big victory in Uttar Pradesh