ADVERTISEMENT

കൽപറ്റ∙ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിക്കൊപ്പം വയനാട് സന്ദര്‍ശിക്കുന്നതിനിടെയുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് ബിജെപി നേതാവ് സന്ദീപ് ജി. വാര്യര്‍. തമിഴ് സിനിമയിലെ രംഗമല്ല, യഥാർഥ ജീവിതമാണെന്നു സ്വയം ബോധ്യപ്പെടുത്തേണ്ട നിമിഷങ്ങളായിരുന്നു വയനാട്ടിലുണ്ടായതെന്ന് സന്ദീപ് വാര്യർ സമൂഹമാധ്യമത്തിൽ കുറിച്ചു.

കുളത്തൂരിലെ കോളനിയിൽ സന്ദർശനത്തിനിടെ കുടിവെള്ളപ്രശ്നം സ്വന്തം കയ്യിൽനിന്നു പണമെടുത്തു സുരേഷ് ഗോപി പരിഹരിച്ചതായി സന്ദീപ് വാര്യർ കുറിച്ചു. വയനാട്ടുകാരനായ ആദിവാസി യുവാവ് വിഷ്ണു പ്രസാദിന് പൈലറ്റ് അഭിമുഖത്തിൽ പങ്കെടുക്കാൻ എംപി നടത്തിയ ഇടപെടലുകളെയും ബിജെപി നേതാവ് പുകഴ്ത്തി. 

സന്ദീപ് വാര്യരുടെ കുറിപ്പിന്റെ പൂർണരൂപം

തമിഴ് സിനിമയിലെ രംഗമല്ല, റിയൽ ലൈഫാണെന്ന് എനിക്കു തന്നെ എന്നെ ബോധ്യപ്പെടുത്തേണ്ട നിമിഷങ്ങളായിരുന്നു വയനാട്ടിലെ സുരേഷ് ഗോപി എംപിയുടെ മൂന്നു ദിവസം നീണ്ട സന്ദർശനത്തിലുണ്ടായ അനുഭവങ്ങൾ. അതിൽ ഒരു പങ്കാളിത്തം നിർവഹിക്കാൻ കഴിഞ്ഞതോർക്കുമ്പോൾ അതീവ ചാരിതാർത്ഥ്യവും. 

കുളത്തൂരിലെ രണ്ടു കോളനികളിലെ സ്വീകരണത്തിനു പോയപ്പോൾ ജനങ്ങൾ ഉന്നയിച്ചതു കുടിവെള്ള പ്രശ്നം. കുറച്ചു ദൂരെ കിണറുണ്ട്, വാട്ടർ ടാങ്കുമുണ്ട്, പക്ഷേ കോളനികളിൽ വർഷങ്ങളായി കുടിവെള്ളമില്ല. പ്രശ്നം സശ്രദ്ധം കേട്ട് ഒരു നെടുവീർപ്പോടെ സുരേഷ് ഗോപി പറഞ്ഞു ‘എംപി ഫണ്ടിൽ പണമില്ല’ എങ്ങും നിരാശ കലർന്ന നിശബ്ദത. അപ്പോൾ അദ്ദേഹം പറഞ്ഞു ‘പണം ഞാൻ തരാം, ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന്, സന്ദീപ് വേണ്ടത് ചെയ്യൂ’ എന്നു നിർദ്ദേശം വന്നു.

സുരേഷ് ഗോപി എംപിയുടെ അനുവാദം ചോദിക്കാതെ തന്നെ മൈക്കിലൂടെ ഞാൻ ചോദിച്ചു ‘ഇന്ന് തന്നെ പമ്പുകൾ സ്ഥാപിച്ച് പ്ലമിങ് പൂർത്തികരിച്ച് കുടിവെള്ളം നൽകാൻ കഴിയുമോ ? എങ്കിൽ എത്ര വൈകിയാലും അദ്ദേഹത്തെ തിരികെ എത്തിച്ച് ഇന്നു രാത്രി തന്നെ ഉദ്ഘാടനം ചെയ്തിരിക്കും’. ആഹ്ളാദാരവത്തോടെ ജനം അതേറ്റെടുത്തു. കാറിൽ കയറിയ ഉടൻ മകൻ ഗോകുൽ സുരേഷുമായി എന്നെ ബന്ധപ്പെടുത്തി. ഓരോ അരമണിക്കൂറിലും പമ്പുകൾ വാങ്ങുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ പഞ്ചായത്ത് മെമ്പറുടെ അക്കൗണ്ടിലേക്കു 2 പമ്പുകൾക്കും പ്ലമിങ്ങിനും വേണ്ട തുക 66500/- രൂപ ലക്ഷ്മി മോളുടെ പേരിലുള്ള ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിന്നും എത്തി.

നിരവധി പരിപാടികൾക്കു ശേഷം ക്ഷീണം വക വയ്ക്കാതെ വീണ്ടും സുരേഷ് ഗോപി കുളത്തൂരിലേക്ക്. രാത്രി പതിനൊന്നു മണിക്ക് അദ്ദേഹം കുടിവെള്ള പദ്ധതി പൈപ്പ് തുറന്ന് ഉദ്ഘാടനം ചെയ്തു. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കോളനികളിൽ വെള്ളമെത്തി. ആദിവാസി വിഭാഗം നൃത്തം ചവിട്ടിയും തേൻ നൽകിയും അമ്പും വില്ലും നൽകിയും തങ്ങളുടെ പ്രിയ നായകനെ സ്വീകരിച്ചു. നായാട്ടുകാരുടെ വെടിയേറ്റു മരിച്ച ആദിവാസി യുവാവിന്റെ ഭാര്യയ്ക്കു ഭൂമി ലഭ്യമാക്കിയാൽ വീട് വയ്ക്കാൻ 4 ലക്ഷം രൂപ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കൽപ്പറ്റയിലെ ഒരു കോളനിയിൽ സ്ഥലം ലഭ്യമാക്കിയാൽ കുഴൽ കിണർ നിർമിച്ചു നൽകാമെന്നും അദ്ദേഹം ഉറപ്പു നൽകി.  ഡയബറ്റിക്കായ കുട്ടിയുടെ ജീവൻ രക്ഷിക്കാനാവശ്യമായ 6 ലക്ഷം രൂപയും അദ്ദേഹം പ്രഖ്യാപിച്ചു. ആദിവാസി യുവാക്കളുടെ സൊസൈറ്റി നെല്ലാറച്ചാലിൽ നടത്തുന്ന മത്സ്യ കൃഷിക്കു വിപണനം നടത്താനാവശ്യമായ വാഹനം വാങ്ങാനും സുരേഷ് ഗോപി എംപി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാരിലെ വനം- ആദിവാസി ക്ഷേമ വകുപ്പുകൾ തമ്മിലുള്ള വടംവലിയിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ‘എൻ ഊര്’ പദ്ധതിയും അദ്ദേഹം സന്ദർശിച്ചു. വയനാട്ടിലെ വ്യാപാരി വ്യവസായികളുമായും പാരമ്പര്യ വൈദ്യൻമാരുമായും സുരേഷ് ഗോപിഎംപി കൂടിക്കാഴ്ച നടത്തി. മുട്ടിലിലെ വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയിലെ പുതിയ ഐസിയു വാർഡ് ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപി എംപി ബാല സദനവും സന്ദർശിച്ചു. 

നിരവധി സ്കൂളുകളാണു വിദ്യാർഥികളെ മുഴുവൻ റോഡിനു വശത്തേക്കു കൊണ്ടുവന്ന് അദ്ദേഹത്തിന് അവിചാരിതമായ സ്വീകരണമൊരുക്കിയത്. ഒരു മുഷിപ്പും കാണിക്കാതെ കുട്ടികളെ കെട്ടിപ്പിടിച്ചും ചേർത്തു നിർത്തിയും അവരുടെ കാവലായി താനുണ്ടാകുമെന്ന ഉറപ്പ് സുരേഷ് ഗോപി നൽകി. 

യാത്രയ്ക്കിടെ വഴിയിൽ കാണുന്ന കർഷകരോടു കാർഷിക നിയമം എന്തിനു വേണ്ടിയായിരുന്നു എന്നദ്ദേഹം വിശദീകരിക്കുന്നുണ്ടായിരുന്നു. കർഷകർ അദ്ദേഹത്തിന്റെ വാക്കുകളെ സശ്രദ്ധം കേട്ടു.

എന്നാൽ ഇതിനെയൊക്കെ മറി കടക്കുന്ന മറ്റൊരു സംഭവം പങ്കുവയ്ക്കാതിരിക്കുന്നതെങ്ങനെ ? വയനാട്ടിൽ നിന്നും ഒരു പക്ഷേ കേരളത്തിൽ നിന്നു തന്നെ ആദ്യമായി ഒരു ആദിവാസി യുവാവ് പൈലറ്റാകുന്നു. വയനാട്ടുകാരനായ വിഷ്ണു പ്രസാദിന് കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചിരുന്നെങ്കിലും ഇൻറർവ്യൂവിനു പങ്കെടുക്കണമെങ്കിൽ ഡിജിസിഎയുടെ എടിആർ എൻഡോഴ്സ്മെന്റ് ലൈസൻസ് ആവശ്യമായിരുന്നു. കൽപറ്റയിൽ തിരക്കിനിടെ സുരേഷ് ഗോപിയെ കണ്ടു കാര്യം പറയാൻ സാധിക്കാതെ വിഷമിച്ച ആ അമ്മ എന്റെ കയ്യിലൊരു അപേക്ഷയടങ്ങിയ കവർ തന്നു ‘ഒന്ന് സാറിനോടു പറയണം, ഞങ്ങടെ സ്വപ്നമാണ്, നാല് ദിവസത്തിനുള്ളിൽ നടക്കുന്ന ഇൻറർവ്യൂവിൽ മകന് പങ്കെടുക്കാൻ എടിആർ ലൈസൻസ് വേണം, ഉന്നത ഇടപെടൽ ഉണ്ടെങ്കിലേ നടക്കൂ’. 

കാറിലിരുന്ന് ഞാൻ കാര്യം അവതരിപ്പിച്ചു. ഡൽഹിയിലെത്തിയ സുരേഷ് ഗോപി കേന്ദ്ര മന്ത്രി വി.കെ സിങ്ങിനെ ഇന്നലെ കാലത്തു കണ്ടു. ഇന്നലെ വൈകിട്ട് വിഷ്ണു പ്രസാദിന് എടിആർ ലൈസൻസ് കയ്യിൽ കിട്ടി. ഇനി വിഷ്ണു പ്രസാദിന‌ു ധൈര്യമായി പറക്കാം. 24 മണിക്കൂർ കൊണ്ട് കേരളത്തിലെ ഒരു ആദിവാസി യുവാവിന് പൈലറ്റാകാനുള്ള വലിയൊരു കടമ്പ കടക്കാൻ കഴിഞ്ഞത് സുരേഷ് ഗോപി എന്ന ഒറ്റ മനുഷ്യന്റെ കഴിവു കൊണ്ടാണ്. എഴുതാൻ വിട്ടു പോയ ഒട്ടേറെ കാര്യങ്ങളുണ്ട്. വയനാട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എത്ര ദിവസം വേണമെന്നാണ് സുരേഷ് ഗോപി എംപി ചോദിച്ചത്. രണ്ട് ദിവസം വേണം സുരേഷേട്ടാ എന്ന് പറഞ്ഞപ്പോൾ ‘ദാ പിടിച്ചോ മൂന്ന് ദിവസം’ എന്നു മറുപടി. 

മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിന് ശേഷം പാർലമെന്റിൽ പോയി വയനാടിന്റെ, കേരളത്തിന്റെ, ആദിമ ഗോത്ര ജനതയുടെ ശബ്ദമായി സുരേഷ് ഗോപി എംപി മാറി. ബത്തേരിയിൽ വച്ചു രാത്രി പിരിയുമ്പോൾ തോളിൽ തട്ടി ‘വെൽഡൺ സന്ദീപ്’ എന്ന് പറഞ്ഞ വാക്കുകൾ ജീവിതത്തിൽ ലഭിച്ച വലിയൊരു അംഗീകാരമായി കരുതുന്നു സുരേഷേട്ടാ. ബിജെപി വയനാട് സഹപ്രഭാരി എന്ന നിലയിൽ സുരേഷ് ഗോപി എംപിക്കു നന്ദി .. നന്ദി .. ഒരായിരം നന്ദി.

English Summary: Sandeep G Varier praise Suresh Gopi MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com