ടയർ പഞ്ചർ, കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാർ കെട്ടിവലിച്ച് കൊണ്ടുപോകാൻ നീക്കം
Mail This Article
കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത നടൻ ദിലീപിന്റെ കാർ കെട്ടിവലിച്ചു കൊണ്ടുപോകാൻ ശ്രമം. നിലവിൽ ടയറുകൾ പഞ്ചറായി ഓടിച്ചുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായതിനാൽ ഉദ്യോഗസ്ഥർ മഹസർ തയാറാക്കി മടങ്ങി. വെള്ളിയാഴ്ച വൈകിട്ട് ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് ചുവപ്പ് സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തത്.
മെക്കാനിക്കുമായി എത്തി കാർ കെട്ടിവലിച്ചു കൊണ്ടുപോകാനാണ് ശ്രമം. കാറിനെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥർ ദിലീപിനോടു ചോദിച്ചപ്പോൾ വർക്‌ഷോപ്പിൽ ആണെന്നായിരുന്നു മറുപടി. കേസിലെ പ്രതി പൾസർ സുനി 2016ൽ ദിലീപിന്റെ വീട്ടിലെത്തി പണം വാങ്ങി മടങ്ങിയത് ഈ കാറിലാണെന്നും സംവിധായകൻ പി. ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരൻ അനൂപും അന്ന് കാറിൽ ഒപ്പമുണ്ടായിരുന്നതായും അന്വേഷണ സംഘം പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് കാർ കസ്റ്റഡയിലെടുത്തത്.
പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനലും അന്വേഷണ സംഘം കണ്ടെത്തി. ദിലീപും സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് കണ്ടെടുത്ത കത്ത്. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താൻ സുനിയുടെ കയ്യക്ഷരത്തിന്റെ സാംപിൾ ശേഖരിച്ചു. ഇത് ഉടൻ പരിശോധനയ്ക്ക് അയക്കും. സുനിയുടെ സഹതടവുകാരനായ കുന്ദംകുളം സ്വദേശിയുടെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. എല്ലാവരെയും വിലക്കെടുത്താലും കോടതി വെറുതേ വിട്ടാലും സത്യം അറിയുന്നവർ എന്നും മൂടി വയ്ക്കും എന്ന് കരുതരുത് എന്ന് കത്തിലുണ്ട്. കൂടാതെ എല്ലാം കോടതിയിൽ പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങിക്കൊള്ളാമെന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
English Summary: Crime Branch Took Dileep's Car Into Custody