ADVERTISEMENT

കണ്ണൂർ ∙ രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നെങ്കിൽ കേന്ദ്ര–സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് സിപിഎം സംഘടിപ്പിച്ച സെമിനാർപോലുള്ള പരിപാടികളിൽ കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.വി.തോമസ്. പരിപാടിയിൽ രാഷ്ട്രീയം കാണുന്നില്ല. തന്റെ വരവ് കുമ്പളങ്ങിയിലെ കോൺഗ്രസ് കുടുംബത്തിൽ നിന്നാണ്. സിപിഎം സെമിനാറിൽ പങ്കെടുക്കുന്നത് അഭിമാനവും സന്തോഷത്തോടെയുമാണെന്ന് തോമസ് പറഞ്ഞു.

എകെജിയുടെ പ്രസംഗം കേൾക്കാനായി നെഹ്റു പാർലമെന്റിലേക്കു ഓടിയെത്തുമായിരുന്നെന്നു രാഷ്ട്രീയ നേതാക്കളുടെ പരസ്പര സൗഹൃദം ഓർമിപ്പിച്ചു കൊണ്ട് തോമസ് പറഞ്ഞു. എകെജിയുടെ പാർലമെന്റിലെ ഭാഷ സാധാരണക്കാരുടെ ഭാഷയായാണ് നെഹ്റു കണ്ടിരുന്നത്. നെടുമ്പാശേരി വിമാനത്താവളം തുടങ്ങുമ്പോൾ എതിർപ്പുണ്ടായിരുന്നു. കെ.കരുണാകരനാണ് പദ്ധതി പകുതിയിലധികം പൂർത്തിയാക്കിയത്. പദ്ധതി പൂർണമായത് നായനാർ സർക്കാരിന്റെ കാലത്താണ്. അദ്ദേഹം കരുണാകരനെ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിനു വിളിച്ചു.

kodiyeri-party
ഇടതു സ്വീകരണം... സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ‘കേന്ദ്ര സംസ്ഥാന ബന്ധം’ എന്ന വിഷയത്തിൽ കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ എത്തിയ കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ പൊന്നാട അണിയിക്കാനായി നീങ്ങുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ സമീപം. ചിത്രം:ധനേഷ് അശോകൻ∙മനോരമ

അതുപോലെ ഒരുമിച്ചു ചേർന്നാണ് വികസനം നടപ്പിലാക്കേണ്ടത്. സിൽവർലൈനിൽ പ്രശ്നം ഉണ്ടെങ്കിൽ പരിഹരിക്കണം. അല്ലാതെ പിണറായി വിജയന്‍ പദ്ധതി കൊണ്ടുവരുന്നതിനാൽ മാത്രം എതിർക്കുന്നതിനെ അംഗീകരിക്കാനാകില്ല. വികസന കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഒന്നിച്ചു പോകാന്‍ കഴിയണം. ഒന്നിച്ചു നിൽക്കാതെ കേന്ദ്രത്തിൽനിന്ന് ഒന്നും ലഭിക്കില്ല. അപകടകരമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോൺഗ്രസും മറ്റു പ്രസ്ഥാനങ്ങളും കൈകോർത്തില്ലെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടമാകും. 

ഏഴു പ്രാവശ്യം രാജ്യത്തു നോട്ട് റദ്ദാക്കിയിട്ടുണ്ടെങ്കിലും അർധരാത്രിയിൽ നരേന്ദ്ര മോദിയെപ്പോലെ ആരും റദ്ദാക്കിയിട്ടില്ല. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഈ വിഷയം കേന്ദ്രം സംസാരിച്ചില്ല. നോട്ട് നിരോധനം കൊണ്ട് ഒരു ഗുണവും ലഭിച്ചില്ലെന്നും തോമസ് പറഞ്ഞു.

പിണറായി വിജയൻ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ്. ഗെയിൽ പൈപ്പ് ലൈൻ യാഥാർഥ്യമായത് പിണറായിയുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണ്. പിണറായിയെ എതിർക്കാൻ വേണ്ടി സിൽവർലൈനിനെ തടയരുത്. ഗുണപരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നിലകൊള്ളണം. നാടിന്റെ വികസനത്തെ എതിർക്കുന്നവർ ഒറ്റപ്പെടും. ഇത്തരക്കാരെ ജനങ്ങൾ തള്ളിക്കളയും.

kv-pinarayi
ചിത്രം: ധനേഷ് അശോകൻ∙മനോരമ

വികസനത്തിനായി ഒറ്റക്കെട്ടായി നിൽക്കുന്നതിന് എന്താണ് തെറ്റ്? കോവിഡിനെ മാതൃകാപരമായി കേരളം നേരിട്ടു. ഈ സർക്കാർ കേരളത്തെ നിക്ഷേപ സൗഹൃദമാക്കി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനാണ് ബിജെപി ശ്രമിക്കുന്നത്. ഗവർണർ രാഷ്ട്രീയം കളിക്കുന്നത് അoഗീകരിക്കാനാവില്ലെന്നും കെ.വി.തോമസ് പറഞ്ഞു.

pinarayi-kv-seminar
മുഖ്യമന്ത്രി പിണറായി വിജയനും കെ.വി.തോമസും പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിൽ. ചിത്രം∙ ഇ.വി. ശ്രീകുമാർ

English Summary: K.V Thomas speak in CPM party congress seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com