ശ്രീചിത്രയിലും കാരുണ്യയിലൂടെ സൗജന്യ ചികിത്സ; സേവനം ഏപ്രില്‍ പകുതിയോടെ
Mail This Article
തിരുവനന്തപുരം ∙ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്‌നോളജിയിലും കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി വഴി (കാസ്പ്) സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാരുണ്യ പദ്ധതിയിലൂടെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയില്‍ (എസ്എച്ച്എ) എംപാനല്‍ ചെയ്തു. ഇതോടൊപ്പം കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും ശ്രീചിത്രയില്‍നിന്നും സൗജന്യ ചികിത്സ ലഭ്യമാകും.
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശ്രീ ചിത്ര മുൻപുണ്ടായിരുന്ന ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ പങ്കാളികളായായിരുന്നെങ്കിലും കാസ്പ് ആരംഭിച്ച കാലം മുതല്‍ പങ്കാളിയല്ലായിരുന്നു. അതിനാല്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ കിട്ടിയില്ല. ശ്രീചിത്രയെ കാസ്പില്‍ പങ്കാളിയാക്കാന്‍ സംസ്ഥാന സര്‍ക്കാരും എസ്എച്ച്എയും നിരന്തര ഇടപെടലുകള്‍ നടത്തി. കാസ്പ് പദ്ധതിയില്‍ ശ്രീചിത്ര കൂടി പങ്കാളിയായതോടെ അതിനൂതനവും വളരെ ചെലവേറിയതുമായ അനേകം ചികിത്സകള്‍ അര്‍ഹരായ രോഗികൾക്കു സൗജന്യമായി ലഭിക്കും.
ഏപ്രില്‍ രണ്ടാം വാരത്തോടെ കാസ്പ് മുഖേനയുള്ള സൗജന്യ ചികിത്സ ഇവിടെ ലഭ്യമാകും. ഇതിനായുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് നിര്‍ദേശം നല്‍കി. ഉടന്‍ തന്നെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ പ്രത്യേക കിയോസ്‌ക് ശ്രീചിത്രയില്‍ സ്ഥാപിക്കും. കാസ്പിന്റെ സൗജന്യ ചികിത്സയെപ്പറ്റിയും നടപടിക്രമങ്ങളെപ്പറ്റിയും ശ്രീചിത്രയിലെ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. കിയോസ്‌കിലെത്തുന്ന അര്‍ഹരായവര്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണ്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വര്‍ഷംതോറും കാസ്പിലൂടെ ലഭിക്കുന്നത്.
സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന കാസ്പ് വഴി 2021-22ല്‍ 5,27,117 ഗുണഭോക്താക്കള്‍ക്കായി 16.13 ലക്ഷം ക്ലൈമുകളില്‍ 1,473 കോടി രൂപയുടെ ചികിത്സാ സഹായമാണ് നല്‍കിയത്. അതില്‍ 1334 കോടി രൂപയും സംസ്ഥാനമാണ് വഹിക്കുന്നത്. 139 കോടി രൂപ കേന്ദ്ര ധനസഹായമായി ലഭിച്ചിട്ടുണ്ട്. നിലവില്‍ 198 സര്‍ക്കാര്‍ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 650 ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ കോവിഡ് ചികിത്സയ്ക്കു വേണ്ടി 148 ആശുപത്രികളും എംപാനല്‍ ചെയ്തിട്ടുണ്ട്. ഈ ആശുപത്രികളില്‍നിന്നും കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴിയും ചികിത്സാ സഹായം ലഭ്യമാകും. കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.
English Summary : Sree Chitra Tirunal Institute offers free treatment under KASP project