'സ്വിച്ച് ബോര്‍ഡിലെ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടര്‍ന്നു'; 5 പേരുടെ മരണകാരണം
Mail This Article
തിരുവനന്തപുരം∙ കാർ പോർച്ചിലെ സ്വിച്ച് ബോർഡിലുണ്ടായ തീപ്പൊരിയിൽനിന്ന് തീ കേബിൾ വഴി വീട്ടിനുള്ളിലേക്കു പടർന്നാണ് വർക്കലയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചതെന്നു സംശയിക്കുന്നതായി അഗ്നിശമന സേനയുടെ റിപ്പോർട്ട്. താഴത്തെ നിലയിൽ കത്തുന്ന വസ്തുക്കളുണ്ടായിരുന്നതിനാൽ തീ പടർന്നു പിടിച്ച്, പുക നിറഞ്ഞ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിന്റെ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. വീട്ടിലെ സിസിടിവി ക്യാമറ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ദൃശ്യങ്ങൾ കിട്ടിയാൽ മാത്രമേ തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമാകൂ എന്നും ഇലക്ട്രിക്കൽ ഇൻസ്പക്ട്രേറ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
വീട്ടിൽ വായു സഞ്ചാരമാർഗങ്ങൾ കുറവായതിനാൽ പുക കോണിപ്പടിയിലൂടെ ഒന്നാമത്തെ നിലയിലെത്തി വാതിലുകളുടെയും ജനലിന്റെയും വിടവുകളിലൂടെ മുറികളിലേക്കു പ്രവേശിച്ചു. തീയുടെ ചൂട് കാരണം താഴത്തെ നിലയിലെ ഹാളിലെ സീലിങ് അടർന്നു വീണു. കുടുംബാംഗങ്ങൾ ഉറക്കത്തിലായതിനാൽ പുക പടരുന്നത് അറിഞ്ഞില്ല. ശ്വാസതടസ്സം നേരിട്ട് എണീക്കുമ്പോൾ മുറിയിൽ പുക നിറഞ്ഞ് വാതിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കാം.
എണീറ്റു നിന്നതിനാൽ മുറിയുടെ മുകൾ ഭാഗത്ത് തങ്ങിനിന്ന വിഷവാതകങ്ങൾ കൂടുതൽ ശ്വസിച്ച് അവശ നിലയിലാകാൻ സാധ്യതയുണ്ട്. വെപ്രാളത്തിൽ വാതിലുകൾ വലിച്ചു തുറന്നപ്പോൾ മുറിക്കു പുറത്ത് ഹാളിൽ തങ്ങിനിന്ന പുക ശക്തിയായി ഇവരുടെ മുഖത്തേക്ക് അടിച്ച് അതു ശ്വസിച്ച ഉടൻ തന്നെ നിലത്തു വീണിരിക്കാം. വാതിലിനു സമീപം ഇവരെ കണ്ടെത്തിയത് അതിനു തെളിവാണ്. വാതിൽ തുറന്നു പുറത്തുപോകുന്നത് അപകടമാണെന്നു കരുതിയാകും അമ്മയും കുഞ്ഞും ശുചിമുറിയിൽ പ്രവേശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കെട്ടിടത്തിന്റെ പുറത്ത് കാർപോർച്ചിൽ സ്ഥാപിച്ചിരുന്ന സ്വിച്ച് ബോർഡ് ഉരുകി ഒലിച്ച നിലയിലായിരുന്നു. കേബിള്‍ ഇടുന്ന പൈപ്പ് ഹാളിൽ ടിവി സ്റ്റാൻഡിനു സമീപത്തുകൂടെ ഡിസ്ട്രിബ്യൂഷൻ ബോർഡിലേക്കാണ് പോകുന്നത്. ഇതെല്ലാം കത്തിയ നിലയിലായിരുന്നു. ടിവി സ്റ്റാൻഡും സോഫയും ജനലും കർട്ടനുകളും കത്തി. ജനലിന്റെയും ബീമിന്റെയും പ്ലാസ്റ്ററിങ് ഇളകി വീണു. ജനൽപ്പടിയുടെ പോർച്ചിലെ ഭാഗം ചെറുതായി തീ കത്തി. ഹാളിലെ ശക്തമായ തീ ജനലിലൂടെ പുറത്തെത്തി പോർച്ചിലെ ബൈക്കുകളിൽ വീണ് ബൈക്കുകൾ കത്തിയതാകാം. ഹാളിൽ തീ പിടിച്ച അത്ര തീവ്രതയിലല്ല പോർച്ചിൽ തീ പിടിച്ചത്. റൂമിലെ കട്ടിലിനും മെത്തയ്ക്കും തീ പിടിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഈ മാസം എട്ടിനാണ് വർക്കലയിൽ ഒരു കുടുംബത്തിലെ 5 പേർ തീ പിടിച്ചു മരിച്ചത്. പച്ചക്കറി വ്യാപാരിയും ചെറുന്നിയൂർ സ്വദേശിയുമായ പ്രതാപൻ (62), ഭാര്യ ഷേർളി (53), മകൻ അഹിൽ(29), മകൻ നിഹുലിന്റെ ഭാര്യ അഭിരാമി (25) ഇവരുടെ മകൻ റയാൻ (8 മാസം) എന്നിവരാണ് മരിച്ചത്. നിഹുലിനെ(32) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്ത മകൻ രാഹുൽ സംഭവം നടക്കുമ്പോൾ വിദേശത്തായിരുന്നു.
English Summary : Fire force report on Varkala fire death