ഉയിരും ഉടലും നാടിനു നൽകി ചെങ്കൊടി പുതച്ച് ജോസഫൈൻ മടങ്ങി
Mail This Article
കൊച്ചി∙ അവസാനം വരെ ഉയർത്തിപ്പിടിച്ച ചെങ്കൊടി പുതച്ച് സഹപ്രവർത്തകരുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി എം.സി.ജോസഫൈൻ ഓർമ്മയിലേക്ക്. ആഗ്രഹിച്ചത് പോലെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിന് കൈമാറി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും ജോസഫൈന്റെ മകൻ മനു മത്തായിയും ചേർന്നാണ് മൃതദേഹം കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കൈമാറിയത്.
സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് ജോസഫൈന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണി വരെ കണ്ണൂരിൽ എകെജി ആശുപത്രിയിൽ പൊതുദർശനത്തിനുവച്ച ശേഷം വിലപയാത്രയായാണ് ജോസഫൈന്റെ മൃതദേഹം അങ്കമാലിയിലേക്ക് കൊണ്ടുവന്നത്. ഇന്ന് രാവിലെ വരെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. രാവിലെ പാർട്ടി അങ്കമാലി ഏരിയാ കമ്മിറ്റി ഓഫിസിലും സിഎസ് എ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വച്ചു. ഉച്ചയോടെയാണ് കളമശേരി മെഡിക്കൽ കോളജിന് മൃതദേഹം കൈമാറിയത്. മെഡിക്കൽ കോളജ് അധികൃതർ അങ്കമാലിയിൽ വന്ന് മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു.
English Summary: MC Josephine funeral