കെ.വി.തോമസ് വഞ്ചകനെന്ന് സുധാകരൻ; ഭയങ്കര കോൺഗ്രസ് വികാരമെന്ന് പരിഹാസം
Mail This Article
കൊച്ചി∙ കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ.വി.തോമസെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കിട്ടിയ അധികാരം അദ്ദേഹത്തിന് ഷെയര്‍ കിട്ടിയതാകാമെന്ന് പരിഹാസം. അജൻഡ തനിക്കുവേണ്ടിയാണോ, മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ എന്നറിഞ്ഞാല്‍ മതി. അദ്ദേഹത്തിനെതിരെയുള്ള സൈബര്‍ ആക്രമണം നേതൃത്വം അറിഞ്ഞല്ല. അങ്ങനെ തെളിയിച്ചാല്‍ തോമസ് മാഷിനു മുന്നില്‍ കുമ്പിട്ട് നില്‍ക്കുമെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസിൽ ഉത്തരവാദപ്പെട്ട പദവികൾ വഹിച്ച, പാർട്ടിയുടെ ഭാഗമായി നിന്ന കെ.വി.തോമസിന്റെ നടപടി പാർട്ടിയെ വഞ്ചിക്കുന്നതിനു തുല്യമാണ്. ഒരു രാഷ്ടീയ പാർട്ടിയുടെ സെമിനാറിൽ പങ്കെടുക്കുന്നതിനെയല്ല എതിർത്തത്. കോൺഗ്രസുകാരെ കൊന്നുതള്ളിയ പാർട്ടിയുടെ വേദിയിൽ പോയതിനാണ് എതിർപ്പ്. ഒരു വർഷമായി തോമസ് സിപിഎമ്മുമായി ധാരണയിലായിരുന്നു. തോമസിനെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസിനു പങ്കില്ല. മറിച്ചു തെളിയിച്ചാൽ തോമസിനു മുന്നിൽ കുമ്പിട്ടു നിൽക്കാം. ‘ഭയങ്കര കോൺഗ്രസ് വികാരമാണു’ തോമസിനെന്നും അദ്ദേഹം കളിയാക്കി.
സിപിഎം – ബിജെപി ധാരണ ശക്തമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തിവന്ന അന്വേഷണം നിലച്ചത് അതിന്റെ ഉദാഹരണമാണ്. സിപിഎം – ബിജെപി ബന്ധത്തിന്റെ ഇടനിലക്കാർ ആരെന്നു വൈകാതെ പുറത്തുവരും. കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം മുൻപുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഭീഷണിപ്പെടുത്തിയതായി കെ.വി. തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതുകൊണ്ടാണ് താൻ വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സുധാകരന്‍ കോണ്‍ഗ്രസുകാരനായത് ഇപ്പോഴാണ്. സെമിനാറിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും കെ.വി. തോമസ് പറഞ്ഞു.
English Summary: K Sudhakaran slams K.V Thomas