ADVERTISEMENT

കണ്ണൂർ∙ 23–ാം പാർട്ടി കോണ്‍ഗ്രസ് സമാപിക്കുമ്പോള്‍ സിപിഎമ്മിനും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കും മുന്നിലുള്ളത് വലിയ വെല്ലുവിളികൾ. 2004ൽ 43 അംഗങ്ങളുണ്ടായിരുന്ന പാർട്ടിക്ക് ഇപ്പോൾ പാർലമെന്റിലുള്ളത് മൂന്ന് അംഗങ്ങൾ. ത്രിപുരയിലും ബംഗാളിലും പാർട്ടി അംഗങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു. പല സംസ്ഥാനങ്ങളിലും സംഘടനാശേഷി ദുർബലമായി. ഇത്രയേറെ വെല്ലുവിളികൾ മുന്നിൽ നിൽക്കെ വേണം പാർട്ടിക്കും ജനറൽ സെക്രട്ടറിക്കും എല്ലാം തുടങ്ങാൻ.

രാജ്യത്ത് ഇടതുപക്ഷ മുന്നണി ശക്തിപ്പെടുത്തിയും സ്വയം ശക്തിപ്പെട്ടും മതേതര ജനാധിപത്യ പാർട്ടികളുടെ ഐക്യമുണ്ടാക്കിയും ബിജെപിയെ പരാജയപ്പെടുത്തുമെന്ന ആഹ്വാനത്തോടെയാണ് പാർട്ടി കോൺഗ്രസ് അവസാനിച്ചത്. രാജ്യത്ത് പാർട്ടിയുടെ സംഘടനാ ശക്തി ക്ഷയിച്ചു കൊണ്ടിരിക്കേ ഇതെങ്ങനെ സാധ്യമാകുമെന്ന ചോദ്യമാണ് ഉയരുന്നത്. കർഷക സമരത്തിന്റെ വിജയവും കേരള സർക്കാരിന്റെ രണ്ടാമൂഴവുമാണ് പ്രതീക്ഷയായി ഉയർത്തിക്കാട്ടുന്നത്. അതെല്ലാം വോട്ടായി മാറണമെങ്കിൽ വഴികളേറെ പിന്നിടണം.

കേരളത്തിൽ മാത്രമാണ് പാർട്ടി അംഗസംഖ്യയിൽ വർധന. മിക്ക സംസ്ഥാനങ്ങളിലും പ്രാതിനിധ്യം വളരെ കുറഞ്ഞു. ഒരിക്കൽ ശക്തി കേന്ദ്രങ്ങളായിരുന്ന ത്രിപുരയിലും ബംഗാളിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻപോലും പലയിടങ്ങളിലുമാകുന്നില്ല. ഇരു സംസ്ഥാനങ്ങളിലും പാർട്ടിക്കു നിയമസഭയിൽ അംഗങ്ങളുമില്ല. പാര്‍ട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തണമെന്നാണ് കഴിഞ്ഞ മൂന്ന് പാർട്ടി കോൺഗ്രസുകളിലും ഉയർന്നു കേട്ടതെങ്കിൽ, അതിനു കഴിഞ്ഞിട്ടില്ലെന്ന തുറന്നു പറച്ചിലിനാണ് ഈ പാർട്ടി കോൺഗ്രസ് സാക്ഷിയായത്. പാർട്ടി സെന്ററിനും പിബിക്കും പ്രവർത്തനത്തിൽ വീഴ്ചയുണ്ടായതായും രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ വിമർശനം ഉണ്ടായി.

cpm-party-congress-13
കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിന് സമാപനം കുറിച്ച് ജവഹർ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിനു എത്തിയവർ. ചിത്രം: ഇ.വി.ശ്രീകുമാർ ∙മനോരമ

സംഘടനാ ദൗർബല്യങ്ങള്‍ പരിഹരിച്ച്, ജനശക്തി വർധിപ്പിച്ച് തിരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുകയാണ് നേതൃത്വത്തിനു മുന്നിലെ പ്രധാന കടമ്പ. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിയെ എല്ലാ തരത്തിലും സജ്ജമാക്കണം. ത്രിപുരയിലും ബംഗാളിലും നില മെച്ചപ്പെടുത്താനുള്ള കളമൊരുക്കണം. കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന നിലപാടാണ് പാർട്ടി കോൺഗ്രസിന്റെത്. കോൺഗ്രസിനെ ഒഴിവാക്കി എങ്ങനെ മറ്റു പാർട്ടികളുമായി ഐക്യനിര ഉണ്ടാക്കുമെന്നത് യച്ചൂരിക്കുമുന്നിലെ ദൗത്യമാണ്.

പ്രാദേശിക പാർട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിലും ജനറൽ സെക്രട്ടറിയുടെയും പാർട്ടി സെന്ററിന്റേയും നേതൃമികവ് വിലയിരുത്തപ്പെടും. ബംഗാളായിരുന്നു മുൻപ് പ്രതീക്ഷയെങ്കിൽ ഇപ്പോളത് കേരളമായി. കേരള മോഡൽ ദേശീയ തലത്തിൽ ഉയർത്തി കാട്ടുമെന്നാണ് പ്രഖ്യാപനം. കേരള സാഹചര്യത്തിലെ വികസന മാതൃകകൾ മറ്റു സംസ്ഥാനങ്ങളിൽ എങ്ങനെ സ്വീകരിക്കപ്പെടുമെന്നതും ചോദ്യമായി അവശേഷിക്കുന്നു. 

English Summary: Challenges Before Sitaram Yechury and CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com