‘ഇത് ചതി, തറവാടിത്തമില്ലായ്മ, ഞങ്ങള്ക്ക് വേണ്ട; തിരുത തോമയെന്ന് വിളിച്ചത് വിഎസ്’
Mail This Article
തിരുവനന്തപുരം ∙ കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി.തോമസ് കോൺഗ്രസിൽനിന്ന് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ.വി.തോമസ് കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. തോമസിനെ ഞങ്ങൾക്കു വേണ്ട. തോമസ് പാർട്ടിയിൽനിന്ന് പോയിക്കഴിഞ്ഞു. ഈ ചതിയും വഞ്ചനയും ജനം തിരിച്ചറിയും. എഐസിസി ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരൻ പറഞ്ഞു.
‘കെ.വി.തോമസ് പിണറായി മഹത്വം പറഞ്ഞത് തറവാടിത്തമില്ലായ്മയാണ്. തോമസ് സിപിഎമ്മുമായി കച്ചവടം നടത്തി നിൽക്കുകയാണ്. അപ്പോൾ ഇല്ലാത്ത മഹത്വവും വിധേയത്വവും വരും. തോമസിന്റേത് നട്ടെല്ലില്ലായ്മയും വ്യക്തിത്വമില്ലായ്മയുമാണ്. മുക്കുവക്കുടിലിൽനിന്ന് വന്നെന്ന് പറഞ്ഞയാളുടെ ആസ്തി നോക്കണം. ഇനിയൊന്നും കിട്ടാൻ ഇല്ലെന്ന് കണ്ടാണ് പിണറായി കൺകണ്ട ദൈവമായത്.’–സുധാകരൻ പറഞ്ഞു.
കൊള്ളാത്ത കൈകളിലാണു സ്ഥാനമാനങ്ങൾ നൽകിയതെന്ന ഖേദമുണ്ട്. തോമസിനെ തിരുത തോമയെന്ന് വിളിച്ചത് വി.എസ്.അച്യുതാനന്ദനാണ്, കോൺഗ്രസുകാർ വിളിച്ചിട്ടില്ല. നാട്ടുകാർ വിളിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. അതേസമയം, തന്നെ കോൺഗ്രസിൽനിന്ന് പുറത്താക്കാനാകില്ലെന്ന് കെ.വി.തോമസ് പ്രതികരിച്ചു. വ്യക്തിപരമായ തീരുമാനത്തിന് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും തോമസ് പറഞ്ഞു.
English Summary: K Sudhakaran Slams K.V Thomas