യുപിയിൽ പുതുചരിത്രം രചിച്ച് യോഗി; മുഖ്യമന്ത്രിയായി രണ്ടാം സത്യപ്രതിജ്ഞ
Mail This Article
ലക്‌നൗ ∙ ഉത്തർപ്രദേശിൽ പുതുചരിത്രം കുറിച്ച് യോഗി ആദിത്യനാഥ് തുടർച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന ബിജെപി നേതാക്കൾ, ബോളിവുഡ് താരങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 37 വർഷത്തിനിടെ, സംസ്ഥാനത്തു ഭരണകാലാവധി തികച്ചു വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയാണ് യോഗി. ആകെ 52 മന്ത്രിമാരാണു സത്യപ്രതിജ്ഞ ചെയ്തത്; 32 പേർ പുതുമുഖങ്ങളാണ്.
യോഗി മന്ത്രിസഭയിൽ ഇത്തവണയും രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട്. തിരഞ്ഞെടുപ്പിൽ തോറ്റ കേശവ് പ്രസാദ് മൗര്യയ്ക്കു വീണ്ടും പദവി കിട്ടിയപ്പോൾ, മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമയ്ക്കു സ്ഥാനം നഷ്ടമായി. ബ്രാഹ്മണ വിഭാഗം നേതാവ് ബ്രജേഷ് പഥകാണ് രണ്ടാമത്തെ ഉപമുഖ്യമന്ത്രി. ലക്‌നൗ അടൽ ബിഹാരി വാജ്‌പേയി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ബിജെപിയുടെ എല്ലാ മുഖ്യമന്ത്രിമാർക്കും മുൻ മുഖ്യമന്ത്രിമാർക്കും പരിപാടിയിലേക്കു ക്ഷണമുണ്ടായിരുന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റനൗട്ട്, നിർമാതാവ് ബോണി കപൂർ എന്നിവരെയും ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും ക്ഷണിച്ചിരുന്നു. 403 അംഗ നിയമസഭയിൽ 255 സീറ്റുകളിൽ വിജയിച്ചാണു ബിജെപി അധികാരം നിലനിർത്തിയത്. 41 ശതമാനം വോട്ടുവിഹിതവും സ്വന്തമാക്കി.
English Summary: Yogi Adityanath: Second Term in UP, A 37-Year-Record