ADVERTISEMENT

തിരുവനന്തപുരം∙ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് തിരുവനന്തപുരത്തെ ശ്യാമൾ കൊലക്കേസ്. കേസിൽ വിചാരണ നേരിടുന്ന രണ്ടാം പ്രതി മുഹമ്മദ് അലി കുറ്റക്കാരനാണെന്നാണ് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയത്. ഒന്നാം പ്രതി നേപ്പോൾ സ്വദേശി ദുർഗ്ഗ ബഹദുർ ഭട്ട് ചേത്രി എന്ന ഭീപക് ഇപ്പോഴും ഒളിവിലാണ്. 2005 ഒക്ടോബര്‍ 21നാണ് കോവളം ബൈപ്പാസ് റോഡിൽ വെള്ളാർ ജംക്‌ഷനു സമീപം ചാക്കിൽ കെട്ടിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. ഏഴു ദിവസം പഴക്കമുള്ള ജഡം ഒരു കുഴിയിലെ വെള്ളത്തിലാണ് കണ്ടെത്തിയത്. കയ്യിലെ അസ്ഥിക്കു പൊട്ടലുണ്ടെന്നും തലയ്ക്കു ക്ഷതമേറ്റതായും കണ്ടെത്തി. കഴുത്തിൽ പ്ലാസ്റ്റിക് ചരടിട്ട് മുറുക്കിയ പാടുണ്ടായിരുന്നു.

പൊലീസ് അന്വേഷണത്തിലാണ് എൻജിനീയറിങ് കോളജിൽനിന്ന് ഒന്നര ആഴ്ച മുൻപ് കാണാതായ ആൻഡമാൻ സ്വദേശി ശ്യാമൾ മണ്ഡലിന്റേതാണു (20) മൃതദേഹമെന്നു തിരിച്ചറിഞ്ഞത്. സംഭവം നടന്ന് 17 വർഷങ്ങൾക്കുശേഷം, പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി നാളെ വിധി പറയുമ്പോൾ തലസ്ഥാനം നടുങ്ങിയ ക്രൂരമായ കൊലപാതകത്തിലെ രണ്ടാം പ്രതിയാണ് ശിക്ഷിക്കപ്പെടാനൊരുങ്ങുന്നത്. ഒന്നാം പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയായ ശ്യാമളിനെ അട്ടകുളങ്ങരയിൽനിന്നാണ് കാണാതായത്. സുഹൃത്ത് ദിഗംബറിനൊപ്പം അട്ടക്കുളങ്ങരയിലെ തിയറ്ററിനു മുന്നിൽ നിൽക്കുമ്പോൾ ശ്യാമളിനെ കാണണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ഫോണിൽ ആരോ വിളിച്ചു. ദിഗംബർ മാറിയാലേ താൻ വരൂ എന്ന് വിളിച്ചയാൾ അറിയിച്ചതോടെ ദിഗംബർ റോഡ് മറികടന്ന് അപ്പുറത്തേക്കു പോയി. പിന്നീട് ശ്യാമളിനെ കാണാതായെന്നാണ് ദിഗംബർ പൊലീസിനോട് പറഞ്ഞത്. ഉടനെ ശ്യാമളിനെ വിളിച്ചപ്പോൾ ഏതോ വാഹനത്തിൽ പോകുന്ന ശബ്ദമാണ് കേട്ടത്. വീണ്ടും വിളിച്ചപ്പോൾ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് ഫോൺ എടുത്തത്. ശ്യാമൾ മദ്യപിച്ചു മയങ്ങിക്കിടക്കുന്നു എന്നാണ് അയാൾ പറഞ്ഞത്. പിന്നീട് വിളിച്ചപ്പോഴൊന്നും മറുപടി ലഭിച്ചില്ല. തുടർന്ന് ഫോർട്ട് പൊലീസിൽ പരാതി നൽകി.

shyamal-mandal-parents
ശ്യാമളിന്റെ അമ്മ സുമിത്രാ മണ്ഡലും അച്ഛൻ ബസുദേവ് മണ്ഡലും (ഫയൽ ചിത്രം)

ഇതിനിടെ മകനെ വിട്ടുകിട്ടണമെങ്കിൽ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ശ്യാമളിന്റെ പിതാവ് ബസുദേവ് മണ്ഡലിന് ചെന്നൈയിൽനിന്ന് ഫോൺ സന്ദേശം ലഭിച്ചു. ചെന്നൈ വിമാനത്താവളത്തിൽ തുക കൈമാറണമെന്നായിരുന്നു വ്യവസ്ഥ. ആന്‍ഡമാനിൽനിന്ന് ബസുദേവ് ചെന്നൈയിലെത്തി. തമിഴ്നാട് പൊലീസുമായി സഹകരിച്ചു നടത്തിയ അന്വേഷണത്തിൽ ഫോൺ വിളിച്ചത് അവിടുത്തെ ബൂത്തിൽനിന്നാണ് കണ്ടെത്തിയെങ്കിലും ആരെയും തിരിച്ചറിയാനായില്ല. ഇതിനിടെയാണ് കോവളത്ത് ശ്യാമളിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുടുംബം തിരിച്ചറിഞ്ഞതോടെ തലസ്ഥാനത്തു തന്നെ സംസ്കരിച്ചു.

ശ്യാമളിനോടോ പിതാവിനോടോ ഉള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ശ്യാമളിന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ആൻഡമാനിലും സംശയമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, അന്വേഷണം എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികളായ ആൻഡമാൻ സ്വദേശികളിലേക്കും നീണ്ടു. പഠനം കഴിഞ്ഞിട്ടും ചില വിദ്യാർഥികൾ കോളജിൽ നിത്യ സന്ദർശകരായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇവർ സംഘമായി എത്തുന്നതും ശ്യാമളുമായുള്ള സൗഹൃദവും അന്വേഷണ വിഷയമായി. കേരള പൊലീസ് അറിയിച്ചതനുസരിച്ച് ഈ കൂട്ടത്തിലുള്ള 4 പേരെ ആന്‍ഡമാൻ പൊലീസ് കസ്റ്റഡിയിലെടുത്തു.

syamal-mandal-mother
ശ്യാമളിന്റെ അമ്മയും സഹോദരിയും

സംഭവദിവസം ശ്യാമളിന്റെ ഫോണിലേക്കു വന്ന കോളുകളാണ് അന്വേഷണത്തിൽ നിർണായകമായത്. ശ്യാമളിനെ കാണാതായ ദിവസം ഫോർട്ട് സ്റ്റേഷന്റെ പരിസരത്തുനിന്ന് ഏഴു പ്രാവശ്യം അയാളുടെ മൊബൈലിലേക്കു കോളെത്തിയതായി പൊലീസ് കണ്ടെത്തി. ചുറ്റുവട്ടത്തുള്ള പല ബൂത്തുകളിൽനിന്നായിരുന്നു വിളിച്ചത്. വിളിച്ചവർ ചെറുപ്പക്കാരായിരുന്നെന്നും ഹിന്ദി സംസാരിച്ചിരുന്നെന്നും ബൂത്തിലുണ്ടായിരുന്നവർ പൊലീസിനു മൊഴി നൽകി. ചെന്നൈയിൽനിന്ന് ശ്യാമളിന്റെ അച്ഛനെ വിളിച്ച നമ്പരുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ശ്യാമളിന്റെ അച്ഛനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതും ചിലർ ഉപയോഗിച്ച മൊബൈൽ ഫോണുമാണ് അന്വേഷണത്തിനു തുമ്പുണ്ടാക്കിയത്. അതേ ഫോണിൽനിന്ന് പ്രതികൾ അവരുടെ വീട്ടിലേക്കും വിളിച്ചിരുന്നു. ശ്യാമളിനെ കൊലപ്പെടുത്തിയശേഷം പ്രതികൾ തട്ടിയെടുത്തു വിറ്റ മൊബൈൽ ഫോൺ ചെന്നൈയിൽ ബ്യൂട്ടീഷ്യനായ മാലയിൽനിന്ന്  കണ്ടെടുത്തു. 

മോചനദ്രവ്യം നിക്ഷേപിക്കാൻ പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളും പൊലീസ് കണ്ടെത്തി. ആൻഡമാൻ പൊലീസിന്റെ സഹായത്തോടെ ആൻഡമാൻ സ്വദേശി മുഹമ്മദ് അലിയെ (27) പൊലീസ് അറസ്റ്റു ചെയ്തു. നേപ്പാൾ സ്വദേശി ദുർഗം പ്രസാദ് ബഹാദൂറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ നേപ്പാളിലേക്കു കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. മുൻ വൈരാഗ്യവും പണത്തോടുള്ള ആർത്തിയുമാണ് കൊലയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറയുന്നു. മുഹമ്മദ് അലി ആന്‍ഡമാനിൽ ഹോട്ടൽ നടത്തിയിരുന്നു. ദുർഗം പ്രസാദ് ബഹാദൂറും അവിടെ ജീവനക്കാരനായിരുന്നു. മുഹമ്മദ് അലി ഹോട്ടൽ നടത്തുമ്പോൾ ശ്യാമളിന്റെ അച്ഛൻ ബസുദേവ് മണ്ഡൽ അവിടെ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. അധികാരം ഉപയോഗിച്ച് തന്നെ ബസുദേവ് ബുദ്ധിമുട്ടിച്ചിരുന്നതായി മുഹമ്മദ് അലി പൊലീസിനോട് പറഞ്ഞു. ഒടുവിൽ ബിസിനസ് പൊളിഞ്ഞ് ഹോട്ടൽ പൂട്ടി. സാമ്പത്തികമായി തകർന്ന മുഹമ്മദ് അലിക്ക് പണം ആവശ്യമുണ്ടായിരുന്നു. 

mohammed-ali
ശ്യാമൾ കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി മുഹമ്മദ് അലി.

ബസുദേവിനോടുള്ള പകകൊണ്ടാണ് ശ്യാമളിനെ തട്ടിക്കൊണ്ടുപോയത്. കൊലപാതകത്തിന്റെ ആസൂത്രണം മുഹമ്മദ് അലിയുടെ നേതൃത്വത്തിലായിരുന്നു. കുടുംബ സുഹൃത്തായതിനാൽ തന്നെ ഒരിക്കലും സംശയിക്കില്ലെന്ന ധൈര്യമാണ് കൊലപാതകത്തിന് മുഹമ്മദ് അലിയെ പ്രേരിപ്പിച്ചത്.  മുഹമ്മദ് അലി വിളിച്ചപ്പോൾ പോകാൻ ശ്യാമളിനും മടിയില്ലായിരുന്നു. ശ്യാമളിന് മുഹമ്മദ് അലിയെ അറിയാമെന്നതിനാൽ തട്ടിക്കൊണ്ടുപോകുന്ന അന്നു തന്നെ കൊല്ലാനായിരുന്നു തീരുമാനം. ഒളിപ്പിക്കുന്ന മൃതദേഹം കണ്ടെത്താന്‍‌ ദിവസങ്ങളെടുക്കുമെന്നും ഇതിനകം ശ്യാമളിന്റെ പിതാവിൽനിന്ന് ഭീഷണിപ്പെടുത്തി പണം ഈടാക്കാനുമായിരുന്നു പദ്ധതി. ശ്യാമളിനെ വിട്ടുകിട്ടാനായി പിതാവ് പണവുമായി വരുമ്പോൾ മുഹമ്മദലി മറഞ്ഞിരുന്നശേഷം മറ്റാരെയെങ്കിലും കൊണ്ട് തുക വാങ്ങി മുങ്ങാനായിരുന്നു ഉദ്ദേശ്യം. ഇതിനാണ് ശ്യാമളിനെ കൊലപ്പെടുത്തിയശേഷം കേരളത്തിൽനിന്ന് ചെന്നൈയിലെത്തി ശ്യാമളിന്റെ പിതാവിന് ഫോൺ ചെയ്തത്. 

അന്വേഷണത്തിൽ തൃപ്തിയില്ലെന്നു കാട്ടി പിതാവ് നൽകിയ പരാതിയിലാണ് 2008ൽ അന്വേഷണം സിബിഐക്കു കൈമാറിയത്. കേരള പൊലീസിന്റെ അന്വേഷണം സിബിഐയും ശരിവച്ചു. ഒന്നാം പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയെങ്കിലും കണ്ടെത്താനായില്ല. 2020 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണ കോവിഡ് കാരണം നീണ്ടു. സാഹചര്യ തെളിവുകളും മൊബൈൽ രേഖകളുമാണ് കേസിൽ നിർണായകമായത്.

English Summary: Shyamal Mandal murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com