ചെങ്കൊടിയുടെ കടിഞ്ഞാൺ മൂന്നാമൂഴത്തിലും സീതാറാം യച്ചൂരിക്ക്; ‘പ്രതാപം വീണ്ടെടുക്കും’
Mail This Article
കണ്ണൂർ ∙ സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരിക്ക് മൂന്നാമൂഴം. കണ്ണൂരിലെ പാർട്ടി കോൺഗ്രസിലാണു യച്ചൂരിയെ വീണ്ടും തിരഞ്ഞെടുത്തത്. ബിജെപിയെ ചെറുക്കാൻ ദേശീയ തലത്തിൽ ഇടതുപക്ഷത്തെ ശക്തമാക്കാനും മതേതര പാർട്ടികളുടെ സഖ്യം രൂപീകരിക്കാനും പാർട്ടി ലക്ഷ്യമിടുമ്പോൾ യച്ചൂരിയുടെ പേരിനായിരുന്നു നേതൃസ്ഥാനത്തേക്കുള്ള പ്രഥമ പരിഗണന. പാർട്ടി ദേശീയ തലത്തിൽ ദുർബലപ്പെടുമ്പോൾ, പഴയ പ്രതാപത്തിലേക്കു പാർട്ടിയെ കൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യമാണ് യച്ചൂരിയുടെ മുന്നിലുള്ളത്.
വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്‌റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യച്ചൂരിയായത്, സുന്ദര രാമ റെഡ്‌ഡിയിൽനിന്നു പി.സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയെ മാതൃകയാക്കിയാണ്. ആന്ധ്ര റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനിൽ എൻജിനീയറായിരുന്ന അച്‌ഛന്റെ സ്‌ഥലംമാറ്റങ്ങൾക്കൊപ്പം യച്ചൂരിയുടെ സ്‌കൂളുകളും മാറി. പഠനത്തിൽ മിടുക്കനായിരുന്ന യച്ചൂരി, പതിനൊന്നാം ക്ലാസിലെ ബോർഡ് പരീക്ഷയിൽ രാജ്യത്ത് ഒന്നാമനായി.
യച്ചൂരി ഹൈദരാബാദിലെ നൈസാം കോളജിൽ ഒന്നാം വർഷ പിയുസിക്ക് പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്, 1967–68ൽ. ഒരു വർഷത്തെ പഠനം പ്രക്ഷോഭത്തിൽ മുങ്ങി. പിന്നാലെ അച്‌ഛനു ഡൽഹിയിലേക്ക് സ്‌ഥലംമാറ്റം. ഡൽഹി സെന്റ് സ്‌റ്റീഫൻസ് കോളജിൽ സാമ്പത്തികശാസ്‌ത്ര ബിരുദത്തിനും നല്ല മാർക്ക് ലഭിച്ചു. സ്‌റ്റീഫൻസിൽനിന്ന് ബിഎ ഇക്കണോമിക്‌സിൽ ഒന്നാം ക്ലാസുമായാണ് യച്ചൂരി ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലേക്കു പോകുന്നത്. അമർത്യ സെന്നിന്റെയും കെ.എൻ.രാജിന്റെയുമൊക്കെ കേന്ദ്രത്തിലേക്ക്.
അവിടുത്തെ പഠനം മടുത്തപ്പോഴാണ് ജെഎൻയുവിൽ അപേക്ഷിക്കുന്നത്. ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയായിരിക്കുമ്പോഴാണ് രാഷ്‌ട്രീയത്തിൽ യച്ചൂരി സജീവമാകുന്നത്. പ്രകാശ് കാരാട്ടിനായി വോട്ടുപിടിക്കാനായിരുന്നു യച്ചൂരിയുടെ ആദ്യ രാഷ്‌ട്രീയ പ്രസംഗം. കാരാട്ടിനെ ജെഎൻയു സർവകലാശാലാ യൂണിയൻ അധ്യക്ഷനായി ജയിപ്പിച്ചശേഷമാണു യച്ചൂരി എസ്‌എഫ്‌ഐയിൽ ചേർന്നത്. എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റാവുന്നത് 1984ൽ. മൂന്നു തവണ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അടിയന്തരാവസ്‌ഥക്കാലത്ത് ജയിലിലും കഴിഞ്ഞു.
പിന്നീട് 1988ൽ തിരുവനന്തപുരത്തെ പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി (സിസി). യച്ചൂരിക്ക് ഒപ്പം അന്ന് എസ്.രാമചന്ദ്രൻപിള്ളയും അനിൽ ബിശ്വാസും സിസിയിലെത്തി. 1992ൽ കാരാട്ടിനും എസ്.രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം പൊളിറ്റ്‌ബ്യൂറോയിൽ (പിബി) യച്ചൂരി അംഗമാകുമ്പോൾ വയസ്സ് 38. പിബിയിലെ ഏറ്റവും കുറഞ്ഞ പ്രായം. ഭാഷാപ്രാവീണ്യവും പ്രസന്നമായ മുഖവും പാർട്ടിയിൽ യച്ചൂരിയുടെ പ്രത്യേകതയാണ്. 2004ൽ ഒന്നാം യുപിഎ സർക്കാരിന്റെ രൂപീകരണത്തിലും സുർജിത്തിനൊപ്പം പ്രധാന പങ്കുവഹിച്ചു. യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിക്കു രൂപംനൽകിയ സമിതിയിലെ സിപിഎം പ്രതിനിധിയായിരുന്നു. ആണവകരാർ വിഷയത്തിൽ സർക്കാരും ഇടതുപക്ഷപാർട്ടികളും തമ്മിൽ രൂപീകരിച്ച ഏകോപനസമിതിയിൽ പ്രകാശ് കാരാട്ടിനൊപ്പം യച്ചൂരിയും അംഗമായി.
English Summary: Sitaram Yechury re-elected, 3rd term, in CPM General Secretary post