വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ റെയ്ഡ്; 3 പലസ്തീൻകാർ കൊല്ലപ്പെട്ടു
Mail This Article
ജറുസലം∙ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ റെയ്ഡിനിടെയുണ്ടായ വെടിവയ്‌പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം. ടെൽ അവീവിനടുത്തുള്ള ബ്നെയ് ബ്രാക്കിൽ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലായി നടന്ന വെടിവയ്‌പിൽ 5 ഇസ്രയേൽ പൗരൻമാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ജനിൻ പട്ടണത്തിലെ അഭയാർഥി ക്യാംപിൽ സൈന്യം റെയ്ഡ് നടത്തിയത്.
സനദ് അബു അത്തിയെ (17), യസീദ് അൽ-സാദി (23) എന്നിവരാണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം. ബത്‌ലഹം നഗരത്തിനു തെക്ക് ഗുഷ് എറ്റ്‌സിയോൺ എന്ന അനധികൃത സെറ്റിൽമെന്റിന് സമീപം കത്തിയാക്രമണം നടത്തിയ പലസ്തീൻ പൗരനെയും സൈന്യം വെടിവച്ചുകൊന്നു. നിദാൽ ജുമാ ജാഫ്ര (30) എന്നയാളാണെന്നു കൊല്ലപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് ഇസ്രയേൽ പൗരൻമാർക്കു പരുക്കേറ്റു. ജനിൻ പട്ടണത്തിൽ നടന്ന വെടിവയ്പിൽ 14 പലസ്തീൻകാർക്കും പരുക്കേറ്റു.
ബ്നെയ് ബ്രാക്കിൽ ചൊവ്വാഴ്ച ആക്രമണം നടത്തിയ പലസ്‍തീൻകാരനായ ദിയാ ഹമർഷെ (27) യുടെ വീട്ടിൽ റെയ്‍ഡ് നടത്തിയതായി സൈന്യം അറിയിച്ചു. റെയ്‌ഡിനു ശേഷം ഇയാളുടെ വീട് സൈന്യം തകർത്തു. ദിയാ ഹമർഷെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിൽ സമീപ ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളെ ഭീകരാക്രമണമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് വിശേഷിപ്പിച്ചത്. ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇത്തരം ആക്രമണങ്ങളെ അടിച്ചമർത്തുമെന്നും നാഫ്തലി ബെന്നറ്റ് പറഞ്ഞു. തോക്കുപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളവരും സ്വന്തമായി തോക്കുള്ളവരും അതുമായി പൊതുനിരത്തിലിറങ്ങണമെന്നു ബ്നെയ് ബ്രാക്കിൽ നടന്ന ആക്രമണത്തിനു പിന്നാലെ നാഫ്തലി ബെന്നറ്റ് പറഞ്ഞത് വിവാദമായിരുന്നു.
English Summary: Israeli forces kill three Palestinians in the occupied West Bank