രാഹുലിനെതിരെ ‘വെടിപൊട്ടിച്ച്’ സിബൽ; പടതോറ്റ പഞ്ചാബിൽ മുനകുത്തി ജി–23
Mail This Article
പഞ്ചാബ് കോൺഗ്രസിൽ ഗ്രൂപ്പുകൾക്കും ഗ്രൂപ്പ് വഴക്കുകൾക്കും തമ്മിലടികൾക്കും ഒരിക്കലും കുറവുണ്ടായിട്ടില്ല. ഈ തമ്മിലടി പക്ഷേ ഇത്തവണ പാർട്ടിയെ എത്തിച്ചത് അധികാരം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലും. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പാർട്ടി അധ്യക്ഷ സ്ഥാനത്തു നിന്നു തെറിച്ച നവ്‌ജ്യോത് സിങ് സിദ്ദുവും ക്യാപ്റ്റനു പകരം മുഖ്യമന്ത്രിയായ ചരൺജിത് സിങ് ഛന്നിയും മുതിർന്ന നേതാവ് സുനിൽ ഝാക്കറും പഞ്ചാബ് കോൺഗ്രസിലെ ഡൽഹി നേതാവ് അംബിക സോണിയും ലോക്‌സഭ എംപി മനീഷ് തിവാരിയും ഒക്കെച്ചേർന്ന നേതൃനിരയിലെ തമ്മിലടി ആം ആദ്‌മി പാർട്ടിക്കു തളികയിൽ വച്ചുനൽകിയത് രണ്ടാമതൊരു സംസ്ഥാനത്തെ ഭരണക്കസേര.
∙ രാജി നൽകി സിദ്ദു; ശ്രദ്ധാകേന്ദ്രം ജി–23 യോഗം
പരാജയത്തിനു പിന്നാലെ തോറ്റ അഞ്ചു സംസ്ഥാനങ്ങളിലേയും പിസിസി അധ്യക്ഷന്മാരെ മാറ്റിയ കൂട്ടത്തിലാണു സിദ്ദുവും തെറിച്ചത്. ‘പിസിസി അധ്യക്ഷ പദവിയിൽ നിന്നു രാജി വയ്ക്കുന്നു’ എന്നു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കെഴുതിയ രാജിക്കത്തിൽ സിദ്ദു കുറിച്ചു. ഒരു ഭാഗത്ത് പൊടിക്കൈകൾ പരീക്ഷിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് പ്രശ്നപരിഹാരത്തിനു ശ്രമിക്കുമ്പോൾ കോൺഗ്രസിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്നതാണു വാസ്തവം. ബുധനാഴ്ചത്തെ പാർട്ടി ‘റിബൽ’ നേതാക്കളുടെ ജി–23 യോഗം എന്തായിരിക്കും തീരുമാനിക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇതിനുള്ള ആദ്യവെടി മുതിർന്ന നേതാവും പ്രമുഖ അഭിഭാഷകനും കൂടിയായ കപിൽ സിബൽ കഴിഞ്ഞ ദിവസം പൊട്ടിച്ചിരുന്നു. അതും പഞ്ചാബുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധിക്കു നേരെയായിരുന്നു വിമർശനമെന്നതും ശ്രദ്ധേയം. പാർട്ടി അധ്യക്ഷനല്ലാത്ത രാഹുൽ എന്ത് അധികാരത്തിലാണ് പഞ്ചാബിലെത്തി ഛന്നിയാണു മുഖ്യമന്ത്രി സ്ഥാനാർഥിയെന്നു പ്രഖ്യാപിച്ചത് എന്നാണ് കപിൽ സിബൽ ചോദിച്ചത്. ഇത്തരം ചോദ്യങ്ങൾ പലപ്പോഴായി പാർട്ടിയുടെ പല നേതാക്കളും ഉയർത്തുന്നുമുണ്ട്. കാരണം, എങ്ങുമില്ലാതെ നാനാവിധമായി, പല പല ഗ്രൂപ്പുകളായി കിടന്നിരുന്ന കോൺഗ്രസിനെ 2017ൽ 77 സീറ്റുകളുമായി അധികാരത്തിലെത്തിച്ചത് അമരിന്ദർ സിങ്ങിന്റെ ശ്രമഫലമായിരുന്നു. അതിനു മുൻപുള്ള രണ്ടു തിരഞ്ഞടുപ്പുകളിലും 44, 46 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
∙ തോൽവിയിലും കുറ്റപ്പെടുത്തൽ അമരിന്ദറിന്
അമരിന്ദർ സിങ്ങിനെ പുകച്ച് പുറത്തുചാടിക്കുക എന്നതായിരുന്നു അഞ്ചുവർഷം മുൻപു മാത്രം ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ സിദ്ദുവിന്റെ ആവശ്യം. ഇതുമായി സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും തുടർച്ചയായി സിദ്ദു വിമർശിച്ചു. താൻ കൂടി അംഗമായ പാർട്ടി ഭരിക്കുന്ന സർക്കാരിനെയാണ് ഈ വിധത്തിൽ ആക്രമിക്കുന്നതെന്ന് ആരും സിദ്ദുവിനെ ഓർമപ്പെടുത്തിയുമില്ല. ഇതിനു പുറമെ ക്യാപ്റ്റനെ മാറ്റണമെന്ന ആവശ‌്യവുമായി സിദ്ദു ഡൽഹിയിലെത്തി. ആദ്യം രാഹുൽ ഗാന്ധി ചെവി കൊടുത്തില്ലെങ്കിലും സിദ്ദുവിനു പിന്തുണ പ്രിയങ്കാ ഗാന്ധിയുടെ രൂപത്തിലെത്തി. വൈകാതെ സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് അവരോധിക്കപ്പെട്ടു.
എന്നാൽ ഇതേസമയം ഛന്നി ഉൾപ്പെടെയുള്ള നാലു മന്ത്രിമാരും നിരവധി എംഎല്‍എമാരും സിദ്ദുവിനു പിന്നാലെ രംഗത്തെത്തി. ഹൈക്കമാൻഡിനു നിരവധി കത്തുകൾ പോയി. എംഎല്‍എമാരെ രണ്ടു തവണ ഡൽഹിക്കു വിളിപ്പിച്ചു. എന്നിട്ടും പ്രശ്ലപരിഹാരം ഉണ്ടാകാതെ വന്നതോടെ പാർട്ടി എംഎൽഎമാരുടെ യോഗം പഞ്ചാബിൽ വച്ചു നടത്താൻ തീരുമാനമായി. ഇതോടെയാണു സംസ്ഥാനത്തു ഭരണവിരുദ്ധ വികാരമാണെന്ന പാർട്ടിയിലെ തന്നെ എതിരാളികളുടെ പ്രചരണത്തിനു പാർട്ടി ഹൈക്കമാൻഡും തലയാട്ടിയത്. യോഗത്തിനു മുൻപ് അമരിന്ദർ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു രാജി വയ്ക്കുകയും ചെയ്തു. രണ്ടു മാസത്തിനുള്ളിൽ കോൺഗ്രസില്‍ നിന്നും.
ക്യാപ്റ്റൻ രാജി വച്ചപ്പോള്‍ മുഖ്യമന്ത്രിപദ മോഹികളിൽ സിദ്ദുവും ഉണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡ് ആദ്യം പരിഗണിച്ചതു പഞ്ചാബി ഹിന്ദുവായ സുനിൽ ഝാക്കറിനെ ആയിരുന്നുവെങ്കിലും ഒടുവിൽ നറുക്കു വീണത് ദലിത് സമുദായാംഗം കൂടിയായ ഛന്നിക്കായി. എന്നാൽ സിദ്ദു ഛന്നിക്കെതിരെയും തന്റെ എതിർപ്പ് തുടര്‍ന്നു കൊണ്ടിരുന്നു. രാഹുൽ ഗാന്ധി ഇടപെട്ടാണ് ഇതിനു ശമനമുണ്ടാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിൽക്കുന്ന സമയത്തായിരുന്നു ഈ കാര്യങ്ങളൊക്കെ സംഭവിച്ചത്.
ഒടുവിൽ 117 അംഗ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടി 92 സീറ്റുകളോടെ അട്ടിമറി ജയം നേടിയപ്പോൾ കോൺഗ്രസ് 18 സീറ്റിലേക്ക് ഒതുങ്ങി. ഛന്നിയും സിദ്ദുവും അടക്കമുള്ള പ്രമുഖരൊക്കെ തോറ്റമ്പി. അമരിന്ദർ സിങ്ങിനും രക്ഷയുണ്ടായില്ല. കോൺഗ്രസിൽ നിന്ന് പുറത്തു വന്ന് അദ്ദേഹം രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസ് ഒറ്റ സീറ്റിൽ പോലും വിജയിച്ചില്ല. കൂടെ മത്സരിച്ച ബിജെപിക്കു രണ്ട് സീറ്റ് കിട്ടി.
ക്യാപ്റ്റന്റെ ഭരണത്തോടു ജനത്തിനു തോന്നിയ വിരോധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നയുടൻ കോൺഗ്രസിന്റെ പ്രതികരണം. ‘‘മണ്ണിന്റെ മകനായ ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കി സംസ്ഥാനത്ത് നേതൃമാറ്റം കൊണ്ടുവന്നു. എന്നാൽ നാലര വർഷക്കാലം ക്യാപ്റ്റൻ അമരിന്ദർ സിങ് അധികാരത്തിലിരുന്നപ്പോഴത്തെ ഭരണ വിരുദ്ധ വികാരം മറികടക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടു ജനം ആം ആദ്‌മി പാർട്ടിക്കു വോട്ട് ചെയ്തു.’’ – ഇങ്ങനെയായിരുന്നു പഞ്ചാബിൽ അടിതെറ്റിയതിനെക്കുറിച്ച് കോൺഗ്രസിന്റെ മാധ്യമ വിഭാഗം മേധാവി രൺദീപ് സിങ് സുർജേവാലയുടെ പ്രതികരണം.
∙ പരാജയത്തിലും തുടരുന്ന വാക്‌പ്പോര്
രൂക്ഷമായ ഭാഷയിലായിരുന്നു ഇതിനോട് അമരീന്ദർ സിങ്ങിന്റെ പ്രതികരണം. ‘‘കോൺഗ്രസ് നേതൃത്വം ഒരു കാലത്തും പഠിക്കില്ല. ആരാണ് യുപിയിലെ നാണംകെട്ട തോൽവിക്ക് ഉത്തരവാദി? മണിപ്പുരിലും ഗോവയിലും ഉത്തരാഖണ്ഡിലും എങ്ങനെയാണു തോറ്റത്? ഉത്തരം മുഴുത്ത അക്ഷരങ്ങളിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷേ എല്ലായ്പ്പോഴുമെന്ന പോലെ അതു വായിക്കുന്നത് കോൺഗ്രസ് നേതൃത്വം ഒഴിവാക്കുമെന്നാണ് എനിക്കു തോന്നുന്നത്.’’ – അമരീന്ദർ പറഞ്ഞതിങ്ങനെ.
ആം ആദ്‌മി പാർട്ടിയെ അധികാരത്തിലെത്തിച്ച ജനത്തിന്റേതു ‘ഗംഭീര’ തീരുമാനമെന്നായിരുന്നു സിദ്ദുവിന്റെ ആദ്യ പ്രസ്താവന. കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ആൾ എങ്ങനെയാണ് ഇത്തരമൊരു പ്രസ്താവന നടത്തുക എന്നു ചോദ്യങ്ങളുയർന്നതോടെ സിദ്ദു വിശദീകരണം നൽകി. ജനം മാറ്റത്തിനായി വോട്ട് ചെയ്തു, അതൊരിക്കലും തെറ്റുകയുമില്ലെന്നായിരുന്നു വിശദീകരണം. ‘‘ജനങ്ങളുടെ ശബ്ദം വിനയത്തോടെ നാം മനസിലാക്കുകയാണ് വേണ്ടത്.’’ – സിദ്ദു പറഞ്ഞു.
സുനിൽ ഝാക്കറും ഛന്നിക്കെതിരെ രംഗത്തു വന്നു. പഞ്ചാബില്‍ കോൺഗ്രസിനേറ്റ പരാജയത്തിനു കാരണം ഛന്നിയാണെന്ന് ഝാക്കർ കുറ്റപ്പെടുത്തി. ഒരു ‘ഹീറോ’യുടെ പരിവേഷമാണ് ഛന്നിക്ക് നൽകിയതെന്നും എന്നാൽ കട്ടത് കയ്യോടെ പിടികൂടിയ ആളാണതെന്നും ഝാക്കർ വിമർശിച്ചു. ‘‘ഒരു നേതാവിന് വേണ്ടത് നല്ല സ്വഭാവം, അന്തസ്, വ്യക്തിത്വം എന്നിവയാണ്. എന്നാൽ അയാളിൽ വിശ്വസിക്കത്തക്കതായ ഒന്നുമില്ല. നിങ്ങൾക്കയാളെ ഭാഗ്യം കൊണ്ടുവരുന്ന ഒരു ഹീറോയായി മാറ്റണമെങ്കിൽ ആയിക്കോളൂ, എനിക്കയാളെ അംഗീകരിക്കാൻ പറ്റില്ല.’’ – ഝാക്കർ പറഞ്ഞു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഛന്നിയുടെ മരുമകന്റെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപ പിടികൂടിയിരുന്നു.
∙ കോൺഗ്രസ് നേരിടുന്ന വലിയ വെല്ലുവിളി
പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി–ഇൻ ചാര്‍ജ് ഹരീഷ് ചൗധരി കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത പാർട്ടി സ്ഥാനാർഥികളുടെ യോഗത്തിലും ഛന്നിക്കെതിരെ വിമര്‍ശനമുയർന്നു. യുപിക്കാരെക്കുറിച്ച് ഛന്നി നടത്തിയ പരാമര്‍ശങ്ങൾ തിരിച്ചടിച്ചു എന്നാണ് ഒരാൾ വിമർശിച്ചത്. ഛന്നിക്കു പകരം സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ കോൺഗ്രസിന് 50 സീറ്റെങ്കിലും കിട്ടുമായിരുന്നു എന്നായിരുന്നു മറ്റൊരാളുടെ വിമർശനം. ഇഡി റെയ്ഡ് കഴിഞ്ഞ സാഹചര്യത്തിലെങ്കിലും ഛന്നിയെ മാറ്റി നിർത്തണമായിരുന്നു, സ്വന്തം സഹോദരനെ പോലും പറഞ്ഞു മനസിലാക്കാൻ പറ്റാത്തയാളെയാണു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതെന്നു മറ്റൊരു വിമർശനം. ഛന്നിയുടെ സഹോദരൻ മനോഹർ സിങ് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള കുറ്റപ്പെടുത്തലുകൾ പഞ്ചാബ് കോൺഗ്രസിൽ ഇപ്പോഴും തുടരുകയാണ്. ഒരു സ്ഥാനാർഥി ഝാക്കറിനെയാണ് കുറ്റക്കാരനാക്കിയത്. അമരിന്ദർ ഒഴിഞ്ഞപ്പോൾ തനിക്ക് 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന ഝാക്കറിന്റെ പ്രസ്താവനയാണു പരാജയ കാരണമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പഞ്ചാബിന്റെ പ്രധാനപ്പെട്ട മൂന്ന് മേഖലകളിൽ രണ്ടിലും കനത്ത പരാജയമാണ് പാർട്ടി ഏറ്റുവാങ്ങിയത്. ഏറ്റവും വലിയ മാൽവ മേഖലയിലെ 69 സീറ്റിൽ കോൺഗ്രസിന് ജയിക്കാനായത് വെറും രണ്ടു സീറ്റ്. കഴിഞ്ഞ തവണ ഇവിടെ 40 സീറ്റ് നേടിയിരുന്നു. കഴിഞ്ഞ തവണ 22 സീറ്റ് നേടിയ അതിർത്തി മേഖലയായ അമൃത്‌സർ മേഖലയിലെ 25 സീറ്റിൽ കിട്ടിയത് ആറെണ്ണം. 23 സീറ്റില്‍ 10 എണ്ണം നേടിയ ജലന്ധർ മേഖലയിൽ മാത്രമാണു രണ്ടക്കം കടന്നത്. ആം ആദ്മി പാർട്ടി കൂടി ശക്തമായി രംഗത്തുള്ള സാഹചര്യത്തിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നത് കോണ്‍ഗ്രസിനു മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. എല്ലാ വിഭാഗം കോൺഗ്രസുകാരെയും കൂട്ടിയിണക്കി മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്ന നേതാക്കൾ ഇല്ലാത്തതും പ്രശ്നം. ഉള്ള നേതാക്കളാകട്ടെ, തമ്മിൽ തല്ലി അധികാരം വരെ നഷ്ടപ്പെട്ടിട്ടും അയയാനോ, കാര്യങ്ങൾ പുനഃപരിശോധിക്കാനോ തയാറാകുന്നില്ല എന്നാണു പ്രസ്താവനകൾ തെളിയിക്കുന്നതും.
English Summary: Gandhis entirely responsible for Congress' Punjab defeat: Kapil Sibal