ജഹാംഗീർപുരിയിൽ കയ്യേറ്റം ഒഴിപ്പിക്കാൻ കോർപറേഷൻ; തടഞ്ഞ് സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത ജഹാംഗീർപുരിയിൽ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നീക്കവുമായി ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപറേഷൻ. എന്നാൽ നടപടികൾ നിർത്തിവയ്ക്കാനും തൽസ്ഥിതി തുടരാനും സുപ്രീംകോടതി ഉത്തരവിട്ടു. ഹർജി ബുധനാഴ്ച പരിഗണിക്കും. അതേസമയം, സുപ്രീംകോടതി വിധി വന്നതിനു ശേഷവും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നതായി പരാതിയുണ്ട്.
സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുക എന്ന ലക്ഷ്യവുമായി നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ രണ്ടു ദിവസത്തെ നടപടികൾക്ക് തുടക്കമിട്ടിരുന്നു. കയ്യേറ്റ വിരുദ്ധ നീക്കത്തിന് സുരക്ഷ ഉറപ്പാക്കാൻ 400 പൊലീസുകാരെ അയയ്ക്കാൻ കോർപറേഷൻ അധികൃതർ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾക്കു മുന്നോടിയായി സ്ഥലത്തെത്തിയ സ്പെഷൽ കമ്മിഷണർ ദീപേന്ദ്ര പഥക്കും മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ വിലയിരുത്തി. പിഡബ്ല്യുഡി, ആരോഗ്യ വകുപ്പ്, ശുചീകരണ വിഭാഗം എന്നിവരെ കോർത്തിണക്കിയുള്ള കയ്യേറ്റം ഒഴിപ്പിക്കൽ നടപടിക്കാണ് കോർപറേഷൻ പദ്ധതിയിട്ടത്. ജഹാംഗീർപുരിയിൽ കലാപകാരികളുടെ കയ്യേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത നോർത്ത് കോർപറേഷൻ മേയർക്ക് കത്ത് അയച്ചിരുന്നു. ഇതിന്റെ പകർപ്പ് മുനിസിപ്പൽ കമ്മിഷണർക്കും നൽകി.
ജഹാംഗീർപുരിയിലെ അക്രമത്തെച്ചൊല്ലി ഭരണകക്ഷിയായ ആംആദ്മി പാർട്ടിയും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടെയാണ്, ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ കയ്യേറ്റങ്ങൾക്കെതിരെ രംഗത്തെത്തിയത്. അക്രമവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള അൻസാറുമായുള്ള ബന്ധത്തിന്റെ പേരിൽ പരസ്പരം പഴിചാരുകയാണ് ബിജെപിയും എഎപിയും.
2020ൽ നടന്ന വടക്കു-കിഴക്കൻ ഡൽഹി കലാപത്തിനു ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് വീണ്ടും കലാപ സാഹചര്യമുണ്ടാവുന്നത്. ഡൽഹിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലും പൊലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Supreme Court halts demolition in Delhi's violence-hit Jahangirpuri, orders "status quo", hearing tomorrow