ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് 16 (ബുധനാഴ്ച) മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കും. സംസ്ഥാന വ്യാപകമായി കുട്ടികളുടെ വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.  ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

‘വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌കരിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്‌സിനേഷന്‍ നടത്തുക.’– മന്ത്രി പറഞ്ഞു.

വാക്‌സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും, കോവാക്‌സിനും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്. 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സാണ് നല്‍കുന്നത്. അതിനാല്‍ വാക്‌സീനുകള്‍ മാറാതിരിക്കാന്‍ മറ്റൊരു നിറം നല്‍കി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

2010ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സീന്‍ എടുക്കുന്ന ദിവസം 12 വയസ്സ് പൂര്‍ത്തിയാല്‍ മാത്രമേ വാക്‌സീന്‍ നല്‍കുകയുള്ളൂ. 2010 മാര്‍ച്ച് 16ന് മുൻപു ജനിച്ച കുട്ടികള്‍ക്ക് വാക്‌സീനെടുക്കാന്‍ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്‌സീനെടുക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും കുട്ടികള്‍ക്ക് വാക്‌സീന്‍ സ്വീകരിക്കാവുന്നതാണ്. കേന്ദ്ര പോര്‍ട്ടലായ കോവിന്നില്‍ 12 മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള റജിസ്‌ട്രേഷന്‍ സംവിധാനം ആയിട്ടില്ല. അതിന് ശേഷമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

English Summary: Veena George on covid vaccination for childrens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com