യുപി ഉപരിസഭ തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി; മോദിയുടെ വാരാണസിയിൽ തോറ്റു
Mail This Article
ലക്നൗ∙ ഉത്തർപ്രദേശ് ഉപരിസഭയായ ലെജിസ്‌ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി. 100 സീറ്റുകളിൽ ഒഴിവു വന്ന 36 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 30 സീറ്റിലും ബിജെപി ജയിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ ബിജെപി തോറ്റു. 9 സീറ്റുകളിൽ എതിരില്ലാതെയാണ് ബിജെപി ജയിച്ചത്. ഇതോടെ ഉത്തർ പ്രദേശിലെ ഇരു സഭകളിലും ബിജെപിക്ക് ഭൂരിപക്ഷമായി.
വാരാണസിയിൽ പ്രാദേശിക നേതാവ് ബ്രിജേഷ് സിങ്ങിന്റെ ഭാര്യ അന്നപൂർണ സിങ് ആണ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. 2016ൽ ബ്രിജേഷ് സിങ് ഈ മണ്ഡലത്തിൽ എതിരില്ലാതെയാണ് വിജയിച്ചത്.
ഒറ്റ സ്ഥാനാർഥിയെപ്പോലും വിജയിപ്പിക്കാൻ സമാജ്‌വാദി പാർട്ടിക്ക് സാധിച്ചില്ല. ഡോ.കഫീൽ ഖാൻ സമാജ്‌വാദി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു. 2017ൽ ഗൊരഖ്പുർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച വിവാദ സംഭവത്തെത്തുടർന്നാണ് കഫീൽ ബിജെപിയുടെ എതിരാളിയായി മാറിയത്.
എംപി, എംഎൽഎ, കൗൺസിലർ, ഗ്രാമ മുഖ്യൻ തുടങ്ങിയവർക്കാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത്. ഇരു സഭകളിലും മികച്ച ഭൂരിപക്ഷം ലഭിച്ചത് യോഗി ആദിത്യനാഥിന് കൂടുതൽ കരുത്ത് പകരും.
English Summary: BJP Sweeps Elections To UP Legislative Council