ADVERTISEMENT

കണ്ണൂർ∙ സിൽവർ ലൈൻ വിഷയത്തിലും കോൺഗ്രസുമായുള്ള ബന്ധത്തിലും സിപിഎമ്മിൽ ആശയക്കുഴപ്പം തുടരുന്നു. പദ്ധതിയുമായി കേരളം മുന്നോട്ടുപോകുമെന്ന നിലപാടിലാണ് കേരള ഘടകമെങ്കിൽ പഠനത്തിനുശേഷം തീരുമാനമെടുക്കാമെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട്. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് അദ്ദേഹത്തിന്റെയും സർക്കാരിന്റെയും എൽഡിഎഫിന്റെയും ആഗ്രഹമാണെന്നും യച്ചൂരി വ്യക്തമാക്കിയതോടെ നിലപാടിലെ ഭിന്നത വ്യക്തമായി. ഇതോടെ, മാധ്യമങ്ങളെ കണ്ട യച്ചൂരി പൊളിറ്റ് ബ്യൂറോയും (പിബി) കേരള ഘടകവും തമ്മിൽ യാതൊരു ആശയഭിന്നതയുമില്ലെന്നും വ്യക്തമാക്കി.

പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയും കേരള സർക്കാരിന്റെ നിലപാടിനൊപ്പമാണ്. സിൽവർലൈൻ വേണമെന്ന സംസ്ഥാന പാർട്ടി നിലപാട് മന്ത്രി പി.രാജീവും ചർച്ചയിൽ ചൂണ്ടിക്കാട്ടി. പശ്ചാത്തല വികസനത്തിനു സിൽവർലൈൻ അനിവാര്യമാണെന്നായിരുന്നു മന്ത്രിയുടെ വാക്കുകളുടെ ഉള്ളടക്കം. പദ്ധതി നടപ്പിലാക്കുമ്പോൾ ജാഗ്രത വേണമെന്ന് ബംഗാൾ ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

ബിജെപിയെ ചെറുക്കാൻ ദേശീയ തലത്തിൽ മതേതര സഖ്യം വേണമെന്ന കരട് രാഷ്ട്രീയ പ്രമേയത്തിലെ നിർദേശത്തിലും അഭിപ്രായ ഏകീകരണത്തിലെത്താൻ പാർട്ടിക്കു കഴിഞ്ഞിട്ടില്ല. മതേതര സഖ്യത്തിൽ കോൺഗ്രസ് വേണോ വേണ്ടയോ എന്ന കാര്യത്തിലാണ് വ്യത്യസ്ത അഭിപ്രായങ്ങൾ. മതേതര സഖ്യത്തിൽ കോൺഗ്രസ് വേണമെന്ന നിലപാടാണ് ബംഗാൾ ഉൾപ്പെടെയുള്ള പല വടക്കേ ഇന്ത്യൻ സംസ്ഥാന ഘടകങ്ങൾക്കും. കോൺഗ്രസിനെ ഒഴിവാക്കി ബിജെപി വിരുദ്ധ മുന്നണി സാധ്യമല്ലെന്നാണ് ബംഗാൾ ഘടകത്തിന്റെ നിലപാട്. ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ എതിർക്കണമെന്നാണ് രാഷ്ട്രീയ പ്രമേയ ചര്‍ച്ചയിൽ സംസാരിച്ച ശ്രിജൻ ഭട്ടാചാര്യ പറഞ്ഞത്. എന്നാൽ, ബിജെപിയെയും തൃണമൂലിനെയും ഒരുപോലെ എതിർക്കുന്നത് ശരിയല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. 

കോൺഗ്രസിനെതിരെ നിശിതമായ വിമർശനമാണ് കേരളഘടകം ചർച്ചയിൽ നടത്തിയത്. ബിജെപിയെ ദേശീയ തലത്തിൽ ചെറുക്കാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ സംഘടനാശേഷി ദുർബലമായെന്നും അടിത്തറ ഇളകിയെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസുമായുള്ള ബന്ധത്തെ ചർച്ചയിൽ പങ്കെടുത്ത കെ.കെ.രാഗേഷും തള്ളി. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയാണ് വേണ്ടതെന്നായിരുന്നു രാജേഷിന്റെ നിർദേശം.

കോൺഗ്രസ് സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു. മതേതര സഖ്യത്തിന്റെ ഭാഗമാകുന്നത് കോൺഗ്രസ് തീരുമാനിക്കേണ്ട വിഷയമാണ്. ബിജെപിയെ എതിർക്കാൻ തയാറായവരുമായി ചേർന്നുള്ള പ്രക്ഷോഭത്തിനു സിപിഎം തയാറാണ്. ഓരോരുത്തരും എന്ത് നിലപാടെടുക്കുന്നു എന്നതാണ് പ്രധാനമെന്നും എസ്ആർപി പറഞ്ഞു. ഇന്ന് ഉച്ചയ്ക്കു ശേഷം ചർച്ചയ്ക്ക് ജനറൽ സെക്രട്ടറി മറുപടി പറയും.

English Summary: CPM Party Congress: Silver Line and Congress alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com