വൈപ്പിന്‍കരയില്‍നിന്നു കേന്ദ്രകമ്മിറ്റി വരെ; നിലപാടിൽ വിട്ടുവീഴ്ചയില്ലാത്ത പെൺപോരിമ
Mail This Article
കൊച്ചി∙ നിലപാടുകള്‍ക്ക് കാരിരുമ്പിന്റെ കരുത്തുള്ള നേതാവായിരുന്നു എം.സി. ജോസഫൈന്. വിമര്‍ശനങ്ങളെ ഭയക്കാതെ നിലപാടുകളില്‍ ഉറച്ചുനിന്ന വ്യക്തിത്വം. നിലപാടുകളിലെ ആ സ്ഥൈര്യം തന്നെയാണ് വൈപ്പിന്‍കരയില്‍നിന്നു സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി വരെ ജോസഫൈനെ എത്തിച്ചത്.
വിമര്‍ശനങ്ങളില്‍ പതറാത്ത നിലപാടിന്റെ കരുത്തുള്ള സഖാവിനെയാണ് എം.സി.ജോസഫൈന് വിടപറയുമ്പോള്‍ ഇടതുപ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുന്നത്. ആണ്‍പോരിമയുടെ രാഷ്ട്രീയലോകത്തില്‍ തന്റേടം കൊണ്ട് തന്റേതായൊരിടം കണ്ടെത്തിയ നേതാവ്. വൈപ്പിന്‍കരയുടെ പോരാട്ടവീര്യമായിരുന്നു എം.സി.ജോസഫൈന്റെ രാഷ്ട്രീയം. തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ ജോസഫൈന് മടിച്ചിട്ടില്ല.
നിലപാടുകളിലെ സ്ഥൈര്യം, ഇടമുറിയാതെ വാക്കുകള്‍ ഒഴുകിയെത്തുന്ന പ്രസംഗ ശൈലി. എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള പഠനം. ഒരു കമ്യൂണിസ്റ്റ് നേതാവിന് വേണ്ട ഗുണഗണങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്നു അവര്‍ക്ക്. ജോസഫൈന് ജീവിതം തന്നെ പാര്‍ട്ടിയായിരുന്നെന്ന് ആ മരണവും അടിവരയിടുന്നു. ഒരു കാലത്ത് വി.എസ്. അച്യുതാനന്ദന്റെ മുന്നണിപ്പോരാളിയായിരുന്നു ജോസഫൈന്. പക്ഷേ അപ്പോഴും പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങള്‍ക്കപ്പുറം പോയിട്ടില്ല ജോസഫൈന്റെ നിലപാടുകള്‍. കാരണം പാര്‍ട്ടിയോളം വലുതല്ല ജോസഫൈന് മറ്റൊന്നും.
1948ല്‍ വൈപ്പിന്‍ മുരുക്കുംപാടത്താണ് ജോസഫൈന്റെ ജനനം. മാതാപിതാക്കള്‍ മാപ്പിളശേരി ചവരയും മഗ്ദലനയും. മുരുക്കുംപാടം സെന്റ് മേരീസ് സ്കൂള്‍, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്കൂള്‍, ആലുവ സെന്റ് സേവിയേഴ്സ്, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വിദ്യാര്‍ഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് ജോസഫൈന് ചെങ്കൊടിയേന്തുന്നത്. മുപ്പതാം വയസ്സില്‍ പാര്‍ട്ടി അംഗം. ഒമ്പതു വര്‍ഷത്തിനുശേഷം മുപ്പത്തിയൊമ്പതാം വയസ്സില്‍ ജോസഫൈന് സംസ്ഥാന കമ്മിറ്റിയിലെത്തി. 2002ല്‍ കേന്ദ്ര കമ്മിറ്റിയിലുമെത്തി.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ നേതൃനിരയിലേക്കും ജോസഫൈന് വളര്‍ന്നു. 2006ല്‍ മട്ടാഞ്ചേരിയിലും 2011ല്‍ കൊച്ചിയിൽനിന്നും നിയമസഭയിലേക്കു മത്സരിച്ചെങ്കിലും വലതുകോട്ടകളില്‍ വിജയം അന്യമായി. 2007ല്‍ ജിസിഡിഎ ചെയര്‍പേഴ്സണായി. 2016ല്‍ വനിതാ കമ്മിഷന് അധ്യക്ഷയും. വിവാഹത്തിലൂടെ കര്‍മഭൂമിയായി മാറിയ അങ്കമാലിയുടെ നഗരസഭാ കൗണ്‍സിലറുമായിരുന്നു ഒന്നര പതിറ്റാണ്ടോളം ജോസഫൈന്. വിമര്‍ശനങ്ങളില്‍ തലകുനിക്കാത്ത, കാരിരുമ്പിന്റെ കരുത്തുള്ള, നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവിനെയാണ് ഈ സമ്മേളന കാലത്ത് സിപിഎമ്മിനു നഷ്ടമായത്.
English Summary: MC Josephine: A Big Loss for CPM During Party Congress