ADVERTISEMENT

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം നേടിയ 4 സംസ്ഥാനങ്ങളിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കൂടിയാലോചനകളും തിരക്കിട്ട ചർച്ചകളുമായി ബിജെപി. യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിലാണു ബിജെപി ഭൂരിപക്ഷം നേടിയത്. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, സംസ്ഥാന മന്ത്രസഭാ രൂപീകരണത്തിൽ അതീവ ശ്രദ്ധയാണു പുലർത്തുന്നതെന്നു ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കളാണു സംസ്ഥാന നേതൃത്വവുമായി ചർച്ചകൾ നടത്തുന്നത്.  

യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് 21നു വീണ്ടും സത്യപ്രതി‍ജ്ഞ ചെയ്യുമെന്നാണു റിപ്പോർട്ടുകൾ. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായി ജയിച്ച എല്ലാ സ്ഥാനാർഥികളുടെയും വിശദ വിവരങ്ങൾ ദേശീയ നേതൃത്വം തേടി. ജാതി, മത സമവാക്യങ്ങൾ, പട്ടിക വിഭാഗങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, യുവജന– വനിതാ വിഭാഗങ്ങൾ എന്നിവയ്ക്കുള്ള പ്രാതിനിധ്യ.ം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാകും മന്ത്രിമാരെ നിയമിക്കുക എന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

‘അടുത്ത 25 വർഷത്തേക്കു ബിജെപിക്കും രാജ്യത്തിനും നേതൃത്വം നൽകേണ്ടവരായതിനാൽ യുവാക്കൾ ഏറെ പ്രാധാന്യം അർഹിക്കുന്ന’തായി പ്രധാന മന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരോട് ആവർത്തിച്ചു വ്യക്തമാക്കിയതായാണു റിപ്പോർട്ടുകൾ. തങ്ങളുടെ നിയോജകമണ്ഡലങ്ങളിൽ പാർട്ടിയുടെ പ്രകടനം മോശമായ 100 പോളിങ് ബൂത്തുകൾ ഏതൊക്കെയെന്നു തിരിച്ചറിഞ്ഞ് പ്രദേശങ്ങളിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ എംപിമാർക്കു ബിജെപി നിർദേശം  നൽകി. 

യുപിയിൽ യോഗി ആദിത്യനാഥിന് 20 പുതിയ മന്ത്രിമാരെ ലഭിച്ചേക്കും. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉൾപ്പെടെ 11 മന്ത്രിമാർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. 4 പേർ പാർട്ടി മാറി. ഇതോടെ 15 സ്ഥാനങ്ങളിൽ ഒഴിവുണ്ട്. മോശം പ്രവർത്തനം കാഴ്ചവച്ച ചില മന്ത്രിമാരെ ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഉത്തരാഖണ്ഡ് ഗവർണർ സ്ഥാനം രാജിവച്ച ബാബിറാണി മൗര്യയ്ക്ക് സുപ്രധാന വകുപ്പു ലഭിച്ചേക്കും.  

English Summary: PM's 25-Year Plan For BJP, Other Factors For Picking State Cabinets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com