തിരിച്ചടിക്ക് സാധ്യത; സിൽവർലൈനിൽ വ്യക്തത വേണം: സിപിഎം തമിഴ്നാട് ഘടകം
Mail This Article
കണ്ണൂർ ∙ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്നു സിപിഎം പാർട്ടി കോൺഗ്രസില്‍ ആവശ്യം. തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധിയാണ് ചർച്ചയിൽ ആവശ്യം ഉന്നയിച്ചത്. സിൽവർലൈന്‍ പദ്ധതിയിൽ വ്യക്തത വരുത്തണമെന്നും പദ്ധതിയെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും തമിഴ്നാട് പ്രതിനിധി ആവശ്യപ്പെട്ടു. പദ്ധതി ബാധിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കണം. ജനങ്ങളെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും പ്രതിനിധി വ്യക്തമാക്കി.
നേരത്തേ ബംഗാൾ ഘടകവും പദ്ധതിയെക്കുറിച്ചുള്ള ആശങ്ക കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. ബംഗാളിൽ സിംഗൂരിലും നന്ദിഗ്രാമിലും ഉണ്ടായ അനുഭവം ഓർക്കണമെന്നായിരുന്നു മുന്നറിയിപ്പ്. ബംഗാളിൽ വൻകിട വ്യവസായ ഗ്രൂപ്പുകൾക്ക് ഭൂമി കൈമാറുന്ന പദ്ധതി വിവാദമാകുകയും സിപിഎമ്മിന് ഭരണം നഷ്ടമാകുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ശക്തി കേന്ദ്രങ്ങളിലെല്ലാം തിരിച്ചടി നേരിട്ടു. അതിൽനിന്ന് ഇതുവരെ കരകയറാനായിട്ടില്ല. പാർട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തിൽ ഭൂമി വിഷയത്തിൽ പ്രതിസന്ധിയുണ്ടാകരുതെന്നും ബംഗാൾ ഘടകം നേതൃത്വത്തോട് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ചർച്ചയിൽ സിൽവർലൈൻ അടിസ്ഥാന സൗകര്യവികസനത്തിന് ആവശ്യമാണെന്നാണ് മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടിയത്. നിക്ഷേപങ്ങളുണ്ടാകുമ്പോൾ വികസനത്തോടൊപ്പം തൊഴിലവസരങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിൽവർലൈന്‍ നടപ്പിലാക്കാൻ പരമാവധി ശ്രമിക്കുമെന്നാണ് പാർട്ടി കോൺഗ്രസ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഭൂമി ഏറ്റെടുക്കുമ്പോൾ അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രവും–സംസ്ഥാന ഘടകവും തമ്മിൽ സിൽവർലൈൻ വിഷയത്തിൽ ഭിന്നതയില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും, പരിസ്ഥിതി പഠനത്തിനുശേഷം നിലപാട് പറയാമെന്നാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാട്.
English Summary: State lacks clarity on SilverLine: Tamil Nadu CPM Representative