ADVERTISEMENT

ന്യൂഡല്‍ഹി ∙ ഇന്ത്യ-നേപ്പാള്‍ ട്രെയിന്‍ സര്‍വീസിന്റെയും നേപ്പാളിലെ റുപെ പണമിടപാട് സംവിധാനത്തിന്റെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദ്യൂബയും ചേര്‍ന്നു നിര്‍വഹിച്ചു. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയില്‍ നിരവധി ധാരണാപത്രങ്ങളിലും ഒപ്പിട്ടു. വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 

രാജ്ഘട്ടില്‍ എത്തി ഗാന്ധിജിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ദ്യൂബ ഹൈദരാബാദ് ഹൗസിലെത്തിയത്. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ത്രിദിന സന്ദര്‍ശനത്തിനായാണ് നേപ്പാള്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. റെയില്‍വേ, ഊര്‍ജം എന്നീ മേഖലകളിൽ  ഇരുരാജ്യങ്ങളും കരാറുകള്‍ ഒപ്പുവച്ചു. ഇന്ത്യയുമായുള്ള നേപ്പാളിന്റെ ബന്ധം ഏറെ പ്രധാന്യമുള്ളതാണെന്ന് ദ്യൂബ പറഞ്ഞു.  ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ നേപ്പാളില്‍ നിര്‍മിച്ച വൈദ്യുതലൈനിന്റെയും സബ്‌സ്‌റ്റേഷന്റെയും ഉദ്ഘാടനം ഇരുവരും നിര്‍വഹിച്ചു.

ബിഹാറിലെ ജയനഗറില്‍നിന്നു നേപ്പാളിലെ കുര്‍ത്തയിലേക്കുള്ള 34.5 കിലോമീറ്റര്‍ പാതയിലാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. പദ്ധതിക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം 784 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ നേപ്പാളിലെ കുര്‍ത്തയില്‍നിന്നു ബിജാല്‍പുരയിലേക്കും മൂന്നാം ഘട്ടത്തില്‍ ബിജാല്‍പുരയില്‍നിന്നു ബര്‍ദിബാസിലേക്കും പാത നീട്ടും.

ഇന്ത്യന്‍ റെയില്‍വേയാണ് പാതയുടെ നിര്‍മാണം നടത്തുന്നത്. ട്രെയിന്‍ സര്‍വീസ് നടത്താന്‍ കൊങ്കണ്‍ റെയില്‍വേ 10 ഡെമു കോച്ചുകള്‍ നേപ്പാളിനു കൈമാറി. ബ്രിട്ടിഷ് ഭരണകാലത്ത് 1935ല്‍ ബിഹാറിലെ ജയനഗറില്‍നിന്നു ബിജാല്‍പുരയിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നു. 2001ലെ പ്രളയത്തില്‍ ഈ പാത പൂര്‍ണമായും തകര്‍ന്നതോടെയാണു ഗതാഗതം നിലച്ചത്. 

English Summary: PM Modi, Nepal PM Deuba inaugurate cross-border train service, rupay system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com