വികസനത്തിന്റെ ചുമതല സർക്കാരിന്; സിൽവർലൈനെ തള്ളാതെ സീതാറാം യച്ചൂരി
Mail This Article
കണ്ണൂര്‍∙ സിൽവർലൈൻ വേഗറെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ എതിർക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാനത്തു വികസനം കൊണ്ടുവരേണ്ടതിന്റെ ചുമതല സംസ്ഥാന സർക്കാരിനുണ്ട്. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനിനു സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലാണു സിപിഎം എതിർപ്പ് പ്രകടിപ്പിക്കുന്നത്. സിൽവർലൈനുമായി അതു താരതമ്യം ചെയ്യാനാവില്ല.– യച്ചൂരി പറഞ്ഞു.
സിൽവർലൈനെക്കുറിച്ച് പഠനത്തിനു ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണു യച്ചൂരിയെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പദ്ധതി നടപ്പിലാക്കുമ്പോൾ ജാഗ്രത വേണമെന്ന് സിപിഎം ബംഗാൾ ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇടത് സർക്കാരിന് താൽപ്പര്യമുള്ള പദ്ധതി മാത്രമല്ല സിൽവർലൈൻ. കേരളത്തിന്റെ വികസനങ്ങൾക്ക് ആവശ്യമായ പദ്ധതി കൂടിയാണ്. കേരളാ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സിൽവർലൈൻ അതിനാവശ്യമായ പദ്ധതിയാണ്– യച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുംബൈ– അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥയിലാണ് എതിർപ്പുയർത്തിയത്. കെ റെയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥകൾ തീരുമാനിക്കുന്നതേയുള്ളൂവെന്നും യച്ചൂരി നിലപാടെടുത്തു.
English Summary: Sitaram Yechury support Silverline in press meet