വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് അതിസുരക്ഷാ ജയിലിൽ വിവാഹിതനായി
Mail This Article
ലണ്ടൻ∙ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജും സ്റ്റെല്ല മോറിസും വിവാഹിതനായി. ബ്രിട്ടനിലെ അതി സുരക്ഷാ ജയിലിൽ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. രണ്ട് അതിഥികളും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
യുഎസ് സൈന്യവുമായി ബന്ധപ്പെട്ട അതിസുരക്ഷാ വിവരങ്ങൾ ചോർത്തിയതിനെത്തുടർന്നാണ് അൻപതുകാരനായ അസാൻജിനെ പിടികൂടാൻ യുഎസ് നീക്കം ആരംഭിച്ചത്. ലണ്ടനിലെ ഇക്വഡോർ എംബസിയിലാണ് ഏഴ് വർഷം ജൂലിയൻ കഴിച്ചുകൂട്ടിയത്. 2019ലാണ് ലണ്ടനിൽ ജയിലിലായത്.
താൻ അതീവ സന്തോഷവതിയും അതീവ ദുഖിതയുമാണെന്ന് സ്റ്റെല്ല മോറിസ് പറഞ്ഞു. പൂർണ ഹൃദയത്തോടെ ജൂലിയനെ സ്നേഹിക്കുന്നു. എന്നോടൊപ്പം ജൂലിയൻ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. തന്നെ സംബന്ധിച്ചിടത്തോളം ജൂലിയൻ കളങ്കമില്ലാത്തവനും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവനുമാണ്– സ്റ്റെല്ല പറഞ്ഞു.
ജയിലിന് പുറത്ത് കാത്തുനിന്ന സുഹൃത്തുക്കൾക്കൊപ്പം സ്റ്റെല്ല കേക്ക് മുറിച്ചു. ജൂലിയൻ അസാൻജിനെ യുഎസിന് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസ് ബ്രിട്ടിഷ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
English Summary: Julian Assange Marries Stella Moris