ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിനെതിരായ കർഷക സമര കാലത്ത് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. ആശിഷിന്റെ ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി ഒരാഴ്ചയ്ക്കകം കീഴടങ്ങാനാണ് ഉത്തരവിട്ടിരിക്കുന്നത്. അലഹബാദ് ഹൈക്കോടതി നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു നിരീക്ഷിച്ച കോടതി ഇരകൾക്കു വാദിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടെന്നും വ്യക്തമാക്കി.

കോടതി നടപടികളിൽ ഇരകൾക്കു വാദിക്കാൻ അവകാശമുണ്ട്. കേസില്‍ ഇരകള്‍ക്ക് ഈ അവകാശം നിഷേധിക്കപ്പെട്ടു. അപ്രസക്തമായ പല കാര്യങ്ങളും അലഹബാദ് ഹൈക്കോടതി പരിഗണിച്ചു. ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസിൽ മറ്റൊരു ജഡ്ജി വാദം കേള്‍ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടപ്പോൾ അത്തരത്തിലൊരു ഉത്തരവു  പാസാക്കാൻ സാധിക്കില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി.

lakhimpur-kheri-protest
ലഖിംപൂർ ഖേരിയിൽ പ്രതിഷേധക്കാർ വാഹനം അഗ്നിക്കിരയാക്കിയപ്പോൾ (ഫയൽ ചിത്രം)

എന്നാൽ നേരത്തേ കേസിൽ വാദം കേട്ട ജ‍ഡ്ജി വീണ്ടും ഇതേ കേസിൽ വാദം കേൾക്കില്ലെന്ന കാര്യം ഉറപ്പാണെന്ന് സുപ്രീം കോടതി പ്രതികരിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി കീഴടങ്ങാൻ ആവശ്യപ്പെട്ടത്. മിശ്രയ്ക്കു ജാമ്യം നല്‍കിയാലും ഇല്ലെങ്കിലും ഇരകളുടെ കുടുംബങ്ങൾക്കു പറയാനുള്ളതു കേട്ടശേഷം മാത്രം മതിയെന്നും കോടതി പറഞ്ഞു.

2020 ഒക്ടോബർ മൂന്നിനായിരുന്നു നാലു കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും മൂന്നു ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ട ലഖിംപുർ ഖേരി സംഭവമുണ്ടായത്. ആശിഷ് മിശ്രയുടെ ഉടമസ്ഥതയിലുള്ള കാർ പ്രതിഷേധിക്കുകയായിരുന്ന കർഷകർക്ക് ഇടയിലേക്ക് ഇടിച്ചുകയറ്റിയെന്നാണു കേസ്. അപകടത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു. പിന്നാലെയുണ്ടായ സംഘർഷത്തിൽ രണ്ട് ബിജെപി പ്രവർത്തകരും വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു. 

കേശവ്പ്രസാദ് മൗര്യയെ തടയാൻ നിന്ന കർഷകർ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകവേ 3 വാഹനങ്ങൾ കർഷകരുടെ മേൽ ഓടിച്ചുകയറ്റുകയായിരുന്നു. ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി പ്രത്യേകാന്വേഷണ സംഘം കേസിൽ കുറ്റപത്രം നൽകി. കൊലപാതകം ആസൂത്രിമാണെന്ന് 5000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. അജയ് മിശ്രയുടെ ബന്ധുവായ വീരേന്ദർ ശുക്ലയെ തെളിവുകൾ നശിപ്പിച്ചതിനും പ്രതിയാക്കി. കേസിൽ 2022 ഫെബ്രുവരി പത്തിനാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത്.

supreme-court
സുപ്രീം കോടതി

കർഷകർക്കെതിരെ വാഹനം ഇടിച്ചുകയറ്റാന്‍ പ്രേരിപ്പിച്ചെന്ന ആരോപണം ആശിഷിനെതിരെ  ഉണ്ടെങ്കിലും, ഡ്രൈവറെയും രണ്ട് യാത്രക്കാരെയും കൊലപ്പെടുത്തിയത് സമരക്കാരാണെന്ന് ആരോപണം നിലനിൽക്കുന്നതായി അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ആയിരക്കണക്കിനു പ്രതിഷേധക്കാർ ഉണ്ടായിരുന്നതിനാൽ ഡ്രൈവർ സ്വന്തം ജീവൻ രക്ഷിക്കുന്നതിനായി വാഹനത്തിന്റെ വേഗത കൂട്ടിയതായിരിക്കാം. ഡ്രൈവറുടെയും സഹയാത്രക്കാരുടെയും കൊലപാതകത്തെക്കുറിച്ച് പരിശോധിച്ചിട്ടില്ലെന്നും കോടതി  പ്രതികരിച്ചിരുന്നു. തുടർന്നാണ് മരിച്ച കർഷകരുടെ ബന്ധുക്കൾ സുപ്രീം കോടതിയെ സമീപിച്ചത്. വെർച്വലായി നടന്ന വാദം കേൾക്കലിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടായെന്നും കേസ് അവതരിപ്പിക്കാൻ തങ്ങൾക്ക് അവസരം നൽകിയില്ലെന്നും ബന്ധുക്കൾ വാദിച്ചു.

സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ആശിഷിന്റെ ജാമ്യം റദ്ദാക്കണമെന്നും കർഷകരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മാർച്ചില്‍ ഒരു സാക്ഷി ആക്രമിക്കപ്പെട്ടു. യുപിയിൽ  ബിജെപി അധികാരത്തിലേറിയതിനു പിന്നാലെ ഭീഷണികൾ ഉയരുകയാണെന്നും  ബന്ധുക്കൾ പരാതി ഉന്നയിച്ചു. ആശിഷ് മിശ്രയ്ക്കെതിരായുള്ള ഗുരുതരമായ കുറ്റമാണെങ്കിലും അദ്ദേഹം ഒളിവിൽ പോകാൻ സാധ്യതയുള്ള ആളല്ലെന്നായിരുന്നു യുപി സർക്കാർ സുപ്രീം കോടതിയിൽ നിലപാടെടുത്തത്. കുറ്റകൃത്യം കരുതിക്കൂട്ടിയുള്ളതാണോയെന്ന കാര്യം വിചാരണ സമയത്താണ് പരിശോധിക്കേണ്ടതെന്നും സാക്ഷികൾക്ക് സുരക്ഷ ഏർപെടുത്തിയതിനാൽ ഭയക്കേണ്ടതില്ലെന്നും യുപി സർക്കാർ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. എന്നാൽ ആശിഷിന്റെ ജാമ്യം റദ്ദാക്കാൻ കോടതി  തീരുമാനിക്കുകയായിരുന്നു.

English Summary: Supreme Court Cancels Minister's Son's Bail, Says Surrender In A Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com