ADVERTISEMENT

കണ്ണൂർ ∙ സിപിഎം പൊളിറ്റ്ബ്യൂറോയിൽ ദലിത് പ്രാതിനിധിയായി ബംഗാളിൽനിന്നുള്ള രാമചന്ദ്ര ദോം എത്തുമെന്ന് സൂചന. ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരി തുടരും. പിബിയിലെ അംഗങ്ങളുടെ എണ്ണം 17 ആയി തുടർന്നേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ എണ്ണവും വനിതാ പ്രാതിനിധ്യവും കൂടും.

1989 മുതൽ എംപിയായ രാമചന്ദ്ര ദോം ഏഴു പ്രാവശ്യം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്സഭയിൽ സിപിഎമ്മിന്റെ ചീഫ് വിപ്പായിരുന്നു. ഹന്നൻമൊള്ളയും എസ്.രാമചന്ദ്രൻ പിള്ളയും ബിമൻ ബോസും പ്രായപരിധിയുടെ പേരിൽ പിബിയിൽനിന്ന് ഒഴിയും. യൂസുഫ് തരിഗാമി പൊളിറ്റ് ബ്യൂറോയിലെത്തിയേക്കാം.

പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കേരളത്തിന്റെ പ്രാതിനിധ്യം വർധിക്കും. എസ്.രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവരാണ് കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ. പിണറായിയും കോടിയേരിയും ബേബിയും തുടരും. പിണറായിക്കു പ്രായപരിധിയിൽ ഇളവു നൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. എസ്.രാമചന്ദ്രൻപിള്ള ഒഴിവാകുമ്പോൾ എ.വിജയരാഘവൻ പൊളിറ്റ്ബ്യൂറോയിൽ എത്താനാണ് സാധ്യത. എ.കെ.ബാലനും സാധ്യതയുണ്ട്.

CPM Party Congress Kannur
സിപിഎം പാർട്ടി കോൺഗ്രസിന്റെ സമാപന ദിവസം കണ്ണൂർ ബർണ്ണശ്ശേരി ഇ.കെ.നായനാർ അക്കാദമിയുടെ മുൻപിലെത്തിയ പ്രവർത്തകർ. ചിത്രം: ഹരിലാൽ • മനോരമ

കേന്ദ്ര കമ്മിറ്റിയിലും കൂടുതൽ പുതുമുഖങ്ങളുണ്ടാകും. മന്ത്രിമാരായ കെ.എൻ.ബാലഗോപാലും പി.രാജീവും കേന്ദ്ര കമ്മിറ്റിയിലെത്തും. ടി.എൻ.സീമ, സി.എസ്.സുജാത, ജെ. മെഴ്സിക്കുട്ടിയമ്മ, മുഹമ്മദ് റിയാസ്, പി.കൃഷ്ണപ്രസാദ്, പി.ശ്രീരാമകൃഷ്ണൻ, എം.സ്വരാജ് എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.

പ്രത്യേക ക്ഷണിതാക്കളായ വി.എസ്.അച്യുതാനന്ദനും പാലൊളി മുഹമ്മദ് കുട്ടിയും ഉൾപ്പെടെ 18 കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് കേരളത്തിൽ നിന്നുള്ളത്. വിഎസിനെ ക്ഷണിതാവായി നിലനിർത്തിയേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരൻ, വൈക്കം വിശ്വൻ എന്നിവർ ഒഴിവാകും. എം.സി.ജോസഫൈനും മാറിയേക്കാം.

English Summary: Dalit participation ensured in CPM Politburo; CPM Party Congress Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com