‘ടിപ്പുവിന്റെ പടയോട്ട’ത്തിനെതിരെ ബിജെപി; ‘മൈസൂർ കടുവ’ വിശേഷണം നീക്കിയേക്കും
Mail This Article
ബെംഗളൂരു ∙ ‘മൈസൂർ കടുവ’ ടിപ്പു സുൽത്താനെ വാഴ്ത്തുന്ന ഭാഗങ്ങൾ നീക്കി സാമൂഹിക പാഠപുസ്തകം പരിഷ്കരിക്കാൻ സർക്കാർ നീക്കമാരംഭിച്ചതിനെതിരെ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. പുതിയ അധ്യയന വർഷം പരിഷ്കരിച്ച പാഠഭാഗങ്ങൾ നിലവിൽ വന്നേക്കുമെന്ന സൂചനകൾ ശക്തമായതിനെ തുടർന്ന് വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നു എന്നാരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തു വന്നു. ടിപ്പുവിന്റെ ചരിത്രം വിശദീകരിക്കുന്ന ചെറിയൊരു ഭാഗം മാത്രം നിലനിർത്താനാണ് സർക്കാർ നീക്കം.
എന്നാൽ ടിപ്പു സുൽത്താനെ സാമൂഹിക പാഠപുസ്തകങ്ങളിൽ നിന്ന് നീക്കാൻ ബിജെപി സർക്കാരിനു പദ്ധതിയില്ലെന്നു കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് വിശദീകരിച്ചു. ‘മൈസൂർ കടുവ’ എന്ന വിശേഷണത്തിനു എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് നിലനിർത്തും.
ആരുടെയെങ്കിലും ഭാവനകളല്ല യഥാർഥ ചരിത്രമാണ് കുട്ടികൾ പഠിക്കേണ്ടതെന്ന ബോധ്യമുള്ളതിനാലാണ് ടിപ്പുവിനെ മഹത്വവത്കരിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും ബി.സി.നാഗേഷ് പറഞ്ഞു. ചരിത്രപരമായ തെളിവുകൾ ഉള്ള സംഭവങ്ങളോ മറ്റുകാര്യങ്ങളോ ഒഴിവാക്കില്ലെന്നാണു കർണാടക വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. 600 വർഷം രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രവിശ്യകൾ ഭരിച്ച അഹം രാജവംശം, കശ്മീർ ചരിത്രം തുടങ്ങിയവ സിലബസിൽ ഉൾപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.
English Summary: Karnataka likely to drop Tipu Sultan’s ‘Tiger of Mysore’ title from textbooks