നീരവ് മോദിയുടെ സഹായി സുഭാഷ് പിടിയിൽ; കയ്റോയിൽ നിന്നെത്തിച്ച് അറസ്റ്റ്
Mail This Article
മുംബൈ∙ 14,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയുടെ അടുത്ത സഹായി സുഭാഷ് പരാബിനെ (50) സിബിഐ അറസ്റ്റ് ചെയ്തു. ഈജിപ്ത് തലസ്ഥാനമായ കയ്റോയിൽ കഴിഞ്ഞിരുന്ന സുഭാഷിനെ ഇന്ത്യയിൽ തിരിച്ചെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്നു വ്യാജരേഖകൾ ഹാജരാക്കി കോടിക്കണക്കിനു രൂപ വായ്പയെടുത്തു മുങ്ങിയ നീരവ് മോദി 2019 മാർച്ച് മുതൽ ലണ്ടനിൽ ജയിലിലാണ്. ഈ കേസുമായി ബന്ധപ്പെട്ടാണ് സിബിഐ സുഭാഷിനേയും അറസ്റ്റ് ചെയ്തത്.
മോദിയുടെ സ്ഥാപനമായ ഫയർസ്റ്റാർ ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിൽ (എഫ്ഐപിഎൽ) ജീവനക്കാരനായിരുന്നു സുഭാഷ് പരാബ്. നീരവ് മോദിയുടെ സഹായികളായ രണ്ട് ഈജിപ്തുകാർ തന്നെ നിയമവിരുദ്ധമായി തടവിൽ വച്ചിരിക്കുകയാണെന്ന് സുഭാഷ് പരാബ് മുൻപ് ആരോപിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് നീരവ് മോദിക്കും സുഭാഷ് പരാബിനുമെതിരെ ഇന്റർപോൾ 2018 ജൂലൈയിൽ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. വ്യാജരേഖകൾ ഹാജരാക്കി തട്ടിയെടുത്ത തുകയിൽ 8,200 കോടിയിലധികം രൂപ ലഭിച്ചെന്നു പറയുന്ന ആറ് ഹോങ്കോങ് കമ്പനികളുടെ വരവു ചെലവുകൾ നോക്കിനടത്തിയിരുന്നത് സുഭാഷ് പരാബായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്.
English Summary: Nirav Modi associate Subhash Parab arrested in Cairo