‘അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നത്; വിശ്വസിക്കാനാവാത്ത വിയോഗം’
Mail This Article
കണ്ണൂർ∙ മികച്ച സംഘടനാ പ്രവർത്തകയായിരുന്നു എം.സി. ജോസഫൈനെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ. സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയമായി ഉന്നത നിലവാരമുള്ളവരാക്കി മാറ്റാനും നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ജോസഫൈനെന്നും ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ അവർ കുറിച്ചു.
കുറിപ്പിൽനിന്ന്:
വിശ്വസിക്കാനാവാത്ത വിയോഗമാണ് സഖാവ് എം.സി. ജോസഫൈന്റേത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയോടെയാണു കടുത്ത ഹൃദയാഘാതത്തെ തുടർന്നു സഖാവിനെ ആശുപത്രിയിലേക്കു മാറ്റിയത്.
ഞങ്ങൾ അടുത്തടുത്ത സീറ്റുകളിലായിരുന്നു പ്രതിനിധികളായി ഇരുന്നത്. ഇന്നലെ ഉച്ചവരെയും വിവിധ കാര്യങ്ങളെ കുറിച്ചു ചർച്ച ചെയ്തുകൊണ്ടിരുന്ന സഖാവ് പെട്ടെന്ന് വിടവാങ്ങുമെന്നു പ്രതീക്ഷിക്കാനേ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്കു ഭക്ഷണത്തിനു പിരിഞ്ഞപ്പോഴാണു സഖാവിന് ക്ഷീണം അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതും. പിന്നീട് ഐസിയുവിലേക്കും മാറ്റേണ്ടി വന്നു. ഇന്നു സഖാവ് നമ്മളോട് വിടവാങ്ങുകയും ചെയ്തു. കാർക്കശ്യവും തന്റേടവുമുള്ള മികച്ച സംഘടനാ പ്രവർത്തകയായിരുന്നു അവർ. പുറമേ കാർക്കശ്യ സ്വഭാവമായി തോന്നുമെങ്കിലും സഖാക്കളോടും വേദനയനുഭവിക്കുന്ന ജനങ്ങളോടും വളരെയേറെ സ്നേഹവും ആർദ്രതയും കാണിക്കുന്ന സഖാവായിരുന്നു എം.സി. ജോസഫൈൻ.
സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയമായി ഉന്നത നിലവാരമുള്ളവരാക്കി മാറ്റാനും ആശയവൽക്കരിക്കുന്നതിനും നിർബന്ധം കാണിച്ച ഒരാളാണ് സഖാവ്. അഖിലേന്ത്യാ ജഹാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളായ എം.സി. ജോസഫൈൻ വ്യത്യസ്തങ്ങളായ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചിട്ടുണ്ട്.
സഖാവ് ജോസഫൈൻ സംസ്ഥാന പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന കാലത്ത് പരസ്പര ധാരണയോടെ ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എന്നതിനു പുറമെ വനിതാ കമ്മിഷൻ അധ്യക്ഷയായും വനിതാ വികസന കോർപറേഷൻ ചെയർമാനായും എറണാകുളം ജിസിഡിഎ ചെയർമാനായുമൊക്കെയായി സഖാവ് പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയമേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് സഖാവ് എം.സി. ജോസഫൈൻ.
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണു സഖാവ് ജോസഫൈൻ സ്വീകരിച്ചത്. സഖാവിന്റെ ഭർത്താവ് സഖാവ് മത്തായി കഴിഞ്ഞ വർഷം അന്തരിച്ചതിനുശേഷം വലിയ മാനസിക പ്രയാസമാണ് സഖാവ് അനുഭവിച്ചിരുന്നത്.
ശാരീരികമായ ചില അസ്വസ്ഥതകളും സഖാവിനെ പിൻതുടർന്നിരുന്നു. അപരിഹാര്യമായ നഷ്ടമാണ് സഖാവിന്റെ വേർപാട് മൂലം ഉണ്ടായത്. കുടുംബാംഗങ്ങളോടും സഖാക്കളോടും നാട്ടുകാരോടുമൊപ്പം ദുഃഖത്തിൽ പങ്ക് ചേരുന്നു.
English Summary: KK Shailaja on MC Josephine