ADVERTISEMENT

ടോക്കിയോ ∙ റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിനു പിന്നാലെ പരമ്പരാഗത വൈരികളായ ചൈനയും ജപ്പാനുമായുള്ള ബന്ധവും വഷളാകുന്നതായി റിപ്പോർട്ട്. ചൈനയ്ക്കൊപ്പം റഷ്യയും ജപ്പാനെ ലക്ഷ്യം വയ്ക്കുന്നതായും ഇതേ ഭീഷണി തയ്‍വാനെതിരെയും ഉയരുന്നതായുമാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷത്തിനിടെ 1,004 തവണയാണ് വിദേശ വിമാനങ്ങൾ ജപ്പാന്റെ വ്യോമമേഖലയിൽ കടന്നു കയറാൻ ശ്രമിച്ചത്. ജപ്പാനുമായി തർക്കമുള്ള മേഖലകളിൽ ചൈന അവകാശവാദം ഉന്നയിക്കുന്ന സംഭവങ്ങളും വർധിച്ചു.

ജപ്പാൻ പ്രതിരോധമന്ത്രി നോബുഓ കിഷി വെളിപ്പെടുത്തുന്നതുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാൾ ഈ വര്‍ഷം മാർച്ച് വരെയുള്ള കാലയളവിൽ 279 തവണയിലേറെ വിദേശ വിമാനങ്ങളെ തടയാനായി ജപ്പാന്‍ എയര്‍ സെൽഫ് ഡിഫൻസ് ഫോഴ്സിന് പറന്നുയരേണ്ടി വന്നു. ഔദ്യോഗിക കണക്കുകൾ ലഭ്യമായി തുടങ്ങിയ 1958നു ശേഷം വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച 2016–ലാണ് ഇതുവരെ ഏറ്റവും കൂടുതൽ തവണ ഈ രീതിയിൽ ചൈനീസ് വിമാനങ്ങളെ ജപ്പാന് പ്രതിരോധിക്കേണ്ടി വന്നത്. – 1,168 തവണ.

ഒരു വർഷത്തിനിടയിൽ 722 തവണയാണ് ചൈനയുടെ വിമാ‌നങ്ങൾ ജപ്പാൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചത്. നിരീക്ഷണവും വിവരങ്ങൾ ചോർത്തലുമായിരുന്നു ഇതിലെ മിക്ക വിമാനങ്ങളുടെയും ലക്ഷ്യമെന്നും ജപ്പാൻ പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ‌ 260 തവണ കൂടുതലാണിത്. അതേ സമയം, വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച 266 റഷ്യൻ യുദ്ധവിമാനങ്ങളെയും ജപ്പാൻ ഈ കാലയളവിൽ തിരിച്ചയച്ചു.

ജപ്പാന് സമീപം തുടർച്ചയായ മൂന്നാം വര്‍ഷവും ചൈനയും റഷ്യയും സംയുക്ത വ്യോമാഭ്യാസം നടത്തിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാകുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടന്നു. യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരെ രൂക്ഷമായ നിലപാടാണ് ജപ്പാന്‍ സ്വീകരിച്ചത്. എട്ട് റഷ്യൻ ‌നയതന്ത്രജ്‍ഞരെ പുറത്താക്കുകയും അമേരിക്കയ്ക്കും മറ്റ് നാറ്റോ സഖ്യത്തിനുമൊപ്പം റഷ്യക്കെതിരെ എല്ലാവിധത്തിലുമുള്ള ഉപരോധവും ഏർ‌പ്പെടുത്തുന്നതിലും ജപ്പാൻ രംഗത്തുവന്നു. എന്നാൽ യുക്രെയ്‌നിൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമോ എന്ന സംശയം നിലനിൽക്കുന്നതും അടുത്തിടെ ജപ്പാൻ കടലിൽ റഷ്യ ക്രൂസ് മിസൈൽ പരീക്ഷിച്ചതും ആശങ്കയോടെയാണ് ജപ്പാൻ കാണുന്നത്.

1248-fumi-kishida
ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ (Photo by Rodrigo Reyes Marin / POOL / AFP)

നാറ്റോയിൽ അംഗമല്ലെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പൊതുവെ പാശ്ചാത്യരാജ്യങ്ങളുമായി അടുപ്പം പുലർത്തുന്ന സമീപനമാണ് ജപ്പാൻ സ്വീകരിച്ചു വരുന്നത്. സമുദ്രങ്ങളിലെ സുരക്ഷ, സൈബർ സുരക്ഷ, നിരായുധീകരണം തുടങ്ങിയ മേഖലകളിൽ സഹകരിക്കാനാണ് നാറ്റോ–ജപ്പാന്‍ തീരുമാനം. ജപ്പാന്റെ നിയന്ത്രണത്തിലുള്ളതും അതേസമയം, ചൈന അവകാശവാദം ഉന്നയിക്കുന്നതുമായ കിഴക്കൻ ചൈനാ കടലിലെ ദ്വീപിനു ചുറ്റും ചൈനീസ് നാവിക സേനയുടെ സാന്നിധ്യം കൂടിയിട്ടുണ്ടെന്നും ജപ്പാന്‍ ആരോപിക്കുന്നു.

1248-chiness-govt-plane
കിഴക്കൻ ചൈനാ കടലിലെ സങ്കേകു ദ്വീപിനു ചുറ്റും നിരീക്ഷണം നടത്തുന്ന ചൈനീസ് വിമാനം ഫെബ്രുവരി 2013 ൽ ജപ്പാൻ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ട ചിത്രം (Photo by DEFENSE MINISTRY / JIJI PRESS / AFP)

ഈ ദ്വീപിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ചൈന ഈ രീതിയിലുള്ള ബലപ്രയോഗം കാണിക്കാറുണ്ടായിരുന്നില്ല എന്നാണ് ജപ്പാന്റെ പക്ഷം. എന്നാൽ ദ്വീപിനു ചുറ്റും ചൈനീസ് കോസ്റ്റ് ഗാർഡിനറെ പട്രോളിങ് ചൈനയുടെ സ്വതന്ത്രാധികാരത്തിൽ വരുന്നതാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം സിഎന്‍എന്നിനോട് സൂചിപ്പിച്ചത്.

ജപ്പാനിലുള്ള ഇത്തരം ആശങ്കകൾ തയ്‍വാനിലുള്ളവർക്കുമുണ്ട്. തയ്‍വാന്‍ തീരത്തു നിന്ന് വെറും 110 കിലോ മീറ്റർ ദൂരം മാത്രമേയുള്ളു തർക്കത്തിലായ യോനഗുനി എന്ന ദ്വീപിലേക്ക്. അതുപോലെ തയ്‍വാന്റെ തെക്ക്പടിഞ്ഞാറൻ മേഖലയിലും ചൈനീസ് വിമാനങ്ങള്‍ അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നതും ആശങ്ക ഉയർത്തുന്നു.

English Summary: Remote island ramps up defenses as tensions rise between Japan and China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com