ADVERTISEMENT

തിരുവനന്തപുരം ∙ കെഫോൺ പദ്ധതിയുടെ മറവിൽ, സിപിഎമ്മിന് ബന്ധമുള്ള സൊസൈറ്റി ഇടനിലനിന്ന് കോടികളുടെ തട്ടിപ്പു നടത്തുന്നതായി ബിജെപി. കെ ഫോണിനായി ഒപ്റ്റിക്കൽ ഫൈബർ കേബിളിടാൻ സർക്കാർ കരാർ നൽകിയതിൽ കോടികളുടെ തട്ടിപ്പ് നടന്നതായി ബിജെപി സംസ്ഥാന വക്താവ് ആർ.സന്ദീപ് വാചസ്പതി ആരോപിച്ചു. 

കേബിളിടാൻ കരാർ നൽകിയത് പൊതുമേഖലാ സ്ഥാപനമായ ബെല്ലിനാണ്. കിലോമീറ്ററിന് 48,000 രൂപ വരെയുള്ള നിരക്കിലാണ് നൽകിയത്. ഉപകരാർ നൽകില്ലെന്ന് സർക്കാരുമായി ധാരണയുണ്ടാക്കിയ ബെല്ലിൽനിന്ന് ഈ കരാർ സിപിഎമ്മിന് ബന്ധമുള്ള സർക്കാരിന്റെ എല്ലാ നിർമാണ കരാറുകൾക്കും ആദ്യം പരിഗണിക്കുന്ന സൊസൈറ്റിക്കു നൽകി. ഇവർ വീണ്ടും ഉപകരാർ നൽകിയത് വെറും 8,000 മുതൽ 10,000 രൂപയ്ക്കാണ്. 52 കോടിയുടെ കരാറാണ് സർക്കാർ നൽകിയതെന്ന് ബിജെപി ആരോപിക്കുന്നു.

കരാർ എടുക്കുന്ന കമ്പനി ഉപകരാർ നൽകാൻ പാടില്ല എന്ന വ്യവസ്ഥ അട്ടിമറിക്കപ്പെട്ടത് സിപിഎമ്മിനു ബന്ധമുള്ള സൊസൈറ്റിക്ക് വേണ്ടിയാണ്. ഒരു കിലോമീറ്റർ കേബിളിടാൻ ഖജനാവിൽനിന്ന് 48,000 രൂപ വരെ ചെലവാകുന്നുണ്ടെങ്കിലും വെറും 8,000 രൂപയുടെ പണി മാത്രമേ യഥാർഥത്തിൽ നടക്കുന്നുള്ളൂ. ബാക്കി പണം സിപിഎമ്മിനുള്ള നോക്കുകൂലിയാണ്. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും സന്ദീപ് പറഞ്ഞു. 

സംസ്ഥാനം മുഴുവൻ ഒഎഫ്‌സി കേബിളിടാൻ യാതൊരു മുൻപരിചയവുമില്ലാത്ത കോതമംഗലം സ്വദേശിക്ക് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ട്. ബെല്ലിനെ മുന്നിൽ നിർത്തി ഇത്തരത്തിൽ വൻ അഴിമതി നടത്തുന്നത് ആരാണെന്ന് കണ്ടെത്താൻ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം. ഓരോ ജില്ലയിലെയും പണി തീർന്നതിന് ശേഷം മാത്രമേ കരാറുകാരന് ബിൽ മാറി നൽകാവൂ എന്നാണ് കരാർ വ്യവസ്ഥ. ഇതും അട്ടിമറിക്കപ്പെട്ടു.

സ്വമേധയാ വിരമിച്ച തമിഴ്നാട് കേഡർ ഐഎഎസുകാരനെ കെഎസ്ഐടിഐഎല്ലിന്‍റെ തലപ്പത്തേക്ക് അവരോധിച്ചതിന് ശേഷമാണ് ഇത് നടന്നത്. ഇക്കാര്യത്തിലും അഴിമതിയുണ്ട്. കമലഹാസന്‍റെ രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചയാളെ കേരളത്തിലെത്തിച്ചത് ഇവിടെ ഐഎഎസുകാർ ഇല്ലാത്തതു കൊണ്ടാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

ഭൂരിഭാഗം പണിയും പൂർത്തിയായി എന്ന മുഖ്യമന്ത്രിയുടെ അവകാശവാദം യാഥാർഥ്യവുമായി ചേർന്നതല്ല. ഇപ്പോഴത്തെ വേഗത്തിലാണ് പണി പൂർത്തിയാകുന്നതെങ്കിൽ മൂന്നു വർഷം കഴിഞ്ഞാലും കെ ഫോൺ യാഥാർഥ്യമാകില്ലെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.

English Summary: BJP against Kerala Fiber Optic Network (K-Fon) Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com