ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കും: എ.വിജയരാഘവന്‍
Mail This Article
കണ്ണൂർ∙ ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയിലേക്കു തിരഞ്ഞെടുക്കപ്പെട്ട എ.വിജയരാഘവന്‍. ബിജെപിക്കെതിരായ ജനകീയ മുന്നേറ്റത്തിന്റെ നേതൃസ്ഥാനത്തു നിൽക്കേണ്ട തൊഴിലാളിവർഗ പാർട്ടി എന്ന നിലയിൽ, സിപിഎമ്മിന്റെ പ്രവർത്തകരാകെ ഒന്നിച്ചുനിൽക്കുകയെന്ന പാർട്ടി കോൺഗ്രസ് തീരുമാനം പ്രാവർത്തികമാക്കാൻ പരിശ്രമിക്കും.
ദേശീയതലത്തിൽ സിപിഎമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയു നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും ശക്തമായി വളർന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളിൽ വലിയ വിജയമുണ്ടായിട്ടില്ലെങ്കിലും സമരങ്ങളിലെ വലിയ മുന്നേറ്റങ്ങളുടെ കാലമാണ് ഇത്. അവ വിപുലപ്പെടുത്തി, രാഷ്ട്രീയമായി കൂടി ബിജെപിയെ പരാജയപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
എല്‍ഡിഎഫിന് പുതിയ കണ്‍വീനര്‍ വരുമോ എന്ന ചോദ്യത്തോട് അതൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഡൽഹി കേന്ദ്രീകരിച്ച് വർഷങ്ങളോളം പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് പൊളിറ്റ് ബ്യൂറോയിലേക്ക് എ.വിജയരാഘവൻ എത്തുന്നത്. 2018 ജൂണിലാണ് എൽഡിഎഫ് കൺവീനറായത്. 2020ൽ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയപ്പോൾ ഒരേ സമയം സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായി. സിപിഎമ്മിന്റെ സമുന്നതരായ നേതാക്കൾക്കുപോലും ലഭിക്കാത്ത ഇരട്ട പദവിയാണ് എ.വിജയരാഘവനു ലഭിച്ചത്.
English Summary: A Vijayaraghavan's Reaction after elected to CPM PB