ADVERTISEMENT

കണ്ണൂർ ∙ സിൽവർലൈൻ വിഷയത്തിൽ നേതാക്കൾ തമ്മിൽ അഭിപ്രായഭിന്നതയില്ലെന്നും സർക്കാരിനു പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും സിപിഎം പിബി അംഗം വൃന്ദ കാരാട്ട്. വൻകിട പദ്ധതികൾക്കായി പരിസ്ഥിതി ആഘാതപഠനം നടത്തേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാർ നിലപാട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്.

എന്നാൽ, പരിസ്ഥിതി പഠനം നടത്തണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിലും എന്തൊക്കെ കാര്യങ്ങൾ പദ്ധതിക്കായി ചെയ്യണമെന്ന് നിർദേശിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ജനങ്ങളുടെ ആശങ്കകൾ പൂർണമായി പരിഹരിച്ച് മുന്നോട്ടു പോകുമെന്നാണ് പാർട്ടി നിലപാടെന്നും വൃന്ദ പറഞ്ഞു. 

ചില സംസ്ഥാനങ്ങളെപോലെ പരിസ്ഥിതി ആഘാത പഠനം (ഇഐഎ) വേണ്ടെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ല. ഗുജറാത്തിൽ പദ്ധതികൾക്കായി പരിസ്ഥിതി ആഘാത പഠനം ഇല്ല. ആദിവാസികളുടെ ഭൂമി, പദ്ധതികളുടെ പേരിൽ‌ കോർപറേറ്റുകൾക്കു കൊടുക്കുകയാണ്. ഇവിടെ ജനങ്ങളുടെ ജീവിത ഗുണനിലവാരം ഉയർത്താനാണ് സർക്കാർ നോക്കുന്നത്. ജനങ്ങളുടെ താൽപര്യം സംരക്ഷിച്ചേ സർക്കാർ മുന്നോട്ടു പോകൂ.

ബിജെപിയെ പരാജയപ്പെടുത്തുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ സഹകരിക്കാൻ താൽപര്യമുള്ള പാർട്ടികളുമായും സംഘടനകളുമായും സിപിഎം സഹകരിക്കും. തിരഞ്ഞെടുപ്പ് സമയത്താണ് രാഷ്ട്രീയ സഖ്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതെന്ന് കോൺഗ്രസുമായുള്ള സഹകരണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി വൃന്ദ പറഞ്ഞു. കേരള മോഡലും എൽഡിഎഫ് സർക്കാരിന്റെ നയങ്ങളും ദേശീയ തലത്തിൽ പ്രചരിപ്പിക്കുമെന്നും വൃന്ദ വ്യക്തമാക്കി.

English Summary: Brinda Karat on Silverline project Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com