‘നാനാത്വം അട്ടിമറിച്ച് ഏകത്വം കൊണ്ടുവരാൻ കേന്ദ്രം; സംസ്ഥാനങ്ങൾ ഒന്നിച്ചു നിൽക്കണം’
Mail This Article
കണ്ണൂർ∙ സംസ്ഥാനങ്ങളെ സംരക്ഷിച്ചാലേ രാജ്യത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച സിപിഎം സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാത്വം അട്ടിമറിച്ച് ഏകത്വം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു. എല്ലാം ഒന്നു മതി എന്ന നിലപാട് ഒരാളിലും ഒരു പാർട്ടിയിലും ഒരു മതത്തിലുമെത്തി നിൽക്കുന്ന സാഹചര്യം ഉണ്ടാക്കും. ഭരണഘടനാ ശിൽപ്പികൾ നാനാത്വത്തിൽ ഏകത്വത്തിനുവേണ്ടിയാണു നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ അധികാരം ലഭിക്കാൻ സംസ്ഥാനങ്ങൾ ഒന്നിച്ചു നിൽക്കണം. ഒത്തൊരുമയാണ് ബലം എന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ഓർമിക്കണം. രാഷ്ട്രീയത്തെ മാറ്റി സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കായി പോരാടണം. അത്തരം കൂട്ടായ്മയിലൂടെയേ മതേതരത്വവും സാമൂഹിക നീതിയും നടപ്പിലാകൂ. സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ വിജയത്തിനായി രാഷ്ട്രീയ പാർട്ടികൾ നിലപാടെടുക്കണം. തലയാട്ടുന്ന പാവയായിരുന്നാൽ ഒന്നും ലഭിക്കില്ല.
പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ എം.കെ.സ്റ്റാലിൽ പ്രശംസിച്ചു. ഇന്ത്യൻ മുഖ്യമന്ത്രിമാരിൽ വേറിട്ടു നിൽക്കുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്നു സ്റ്റാലിൻ പറഞ്ഞു. മതേതത്വത്തിന്റെ മുഖമാണ് അദ്ദേഹം. ഒരു കൈയ്യിൽ പോരാട്ട വീര്യവും മറുകൈയ്യിൽ ഭരണപാടവവുമുള്ള നേതാവാണ്. അദ്ദേഹത്തിന്റെ ഭരണം തനിക്കു വഴികാട്ടിയാണ്. മലയാളത്തിലാണ് സ്റ്റാലിൻ പ്രസംഗിച്ചു തുടങ്ങിയത്.
‘സെമിനാറിൽ പങ്കെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി പറഞ്ഞപ്പോൾ ഉടനെ സമ്മതിച്ചു. തമിഴ്നാടിൽ നിയമസഭ നടക്കുകയാണെങ്കിലും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത് കടമയായി കാണുന്നു. പിണറായി തരുന്ന സ്നേഹം ഈ പരിപാടിയിൽ പങ്കെടുക്കാൻ ഒരു കാരണമാണ്. ചരിത്രപരമായി, സംഘകാലം മുതൽ കേരളവും തമിഴ്നാടുമായുള്ള ബന്ധവും ഈ പരിപാടിയിൽ പങ്കെടുക്കാൻ കാരണമാണ്. കമ്യൂണിസ്റ്റുകാരുടെ പേര് ഡിഎംകെ പ്രവർത്തകർക്കു നല്‍കിയിട്ടുണ്ട്. എന്റെ പേര് സ്റ്റാലിൻ എന്നത് ഉദാഹരണം. അതിനാൽ ഈ സമ്മേളത്തിൽ ഞാൻ മുഖ്യമന്ത്രിയായോ നേതാവായോ അല്ല നിങ്ങളിൽ ഒരാളായാണ് പങ്കെടുക്കുന്നത്’– സ്റ്റാലിൻ പറഞ്ഞു.
English Summary: BJP Government trying to destroy India's diversity, says MK Stalin