സിൽവർലൈൻ: യൂത്ത് കോൺഗ്രസുകാർക്കു നേരെ പൊലീസ് ലാത്തിവീശി, 2 പേർക്ക് പരുക്ക്
Mail This Article
കൊച്ചി∙ താലൂക്ക് ഓഫിസിൽ സിൽവർലൈനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. രണ്ടു പേർക്കു പരുക്കേറ്റു. ഓഫിസിനകത്തു കയറി കെ–റെയിൽ കുറ്റിയുടെ മാതൃക സ്ഥാപിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്. പ്രതിഷേധ പരിപാടി നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പൊലീസിനെ വെട്ടിച്ച് പ്രവർത്തകർ ഓഫിസിന്റെ മതിൽ ചാടി അകത്തു കടക്കുകയായിരുന്നു.
സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഷ്ക്കർ ബാബു, ബെയ്സിൽ ഡിക്കോത്ത എന്നിവർക്കു പരുക്കേറ്റു. ഇവരെ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ സ്റ്റേഷനിലേക്കു മാർച്ചു നടത്തി. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
English Summary : Police action against silverline protest in Kochi Taluk Office