പിറവത്ത് പ്രതിഷേധിച്ച് എംഎൽഎയും നാട്ടുകാരും; സംഘർഷത്തിൽ 4 പേർക്ക് പരുക്ക്
Mail This Article
കൊച്ചി∙ എറണാകുളം പിറവത്ത് സിൽവർ ലൈൻ സർവേയ്‌ക്കെതിരെ പ്രതിഷേധം. പിറവം മണീട് പാടശേഖരത്തിലും പുരയിടത്തിലും ഡിജിപിഎസ് ഉപയോഗിച്ച് സ്ഥലം രേഖപ്പെടുത്തി. ഇതു തടയാൻ സ്ഥലം എംഎൽഎ അനുപ് ജേക്കബിന്റെ നേതൃത്വത്തിൽ നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും സംഘടിച്ചെത്തിയതോടെ പ്രതിഷേധം സംഘർഷത്തിലേക്കു വഴിമാറി.
ഉന്തിലും തള്ളിലുംപെട്ട് കോൺഗ്രസ് പിറവം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അടക്കം നാല് പേർക്ക് പരുക്കേറ്റു. കെ റയിൽ സംഘമെത്തിയ വാഹനവും സമരക്കാർ തടഞ്ഞിട്ടു. പിന്നീട് പൊലീസ് എത്തി ഇവരെ സുരക്ഷിതമായി മാറ്റുകയായിരുന്നു.
ജനവികാരം കണക്കിലെടുത്ത് സർവേ സംഘം പിന്മാറണമെന്ന് പിറവം എംഎൽഎ അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. കൂടുതൽ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് പദ്ധതി കടന്ന് പോകുന്നതെന്നും ഇവിടങ്ങളിൽ സർവേ നടത്തി കല്ലിടാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു. ജനകീയ പ്രതിരോധം ശക്തമായതിനെ തുടർന്ന് ചോറ്റാനിക്കരയിലെ സർവേ നടപടികൾ ഉപേക്ഷിച്ചിരുന്നു.
English Summary: Silver Line Protest at Piravom Turned Violent